ഫ്രാന്‍സിസ് വധം: പ്രതിക്ക് ഇരട്ട ജീവപര്യന്തം
കൊടുങ്ങല്ലൂര്‍: ഫ്രാന്‍സിസ് വധക്കേസിലെ പ്രതി എറിയാട് മാടവന സ്വദേശി അരിമ്പുള്ളി പ്രിയന് ഇരിങ്ങാക്കുട അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി ജി.ഗോപകുമാര്‍ ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചു.
2011 സെപ്തംബര്‍ 24ന് രാത്രി ലോകമലേശ്വരം കാട്ടാകുളം സ്വദേശി ഫ്രാന്‍സിസിനെ കുത്തിക്കൊലപ്പെടുത്തുകയും ഇയാളുടെ മകന്‍ നിഖിലിനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്ത കേസിലാണ് ശിക്ഷ. ഒരു ലക്ഷത്തി 35,000 രൂപ പ്രതി പിഴയടക്കുകയും വേണം.
നിഖിലിന്റെ കൂട്ടുകാരനും പ്രതിയും തമ്മിലുള്ള വഴക്കില്‍ ഇടപ്പെട്ടതിന്റെ വൈരാഗ്യമാണ് ആക്രമണത്തിനു കാരണം. നിഖിലിനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിക്കുന്നത് തടയാന്‍ ശ്രമിക്കുമ്പോഴാണ് ഫ്രാന്‍സിസിന് കുത്തേറ്റത്. ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയാണ് ഫ്രാന്‍സിസ് മരിച്ചത്. കൊടുങ്ങല്ലൂര്‍ പൊലിസ് ഇന്‍സ്‌പെക്ടറായിരുന്ന വി.എസ് നവാസാണ് കേസ് അന്വേഷിച്ചത്.
19 സാക്ഷികളെ വിസ്തരിക്കുകയും 19 രേഖകളും 10 തൊണ്ടിമുതലുകളും വിചാരണവേളയില്‍ പ്രോസിക്യൂഷന്‍ ഹാജരാക്കുകയും ചെയ്തു.
പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ ടി.സജിറാഫേല്‍, അഡ്വക്കെറ്റുമാരായ കെ.ജി അജയകുമാര്‍, കെ.എം ശ്രീകല, ലിജോ ജോണ്‍ എന്നിവര്‍ ഹാജരായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."