HOME
DETAILS

അന്ധമായ അനുകരണം അന്തമില്ലായ്മ

  
backup
August 15 2020 | 03:08 AM

ullkaycha-2


എന്റെ ഭാര്യയല്ലാത്ത മറ്റൊരു പെണ്ണിന്റെ മടയില്‍ തല ചായ്ച്ച് കിടന്നുറങ്ങിയിരുന്ന കാലം.. ഹൊ! അതെത്ര മനോഹരമായ കാലം.. ആ കാലം ഒരിക്കല്‍ കൂടി തിരിച്ചുവന്നെങ്കിലെന്ന് അതിയായി കൊതിച്ചുപോവുകയാണു ഞാന്‍...!''
പ്രസംഗകന്‍ തന്റെ പ്രസംഗം ആരംഭിച്ചത് ഇങ്ങനെയായിരുന്നു.
അതു കേട്ടപ്പോള്‍ അര്‍ധശ്രദ്ധയിലായിരുന്ന സദസ്യര്‍ ഒന്ന് ഞെട്ടിയുണര്‍ന്നു. അതിശയത്തോടെ അവര്‍ മുഖത്തോടു മുഖം നോക്കി. ഏതോ പെണ്ണിന്റെ മടിയില്‍ പോയി കിടന്നുറങ്ങിയതും പോരാ, വൃത്തികെട്ട ആ കഥ മഹത്തായ ഈ സദസിനു മുന്നില്‍വന്ന് നിര്‍ലജ്ജം വിളിച്ചുപറയുകയും ചെയ്യുന്നു..! ഇയാളാണോ നമുക്കു ഉദ്‌ബോധനം നടത്താന്‍ വേണ്ടി വന്ന 'വിശുദ്ധന്‍..?'
സദസില്‍ മുറുമുറുപ്പുകള്‍ ഉയര്‍ന്നുതുടങ്ങി. അപ്പോഴേക്കും പ്രഭാഷകന്‍ അടുത്ത വാക്യത്തിലേക്കു കടന്നു: ''എന്റെ ഭാര്യയല്ലാത്ത ആ പെണ്ണ് നിങ്ങള്‍ കരുതിയ ആരുമല്ല. എന്റെ സ്വന്തം മാതാവാണ്..!''


നോക്കൂ, ക്ലൈമാക്‌സില്‍നിന്ന് ക്ലൈമാക്‌സിലേക്കു കൊണ്ടുപോകുന്ന വാക്കുകള്‍. അതു കേട്ടതോടെ ചിലരുടെ കണ്ണില്‍നിന്ന് നീര്‍തുള്ളികള്‍ വീണുപോയി.. സദസ് എന്തെന്നില്ലാത്ത ഒരവസ്ഥയിലായി പിന്നെ. മാതാവിന്റെ മഹത്വം പറയുന്ന ആ രണ്ടു മണിക്കൂര്‍ പ്രഭാഷണം എങ്ങനെ ഇത്ര വേഗം തീര്‍ന്നുപോയതെന്നായിരുന്നു ഒടുവില്‍ ഓരോരുത്തരുടെയും സംശയം.
ഒരു കാര്യം കേള്‍ക്കുമ്പോള്‍ അതിന്റെ തലയും വാലും മനസിലാക്കാതെ തങ്ങളുടെ വീക്ഷണങ്ങള്‍ക്കനുസരിച്ചുള്ള അര്‍ഥകല്‍പന നടത്തി നടപടിക്കൊരുങ്ങുന്നത് പക്വമതികള്‍ക്കു ചേരുന്ന സമീപനമല്ല. അവസാനം വരെ വായിക്കുകയോ കേള്‍ക്കുകയോ ചെയ്യുമ്പോഴാണ് ഏതൊരു കാര്യത്തെയും അതിന്റെ പൂര്‍ണാര്‍ഥത്തില്‍ മനസിലാക്കാന്‍ കഴിയുക. മാളത്തില്‍നിന്ന് ഒരു തല പുറത്തേക്കു നീളുമ്പോഴേക്കും അതു പാമ്പിന്റെതാണെന്നു പറഞ്ഞ് ഓടരുത്. അതൊരുപക്ഷെ, അരണയുടെതായിരിക്കും.
എന്നാല്‍ തമാശ ഇതല്ല. മേല്‍ പറഞ്ഞ സദസില്‍ യുവത്വം പിന്നിട്ട ഒരു വിരുതനുണ്ടായിരുന്നു. പ്രസംഗകന്റെ വാക്കുകള്‍ കേട്ടപ്പോള്‍ തന്റെ ഭാര്യയെ ഒന്നു ഞെട്ടിക്കണമെന്ന് അയാള്‍ തീരുമാനിച്ചു. അങ്ങനെ വീട്ടിലെത്തിയതും ഭാര്യയോട് ചോദിച്ചു: ''എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ കാലം ഏതെന്നറിയുമോ...?''
''ഇല്ല..'' ഭാര്യ നിഷ്‌കളങ്കമായി മറുപടി പറഞ്ഞു.
''അത് നീയല്ലാത്ത ഒരു പെണ്ണിന്റെ മടിയില്‍ സസന്തോഷം കിടന്നുറങ്ങിയ കാലമാണ്..!''
മറുപടി കേട്ടതും ഭാര്യ അബോധാവസ്ഥയില്‍ നിലത്തുവീണു. പിന്നെ അവള്‍ കണ്ണുതുറക്കുന്നത് ആശുപത്രി കിടക്കയില്‍വച്ചാണ്.
അനുകരണമാകാം. പക്ഷെ, അത് കണ്ണുള്ള അനുകരണമായിരിക്കണം. അന്ധമായ രീതിയിലായാല്‍ പ്രവചിക്കാനാകാത്ത അനര്‍ഥങ്ങള്‍ക്കു വഴിയാകും. സ്ഥലവും സമയവും സാഹചര്യവും പരിഗണിക്കാതെ പ്രസ്തുത കഥാപാത്രം ഈച്ചക്കോപ്പിക്കു നിന്നപ്പോള്‍ കഷ്ടപ്പെടേണ്ടി വന്നത് ആ സാധു പെണ്ണാണ്.
അന്ധമായ അനുകരണത്തില്‍ നമുക്കു നഷ്ടപ്പെട്ടുപോകുന്ന സ്വത്തുക്കളാണ് അഭിമാനകരമായ ഒരസ്തിത്വവും പക്വപൂര്‍ണമായ വളര്‍ച്ചയുമെല്ലാം. സമൂഹത്തില്‍ നമുക്ക് വ്യതിരിക്തതകളുണ്ടാകില്ല. നന്മയും തിന്മയും വിവേചിച്ചറിയാനുള്ള ശേഷിയും നമ്മില്‍ പ്രവര്‍ത്തിക്കാതെ വരും. ഏതൊന്നിന്റെയും പ്രയോജനം പുറത്തുവരണമെങ്കില്‍ അതിനെ പ്രവര്‍ത്തിപ്പിക്കണമല്ലോ. ബുദ്ധിക്കു കാര്യക്ഷമതയും വളര്‍ച്ചയും സാധ്യമാകണമെങ്കില്‍ അതിനും പണി കൊടുക്കണം. അന്ധമായ അനുകരണത്തില്‍ ബുദ്ധിക്ക് ജോലി നഷ്ടപ്പെടും. മറ്റൊരാളുടെ ബുദ്ധിയായിരിക്കും അവനെ ചലിപ്പിക്കുക. ആ ബുദ്ധി ശരിയായ ദിശയിലല്ലെങ്കില്‍ ഇവന്റെ ചലനവും ദിശതെറ്റിയ തീരിയിലായിരിക്കും. മുന്നില്‍നില്‍ക്കുന്ന എന്‍ജിനെ അന്ധമായി അനുകരിക്കുന്നവയാണ് പിന്നിലുള്ള ബോഗികള്‍. എന്‍ജിന്‍ പാളം തെറ്റി സഞ്ചരിച്ചാല്‍ പിന്നിലുള്ള ബോഗികളും പാളം വിട്ട് സഞ്ചരിക്കും. ഒടുവില്‍ നാശത്തിന്റെ ഗര്‍ത്തത്തില്‍ വീണു പതിയുകയും ചെയ്യും. നിര്‍ജീവമായ ബോഗികളെ പോലെ ബുദ്ധിയുള്ള മനുഷ്യനും ആയി മാറിയാല്‍ അവനെ കുറിച്ച് മനുഷ്യന്‍ എന്നു പറയുന്നതിലെന്തര്‍ഥം...?
കേടായ വാഹനത്തെ കയറുകെട്ടി മറ്റൊരു വാഹനം വലിച്ചുകൊണ്ടുപോകാറുണ്ട്. മുന്നിലുള്ള വാഹനത്തിന് ഡ്രൈവര്‍ വേണം. ഇന്ധനം വേണം. പ്രവര്‍ത്തനക്ഷമത വേണം. എന്നാല്‍ പിന്നിലെ വാഹനത്തിന് ഇതൊന്നും വേണ്ടാ. ഇന്ധനവും ഡ്രൈവറുമില്ലാതെ അതു സഞ്ചരിക്കും. എന്നാലും അതില്‍ ഡ്രൈവര്‍ വേണം. കാരണം, പിന്നിലെ വാഹനം അന്ധമായി അനുകരിക്കുകയാണു ചെയ്യുക. ആ അനുകരണം ഇറക്കമുള്ള സ്ഥലങ്ങളിലെത്തിയാല്‍ കൂട്ടിയിടിയില്‍ കലാശിക്കും. അതുകൊണ്ടാണ് അന്ധമായ അനുകരണം ഒഴിവാക്കി കണ്ണുള്ള അനുകരണത്തിന് കേടായ വാഹനത്തിലും ഡ്രൈവറെ വയ്ക്കുന്നത്.


ടാക്‌സിയോട്ടം നടത്തി ജീവിതം കഴിയുന്ന ഒരു സഹോദരന്‍. ഒരിക്കല്‍ ഓട്ടം കഴിഞ്ഞ് വീട്ടിലേക്കു തിരിക്കുകയാണ്. സമയം പാതിരയായിട്ടുണ്ട്. വൈദ്യുതി നിലച്ചതിനാല്‍ ഒരിടത്തും ഇത്തിരിവെട്ടം പോലുമില്ല. അപ്പോഴാണ് തന്റെ കാറിന്റെ ലൈറ്റും കേടായത്. ഞായറാഴ്ച ദിവസമാണ്. എവിടെയും വര്‍ക്ക് ഷോപ്പുകള്‍ തുറക്കില്ല. മാത്രമല്ല, പാതിരാ നേരവുമാണ്. ഇരുട്ടില്‍ കാറോടിക്കുക അപകടമാണ്. എന്തു ചെയ്യുമെന്നറിയാതെ വിഷമിച്ചിരിക്കുമ്പോഴാണ് തന്റെ വാഹനത്തെ മറികടന്ന് മറ്റൊരു കാര്‍ മുന്നോട്ടു പോയത്. അദ്ദേഹം വേഗം ആ വാഹനത്തിന്റെ വെളിച്ചത്തില്‍ കാറോടിച്ചു. നാലഞ്ചു കിലോമീറ്റര്‍ സഞ്ചരിക്കാന്‍ കഴിഞ്ഞു. പെട്ടന്നാണ് മുന്നിലുള്ള വാഹനം നിന്നത്. അപ്രതീക്ഷിതമായ ആ 'ചവിട്ടലില്‍' കഥാപുരുഷന്‍ ഞെട്ടിപ്പോയി. ഉടന്‍ ഇറങ്ങിവന്ന് അദ്ദേഹത്തോട് കയര്‍ത്തു സംസാരിച്ചു. നിര്‍ത്തുകയാണെങ്കില്‍ ചെറിയൊരു സിഗ്നല്‍ തന്നുകൂടേ എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. അപ്പോള്‍ കാറുകാരന്‍ പറഞ്ഞു: ''എന്റെ സ്വന്തം കാര്‍ എന്റെ സ്വന്തം വീടിന്റെ പോര്‍ച്ചില്‍ നിര്‍ത്തിയിടുന്നതിന് നിന്റെ സമ്മതപത്രം വേണമെന്നോ...?''
അന്ധമായ അനുകരണം സൃഷ്ടിക്കുന്ന ദൂഷ്യഫലങ്ങള്‍ വിവരണാതീതം. കണ്ണില്ലാത്ത അനുകരണത്തില്‍നിന്ന് കണ്ണുള്ള അനുകരണത്തിലേക്കു മാറുക തന്നെ വഴി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒഴിഞ്ഞു പോകാന്‍ നിര്‍ദ്ദേശം പിന്നാലെ തീവര്‍ഷം; ദക്ഷിണ ലബനാനില്‍ ആക്രമണം അഴിച്ചുവിട്ട് ഇസ്‌റാഈല്‍

International
  •  a month ago
No Image

ദീപാവലിനാളിൽ പുകമൂടി ഡൽഹി

National
  •  a month ago
No Image

മുനമ്പം വഖഫ് ഭൂമി വിഷയം സര്‍ക്കാര്‍ ഇടപെട്ട് പരിഹരിക്കണം- പി.കെ കുഞ്ഞാലിക്കുട്ടി

Kerala
  •  a month ago
No Image

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴക്ക് സാധ്യത

Weather
  •  a month ago
No Image

'ഇന്ത്യ ഒരു രാജ്യം ഒരു മതേതര സിവില്‍ കോഡ്' രീതിയിലേക്ക്' പ്രധാനമന്ത്രി

National
  •  a month ago
No Image

'തന്തക്ക് പറഞ്ഞാല്‍ അതിനപ്പുറത്തെ തന്തക്കാണ് പറയേണ്ടത്, അത് ഞാന്‍ പറയുന്നില്ല' സുരേഷ് ഗോപിക്ക് എം.വി ഗോവിന്ദന്റെ മറുപടി

Kerala
  •  a month ago
No Image

ഇന്ദിരാ ഗാന്ധി: ഇന്ത്യയുടെ ഉരുക്ക് വനിത 

National
  •  a month ago
No Image

'എന്റ കുഞ്ഞിന് മരുന്നിനായി ഞാന്‍ എവിടെ പോവും' യുഎന്‍ അഭയാര്‍ഥി ഏജന്‍സിയുടെ നിരോധനത്തില്‍ ആശങ്കയിലായി ഫലസ്തീന്‍ ജനത

International
  •  a month ago
No Image

കുതിച്ചുയര്‍ന്ന് പൊന്നിന്‍ വില; 20 ദിവസം കൊണ്ട് 3440 രൂപയുടെ വര്‍ധന

Business
  •  a month ago
No Image

ഭൂമി തര്‍ക്കത്തിനിടെ ഉത്തര്‍ പ്രദേശില്‍ കൗമാരക്കാരനെ തലയറുത്തുകൊന്നു

National
  •  a month ago