കുറ്റക്കാരനെന്ന് കണ്ടെത്തിയാല്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കും: പിള്ള
കോഴിക്കോട്: മതസ്പര്‍ധയോ കലാപമോ ഉണ്ടാക്കുന്ന തരത്തില്‍ താന്‍ പ്രസംഗിച്ചുവെന്ന് കോടതി കണ്ടെത്തിയാല്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരന്‍ പിള്ള.
മതസ്പര്‍ധയുണ്ടാക്കുന്ന തരത്തിലും കലാപമുണ്ടാക്കുന്ന തരത്തിലും പ്രസ്താവന നടത്തിയെന്നാരോപിച്ചാണ് തനിക്കെതിരേ കേസെടുത്തിരിക്കുന്നത്. കോടതിയില്‍ താന്‍ കുറ്റക്കാരനാണെന്ന് തെളിയിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പരാതി നല്‍കിയ സി.പി.എം നേതാവ് വി. ശിവന്‍കുട്ടി പൊതുജീവിതം അവസാനിപ്പിക്കാന്‍ തയാറാകുമോയെന്നും ശ്രീധരന്‍ പിള്ള ചോദിച്ചു. കാലിക്കറ്റ് പ്രസ് ക്ലബ് സംഘടിപ്പിച്ച 'ലോക്‌സഭ 2019' മീറ്റ് ദി ലീഡര്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാകിസ്താനിലെ തീവ്രവാദികളുടെ ഐഡന്റിറ്റി പരിശോധിക്കണമെന്ന തരത്തില്‍ താന്‍ നടത്തിയ പരാമര്‍ശം എങ്ങനെ ഇന്ത്യയിലെ മുസ്‌ലിംകളെക്കുറിച്ചാകും. സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ എത്രപേര്‍ കൊല്ലപ്പെട്ടുവെന്ന് കണക്ക് അറ്റാക്കിനുപോയ സൈന്യത്തിന് ആ സമയത്ത് എടുക്കാന്‍ കഴിയില്ല. ജീവന്‍ സംരക്ഷിച്ചുകൊണ്ട് തിരിച്ചുവരേണ്ട സമയത്ത് അത്തരം കണക്കെടുപ്പ് നടത്താനാവില്ല. ഇക്കാര്യം പറയാനാണ് താന്‍ കൊല്ലപ്പെട്ടവരുടെ ഐഡന്റിറ്റി തിരിച്ചറിയാന്‍ സാധാരണ നടത്താറുള്ള വസ്ത്രമഴിച്ചുള്ള പരിശോധനയെക്കുറിച്ച് പരാമര്‍ശം നടത്തിയത്. ഇത് പറഞ്ഞാല്‍ മതസ്പര്‍ധയുണ്ടാകുന്നതെങ്ങനെയെന്നും കേസിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."