വെണ്ണക്കോട് പള്ളി പൂട്ടിക്കാന്‍ കാന്തപുരം വിഭാഗത്തിന്റെ ശ്രമം
ഓമശ്ശേരി: വെണ്ണക്കോട് തടത്തുമ്മല്‍ മസ്ജിദുല്‍ ഫാറൂഖ് നിസ്‌കാരപ്പള്ളി പൂട്ടിക്കാന്‍ കാന്തപുരം വിഭാഗത്തിന്റെ ശ്രമം. കഴിഞ്ഞ ദിവസം ഉച്ചക്ക് രണ്ടോടെയായിരുന്നു സംഭവം. പള്ളി പൂട്ടിക്കാന്‍ മുന്‍പ് പല തവണ കാന്തപുരം വിഭാഗം ശ്രമം നടത്തിയതിനാല്‍ ജമാഅത്ത് കഴിഞ്ഞ ശേഷം പള്ളി അടച്ചിടാറായിരുന്നു പതിവ്. എന്നാല്‍ പള്ളിയില്‍ നിസ്‌കരിക്കാന്‍ കമ്മിറ്റി അനുവദിക്കുന്നില്ലെന്ന് കാണിച്ച് കാന്തപുരം വിഭാഗം കഴിഞ്ഞ ദിവസം കുന്ദമംഗലം പൊലിസില്‍ പരാതിപ്പെടുകയും പ്രശ്‌നമുണ്ടാകില്ലെന്ന എസ്.ഐയുടെ ഉറപ്പിനെ തുടര്‍ന്ന് കമ്മിറ്റി മുഴുവന്‍ സമയവും പള്ളി തുറന്നിടാന്‍ സമ്മതിച്ചു. ഇതേതുടര്‍ന്ന് ളുഹര്‍ നിസ്‌കാരം കഴിഞ്ഞ് വിശ്വാസികള്‍ പോയപ്പോള്‍ കാന്തപുരം വിഭാഗം സംഘടിച്ചെത്തി പള്ളിയുടെ അകത്ത് നിലയുറപ്പിക്കുകയും വാതിലുകളുടെ പൂട്ടും താക്കോലും അപഹരിക്കുകയുമായിരുന്നു. കുന്ദമംഗലം പൊലിസിനെ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലിസെത്തി പള്ളി സമസ്തയുടെ കീഴിലുള്ള കമ്മിറ്റിക്ക് വിട്ടുനല്‍കി.
സമസ്ത പ്രവര്‍ത്തകര്‍ സംയമനം പാലിച്ചതിനാലാണ് പ്രദേശത്ത് സംഘര്‍ഷം ഒഴിവായത്. അബ്ദുറഹ്മാന്‍ ഹാജി വഖ്ഫ് ചെയ്ത സ്ഥലത്ത് 1971-ലാണ് പള്ളി സ്ഥാപിച്ചത്. കാന്തപുരം വിഭാഗത്തിന്റെ നേതൃത്വത്തില്‍ നിരവധി തവണ പള്ളി കമ്മിറ്റിക്കെതിരേ കള്ളക്കേസുകള്‍ കൊടുക്കുകയും പിടിച്ചടക്കാനുള്ള ശ്രമം നടത്തുകയും ചെയ്തിട്ടുണ്ട്. വഖ്ഫ് ബോര്‍ഡ് എന്‍ക്വയറി റിപ്പോര്‍ട്ട്, ട്രൈബ്യൂണല്‍ കോര്‍ട്ട് സ്റ്റാറ്റസ് കോ മെമ്മോ, കുന്ദമംഗലം പൊലിസിന്റെ അന്വേഷണ റിപ്പോര്‍ട്ട് എന്നിവയെല്ലാം പള്ളിയുടെ നിലവിലെ കമ്മിറ്റിക്ക് അനുകൂലമായതിനാല്‍ കായികമായി പള്ളി പിടിച്ചെടുക്കാനാണ് കാന്തപുരം വിഭാഗത്തിന്റെ ശ്രമമെന്ന് സെക്രട്ടറി പറഞ്ഞു.
സമസ്തയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്ത ആധാരവും നികുതി കൃത്യമായി അടക്കുന്നതിന്റെ രേഖകളും ബില്‍ഡിങ് പെര്‍മിറ്റുമെല്ലാം നിലവിലെ കമ്മിറ്റിയുടെ കൈവശമാണെന്നും നീതിയെയും നിയമത്തെയും വെല്ലുവിളിച്ച് കാന്തപുരം വിഭാഗം പള്ളി കൈയേറാന്‍ ശ്രമിക്കുകയാണെന്നും സെക്രട്ടറി കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."