കൊവിഡിനെതിരേ ഇന്ത്യയുടെ പോരാട്ടം ലോകത്തിനാകെ മാതൃക: രാഷ്ട്രപതി
ന്യൂഡല്‍ഹി: കൊവിഡ് മഹാമാരിയെ നേരിടുന്നതിനായി രാജ്യം പ്രകടിപ്പിച്ച ക്ഷമയും വിവേകവും ലോകമെമ്പാടും അഭിനന്ദിക്കപ്പെടുന്നുണ്ടെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. 74-ാം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു രാഷ്ട്രപതി.
ലോകം മുഴുവന്‍ മാരകമായ ഒരു വൈറസിനെതിരായ പോരാട്ടത്തിലാണ്. അത് എല്ലാ പ്രവര്‍ത്തനങ്ങളെയും തടസ്സപ്പെടുത്തുകയും വലിയ നഷ്ടങ്ങളുണ്ടാക്കുകയും മഹാമാരിക്കുമുമ്പ് നാം ജീവിച്ചിരുന്ന ലോകത്തെ മാറ്റിമറിക്കുകയും ചെയ്തു. കടുത്ത വെല്ലുവിളി കണക്കിലെടുത്ത് കേന്ദ്ര സര്‍ക്കാര്‍ കാര്യക്ഷമമായി, കൃത്യസമയത്തു തന്നെ പ്രതികരിച്ചു.
സംസ്ഥാന സര്‍ക്കാറുകളും അതാതിടങ്ങളിലെ സാഹചര്യങ്ങള്‍ക്കനുസൃതമായി നടപടികള്‍ സ്വീകരിച്ചു. ജനങ്ങളും പൂര്‍ണമനസ്സോടെ പിന്തുണയേകി.
നമ്മുടെ സമര്‍പ്പിത പരിശ്രമത്തിലൂടെ, മഹാമാരിയുടെ വ്യാപ്തി കുറയ്ക്കാനും ധാരാളം ജീവന് രക്ഷിക്കാനും നമുക്കു കഴിഞ്ഞു. ഇതു ലോകത്തിനാകെ മാതൃകയാക്കാവുന്നതാണ്.
വൈറസിനെതിരായ പോരാട്ടത്തില്‍ മുന്‍നിരയില്‍ അക്ഷീണം പ്രയത്നിക്കുന്ന ഡോക്ടര്‍മാര്‍, നഴ്സുമാര്‍, മറ്റ് ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരോട് രാജ്യം കടപ്പെട്ടിരിക്കുന്നു.
അതിര്‍ത്തികള്‍ പ്രതിരോധിക്കുന്നതിനായി നമ്മുടെ ധീര യോദ്ധാക്കള്‍ ജീവന് ത്യജിച്ചു. ഗാല്‍വന്‍ താഴ്വരയിലെ രക്തസാക്ഷികളെ രാജ്യമൊന്നാകെ അഭിവാദ്യം ചെയ്യുന്നു. അവരുടെ കുടുംബാംഗങ്ങളോട് ഓരോ ഇന്ത്യക്കാരനും കടപ്പാടുണ്ട്.
മനുഷ്യസമൂഹം നിര്‍മിച്ച കൃത്രിമമായ വേലിക്കെട്ടുകള്‍ക്കുള്ളില്‍ കൊറോണ വൈറസ് ഒതുങ്ങി നിന്നിട്ടില്ല. ഇത് വിരല്‍ചൂണ്ടുന്നത് മനുഷ്യനിര്‍മിതമായ വ്യത്യാസങ്ങള്‍, മുന്‍ധാരണകള്‍, തടസ്സങ്ങള്‍ എന്നിവയ്ക്ക് അപ്പുറം നാം വളരേണ്ടതുണ്ട് എന്ന വിശ്വാസത്തിലേക്കാണെന്നും രാഷ്ട്രപതി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."