മാധ്യമപ്രവര്‍ത്തകരെ അഭിഭാഷകര്‍ മര്‍ദിച്ചു
കൊച്ചി: സര്‍ക്കാര്‍ അഭിഭാഷകന് യുവതിയെ കടന്നുപിടിച്ചുവെന്ന കേസ് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് അഭിഭാഷകരുടെ മര്‍ദനം. സംഭവത്തെത്തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകര്‍ ആക്ടിങ് ചീഫ് ജസ്റ്റിസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണന്, ഹൈക്കോടതി രജിസ്ട്രാര്‍ ജനറല്‍ അശോക് മേനോന് എന്നിവര്‍ക്ക് പരാതി നല്കി.
ഇന്നലെ ഉച്ചയോടെയാണ് ഹൈക്കോടതിയില്‍ ഒരുകൂട്ടം അഭിഭാഷകര്‍ മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ തിരിഞ്ഞത്. യുവതിയെ കടന്നുപിടിച്ചെന്ന കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഗവ. പ്ലീഡര്‍ അഡ്വ. ധനേഷ് മാത്യു മാഞ്ഞൂരാന് നല്കിയ ഹരജി ജസ്റ്റിസ് സുനില്‍ തോമസ് പരിഗണിച്ചിരുന്നു. ഇതു റിപ്പോര്‍ട്ട് ചെയ്ത് പുറത്തിറങ്ങുമ്പോള്‍ ഡെക്കാണ് ക്രോണിക്കിളിലെ സീനിയര്‍ റിപ്പോര്‍ട്ട് രോഹിത് രാജിനെ അഭിഭാഷകര്‍ കൈയേറ്റം ചെയ്യുകയായിരുന്നു. പിന്നീട് ഇതേക്കുറിച്ച് പരാതി തയാറാക്കുന്നതിനിടെ ഹൈക്കോടതിയിലെ മീഡിയറൂമിന് പുറത്തെത്തിയ മറ്റൊരു സംഘം അഭിഭാഷകര്‍ വീണ്ടും പ്രശ്നങ്ങളുണ്ടാക്കാന്‍ ശ്രമിച്ചു. മാധ്യമപ്രവര്‍ത്തകരായ അഭിഭാഷകരടക്കമുള്ളവരെ ഇവര്‍ കൈയേറ്റം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."