വെള്ളക്കെട്ട്: കൊച്ചി കോര്‍പറേഷന് വീണ്ടും ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം
കൊച്ചി: നഗരത്തിലെ വെള്ളക്കെട്ടുമായി ബന്ധപ്പെട്ട് കൊച്ചി കോര്‍പറേഷന് വീണ്ടും ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. കോര്‍പറേഷന്‍ സര്‍ക്കാരിന്റെ ഓപറേഷന്‍ ബ്രേക്ക് ത്രൂ പദ്ധതിയുമായി സഹകരിക്കുന്നില്ലെന്ന് കോടതി വാക്കാല്‍ പരാമര്‍ശിച്ചു. കോടതി ആവശ്യപ്പെട്ട രേഖകള്‍ നഗരസഭ നല്‍കുന്നില്ലെന്നും കോടതി കുറ്റപ്പെടുത്തി.
നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജികളില്‍ കലക്ടറുടെയും നഗരസഭാ സെക്രട്ടറിയുടെയും സൂപ്രണ്ടിങ് എന്‍ജിനിയറുടെയും റിപ്പോര്‍ട്ടുകള്‍ പരിശോധിച്ച ശേഷമാണ് കോടതിയുടെ വിമര്‍ശനം. മുന്‍പു കേസ് പരിഗണിച്ചപ്പോഴും ഇതേ വിമര്‍ശനമുന്നയിച്ചിരുന്നു.
അതിനിടെ, കോര്‍പറേഷന്‍ സെക്രട്ടറിക്കെതിരേ നഗരസഭാ കൗണ്‍സിലും കോടതിയില്‍ രംഗത്തുവന്നു. സെക്രട്ടറി കൗണ്‍സിലിനെ വിശ്വാസത്തിലെടുക്കുന്നില്ലെന്ന് കോര്‍പറേഷന്റെ അഭിഭാഷകന്‍ കോടതിയില്‍ വ്യക്തമാക്കി. ഇതുമൂലം കൃത്യമായ വിവരങ്ങള്‍ കോടതിയില്‍ എത്തിക്കാന്‍ കഴിയുന്നില്ലെന്നും അഭിഭാഷകന്‍ പറഞ്ഞു. ഇക്കാര്യങ്ങളിലെല്ലാം ഒരാഴ്ചയ്ക്കകം വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കോര്‍പറേഷന്‍ സെക്രട്ടറിയോട് കോടതി നിര്‍ദേശിച്ചു.
കൂടാതെ, തൃശൂര്‍ നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കാന്‍ ഹൈക്കോടതി നല്‍കിയ ഉത്തരവുകള്‍ പാലിക്കാതിരുന്ന സംസ്ഥാന സര്‍ക്കാരിനെയും കോടതി വിമര്‍ശിച്ചു. തൃശൂര്‍ നഗരവാസികളെ ബാധിക്കുന്ന അതീവ ഗൗരവമുള്ള വിഷയമാണ് ഇതെന്ന് ഹൈക്കോടതി പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ് നടപ്പാക്കാന്‍ വീണ്ടും രണ്ടാഴ്ച സാവകാശം ചോദിച്ച സര്‍ക്കാരിന്റെ അപേക്ഷ തള്ളിക്കൊണ്ട് ജസ്റ്റിസ് പി.ബി സുരേഷ് കുമാര്‍ അഡിഷണല്‍ ചീഫ് സെക്രട്ടറി ഡോ.ടി.കെ ജോസിന് നോട്ടിസ് അയക്കാന്‍ ഉത്തരവിട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."