തളിപ്പറമ്പില്‍ വ്യാപക മോഷണം
തളിപ്പറമ്പ്: നഗരത്തിലെ വിവിധയിടങ്ങളിലെ കടകളില്‍ കവര്‍ച്ച. തളിപ്പറമ്പ് മെയിന്‍ റോഡിലെ ഏഴ് കടകളിലും ഏഴാംമൈലിലെ സൂപ്പര്‍മാര്‍ക്കറ്റിലും മന്നയിലെ ഒരു കടയിലുമാണ് കവര്‍ച്ച നടന്നത്. മെയിന്‍ റോഡിലെ എട്ടു കടകളുടെയും പൂട്ടുകള്‍ പൊളിച്ചാണ് മോഷണം നടത്തിയത്.
ഏഴാംമൈലില്‍ ചോയ്‌സ് സൂപ്പര്‍മാര്‍ക്കറ്റിന്റെ പിന്‍ഭാഗത്തെ ചുമര്‍ തുരന്ന് അകത്തു കടന്ന മോഷ്ടാക്കള്‍ രണ്ടായിരം രൂപയുടെ ചില്ലറ നാണയങ്ങളും ആറായിരം രൂപയോളം വിലവരുന്ന സിഗരറ്റുകളും മോഷ്ടിച്ചു. കടയിലെ സാധനങ്ങള്‍ വാരിവലിച്ചിട്ട് നശിപ്പിച്ച നിലയിലാണ്. റിയല്‍ ബേക്കറിയില്‍ നിന്നും ആയിരം രൂപയുടെ ചില്ലറയും അങ്ങാടിമരുന്ന് കടയില്‍ നിന്ന് മൂവായിരം രൂപയുടെ ചില്ലറയും കടയിലുണ്ടായിരുന്ന സി.എച്ച് സെന്റര്‍, വയനാട് യത്തീംഖാന എന്നിവയുടെ ധര്‍മപ്പെട്ടികളും കൊണ്ടുപോയി. ഫുട്പാലസ് ചെരുപ്പുകടയുടെ പൂട്ട് പൊളിച്ചെങ്കിലും സെന്റര്‍ ലോക്ക് തകര്‍ക്കാന്‍ കഴിയാത്തതിനാല്‍ മോഷണം നടന്നില്ല. ടോപ്പ് ഇന്‍ ഫാഷന്‍ റെഡിമെയ്ഡ് ഷോപ്പ്, മാറ്റ് ഹൗസ്, കെ.പി ടെക്‌സ്റ്റൈല്‍സ് എന്നിവിടങ്ങളില്‍ ചില്ലറ നാണയങ്ങള്‍ മോഷ്ടിച്ചു.
മിഹ്‌രാജ് ജ്യൂസ് സെന്ററിന്റെ ഷട്ടര്‍ തുറന്ന് ജ്യൂസും മിനറല്‍വാട്ടറും കുടിച്ച് കുപ്പികള്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഇവിടെ നിന്ന് മോഷ്ടാവിന്റേതെന്നു കരുതുന്ന ചെരുപ്പ് പൊലിസ് കണ്ടെത്തി. ടൗണ്‍ മെഡിക്കല്‍സില്‍ നിന്ന് രണ്ടായിരം രൂപയോളം കവര്‍ന്നു. മന്നയിലെ അല്‍മാസ് ബേക്കറിയില്‍ നിന്നും രണ്ടായിരം രൂപയുടെ ചില്ലറ നാണയങ്ങള്‍ മോഷണം പോയി.
തളിപ്പറമ്പ് പ്രിന്‍സിപ്പല്‍ എസ്.ഐ പി രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘം കടകളിലെത്തി പരിശോധന നടത്തി അന്വേഷണം ആരംഭിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കളായ കെ.പി ഹസ്സന്‍ ഹാജി, കെ.എസ് റിയാസ് തുടങ്ങിയവര്‍ സ്ഥലത്തെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."