കേരള-കര്‍ണാടക അതിര്‍ത്തിയില്‍ ജര്‍മന്‍ വിനോദ സഞ്ചാരികളെ കൊള്ളയടിച്ചു
ഹൊസങ്കടി (കാസര്‍കോട്): കേരള-കര്‍ണാടക അതിര്‍ത്തിയിലെ വാമഞ്ചൂര്‍ ചെക്ക്‌പോസ്റ്റിനു സമീപം ജര്‍മന്‍ വിനോദ സഞ്ചാരികളെ അക്രമിച്ച് പണം കൊള്ളയടിച്ചു.
ഇന്നലെ പുലര്‍ച്ചെയാണ് സംഭവം. ടെന്റടിച്ച് വിശ്രമിക്കുകയായിരുന്ന വിനോദ സഞ്ചാരികളെയാണ് അക്രമിച്ചു പണം കവര്‍ന്നത്. അക്രമികളെ കണ്ടെത്താന്‍ കാസര്‍കോട് എ.എസ്.പി ഡി. ശില്‍പയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ ജില്ലാ പൊലിസ് മേധാവി അന്വേഷണത്തിനായി നിയോഗിച്ചു. അക്രമിസംഘത്തെ തിരിച്ചറിഞ്ഞതായി സൂചനയുണ്ട്.
ഡല്‍ഹിയില്‍നിന്ന് വാന്‍ വാടകയ്‌ക്കെടുത്ത് കേരളം കാണാനിറങ്ങിയ ജര്‍മന്‍ സ്വദേശികളായ മൂന്നുപേരാണ് അക്രമത്തിനിരയായത്. പുലര്‍ച്ചെ അഞ്ചിന് വാമഞ്ചൂര്‍ ചെക്ക്‌പോസ്റ്റ് പരിസരത്ത് എത്തിയ ഇവര്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നിടത്ത് ടെന്റടിച്ച് താമസിക്കുകയായിരുന്നു.
മൂന്നു ബൈക്കുകളിലെത്തിയ ആറംഗ സംഘമാണ് ടെന്റിനകത്തു കയറി ഇവരെ അക്രമിച്ചത്. ഇവരില്‍നിന്ന് 10,000 രൂപ കവരുകയും ചെയ്തു. സംഭവത്തില്‍ വിനോദ സഞ്ചാരികള്‍ക്ക് നിസാര പരുക്കേറ്റിട്ടുണ്ട്. ജര്‍മനി ആംബര്‍ഗ് സ്വദേശിയായ ആരോണ്‍ ഡൊമിനിക് ആല്‍ഗേയി നല്‍കിയ പരാതിയില്‍ മഞ്ചേശ്വരം പൊലിസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
അക്രമികളുടേതെന്ന് കരുതുന്ന രണ്ട് ആധാര്‍ കാര്‍ഡുകള്‍ സംഭവസ്ഥലത്തുനിന്ന് പൊലിസിന് ലഭിച്ചിട്ടുണ്ട്. അതിര്‍ത്തി ഗ്രാമമായ മൊര്‍ത്തണയിലെ സഹോദരങ്ങളുടെ ആധാര്‍ കാര്‍ഡാണ് ഇതെന്ന് പൊലിസ് അറിയിച്ചു.
കുമ്പള എസ്.ഐ ആര്‍.സി ബിജു, മഞ്ചേശ്വരം എസ്.ഐ സുഭാഷ് ചന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തില്‍ വിവിധ സ്ഥലങ്ങളില്‍ പ്രതികള്‍ക്കായി തിരച്ചില്‍ നടത്തി. പൊലിസ് ഡോഗ് സ്‌ക്വാഡിലെ റോണിയും സംഭവസ്ഥലം പരിശോധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."