തുര്‍ക്കി: 20,000 പേര്‍ അറസ്റ്റില്‍; ഗുലേനെ വിട്ടുകിട്ടാന്‍ യു.എസിന് തെളിവ് നല്‍കുമെന്ന് പ്രധാനമന്ത്രി
അങ്കാറ: തുര്‍ക്കിയിലെ പട്ടാള അട്ടിമറിക്കു പിന്നില്‍ യു.എസിലുള്ള സൂഫി പണ്ഡിതന്‍ ഫത്ഹുല്ല ഗുലേനാണെന്നും ഇദ്ദേഹത്തെ വിട്ടുകിട്ടാന്‍ യു.എസിന് തെളിവ് നല്‍കുമെന്നും തുര്‍ക്കി പ്രധാനമന്ത്രി യില്‍ദ്രിം ബിനാലെ പറഞ്ഞു. പാര്‍ട്ടി ചടങ്ങില്‍ സംസാരിക്കുകയായിരുന്നു തുര്‍ക്കി പ്രധാനമന്ത്രി. ടാങ്കുകളുടെ ശക്തി ജനങ്ങളുടെ ശക്തിയെ മറികടക്കാന്‍ പര്യാപ്തമല്ലെന്ന് അദ്ദേഹം പറഞ്ഞു.
ഗുലേനെ വിട്ടുകിട്ടാന്‍ യു.എസിന് തെളിവ് നല്‍കുമെന്ന് പറഞ്ഞ അദ്ദേഹം തുര്‍ക്കി സര്‍ക്കാര്‍ തെളിവ് കൈമാറിയോ എന്ന് വ്യക്തമാക്കിയില്ല. നേരത്തെ ഗുലേനെ വിട്ടുകിട്ടണമെന്ന് തുര്‍ക്കി യു.എസിനോട് ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ തുര്‍ക്കി ഔദ്യോഗിക അപേക്ഷ നല്‍കിയിട്ടില്ലെന്ന് യു.എസ് അധികൃതര്‍ പ്രതികരിച്ചു. പട്ടാള അട്ടിമറിയില്‍ തനിക്കു പങ്കില്ലെന്ന് ഫത്തഹുല്ല ഗുലേന്‍ ആവര്‍ത്തിച്ചിട്ടുണ്ട്.
ഗുലേനുമായി ബന്ധമുണ്ടെന്ന് കരുതുന്ന 20,000 സര്‍ക്കാര്‍ ജീവനക്കാര്‍ പിടിയിലായതായി അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു. അറസ്റ്റിലായവരില്‍ 185 പേര്‍ അഡ്മിറല്‍മാരും കേണലുകളുമാണ്. 1,500 ധനകാര്യമന്ത്രാലയം ഉദ്യോഗസ്ഥരും അറസ്റ്റിലായി.
പ്രധാനമന്ത്രിയുടെ ഓഫിസില്‍ നിന്ന് 257 ഉദ്യോഗസ്ഥരെ നീക്കിയതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. തുര്‍ക്കി വിദ്യാഭ്യാസ മന്ത്രാലയവും 15,200 പേരെ അട്ടിമറിയുമായി ബന്ധപ്പെട്ട് സസ്‌പെന്‍ഡ് ചെയ്തു. യൂനിവേഴ്‌സിറ്റികളിലെ മേധാവിമാര്‍ ഉള്‍പ്പെടെ 1,577 പേരുടെ രാജിയും ഉന്നത വിദ്യാഭ്യാസ ബോര്‍ഡ് എഴുതിവാങ്ങി. കൊല്ലപ്പെട്ട സൈനികരുടെ ഖബറടക്ക ചടങ്ങില്‍ മതപരമായ ചടങ്ങുകള്‍ ചെയ്യുന്നതില്‍ നിന്ന് പണ്ഡിതരെ മതകാര്യമന്ത്രാലയം ഉത്തരവിലൂടെ തടഞ്ഞു. വിശ്രമത്തിനു സമയമില്ലെന്നും ഒരുസംഘം ആളുകളെ ശിക്ഷിക്കുമെന്നും പ്രധാനമന്ത്രി പാര്‍ട്ടിയോഗത്തില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."