സര്‍ക്കാര്‍ പിന്നെയും അടിവാങ്ങുകയാണ്
ഡി.ജി.പി സെന്‍കുമാറിനെ പൊലിസ് മേധാവിയായി എത്രയും പെട്ടെന്ന് നിയമിക്കണമെന്ന് ദിവസങ്ങള്‍ക്കു മുന്‍പാണ് സുപ്രിംകോടതി വിധി നല്‍കിയത്. എന്നിട്ടും തീരാത്ത സംശയങ്ങളുമായി സംസ്ഥാന സര്‍ക്കാര്‍ ഉപദേശകരെ തേടുകയാണ്. നിയമ സെക്രട്ടറിയും സര്‍ക്കാറിനുവേണ്ടി സുപ്രിംകോടതിയില്‍ വാദിച്ച അഭിഭാഷകന്‍ സാല്‍വെയും മുഖ്യമന്ത്രിയുടെ പൊലിസ് ഉപദേശകനായി അടുത്തിടെ നിയമിതനായ രമണ്‍ശ്രീവാസ്തവയും സെന്‍കുമാറിനെ എത്രയും പെട്ടെന്ന് തിരിച്ചെടുക്കണമെന്ന് ഉപദേശം നല്‍കിയിട്ടും സര്‍ക്കാറിന് സംശയങ്ങള്‍ തീരുന്നില്ല. സര്‍ക്കാറിന്റെ അവസാനിക്കാത്ത സംശയങ്ങള്‍ക്കെതിരേ സെന്‍കുമാര്‍ വീണ്ടും സുപ്രിംകോടതിയെ സമീപിച്ചിരിക്കുകയാണ്. കോടതിയലക്ഷ്യ ഹര്‍ജിയുമായി. സുപ്രിംകോടതി വിധി നടപ്പാക്കാത്തതിന് ചീഫ് സെക്രട്ടറി നളിനിനെറ്റോയ്‌ക്കെതിരേ നടപടിയാവശ്യപ്പെട്ടാണ് ഹരജി. സര്‍ക്കാര്‍ റിവിഷന്‍ ഹരജി നല്‍കിയാലും പ്രയോജനമില്ലെന്ന് ബോധ്യമായിട്ടും വിധി നടപ്പിലാക്കുന്നത് വച്ചുതാമസിപ്പിക്കുന്നതിനെതിരേയുള്ള ഹരജി പരിഗണിക്കുകയാണെങ്കില്‍ ചീഫ് സെക്രട്ടറി ചുരുങ്ങിയത് ഒരു വര്‍ഷമെങ്കിലും വെറുംതടവിന് ജയിലില്‍ പോകേണ്ടി വരും.
കര്‍ണാടക നഗരവികസന സെക്രട്ടറിയായിരുന്ന ജെ വാസുദേവനെ 1995ല്‍ സുപ്രിംകോടതി വിധി നടപ്പാക്കാത്തതിനെ തുടര്‍ന്ന് ഒരു വര്‍ഷം വെറും തടവിന് ശിക്ഷിച്ചിരുന്നു. അന്നത്തെ മുഖ്യമന്ത്രി ദേവഗൗഡ രാഷ്ട്രപതിയോട് അഭ്യര്‍ഥിച്ചിട്ട് പോലും കോടതി ശിക്ഷയില്‍ ഇളവ് നല്‍കിയില്ല. നിയമവിരുദ്ധമായി തനിക്ക് നിഷേധിക്കപ്പെട്ട കാലാവധി നീട്ടണമെന്ന് ഇപ്പോഴത്തെ ഹര്‍ജിയില്‍ സെന്‍കുമാര്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. നേരത്തെ ഈ ആവശ്യം അദ്ദേഹം ഉന്നയിച്ചിരുന്നില്ല. ഇപ്പോഴത്തെ ആവശ്യം കോടതി അംഗീകരിക്കുകയാണെങ്കില്‍ ഇരട്ടപ്രഹരമായിരിക്കും സര്‍ക്കാര്‍ കോടതിയില്‍ നിന്ന് ഏറ്റുവാങ്ങേണ്ടി വരിക. സെന്‍കുമാറിനെ ആര്‍.എസ്.എസ് പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനു പകരം വിധി വന്ന ഉടനെ തന്നെ അത് നടപ്പിലാക്കിയിരുന്നുവെങ്കില്‍ നിരവധി പ്രശ്‌നങ്ങളില്‍ പെട്ട് ഉഴറുന്ന സര്‍ക്കാറിന് ഈ പ്രശ്‌നത്തില്‍ നിന്നെങ്കിലും മാന്യമായി ഒഴിഞ്ഞുനില്‍ക്കാമായിരുന്നു. ആ അവസരവും നഷ്ടപ്പെടുത്തിയിരിക്കുകയാണ് സര്‍ക്കാര്‍ ഇപ്പോള്‍. മഹിജയുടെ സമരമാകട്ടെ എം.എം മണിയുടെ വിവാദ പ്രസംഗമാവട്ടെ മൂന്നാറിലെ കൈയേറ്റമാവട്ടെ പെമ്പിളൈ സമരമാവട്ടെ കൈവച്ചിടത്തെല്ലാം സര്‍ക്കാര്‍ പരാജയപ്പെടുന്നത് ഉപദേശകസംഘത്തിന്റെ ബാഹുല്യം കൊണ്ടായിരിക്കുമോ എന്ന് തോന്നിപ്പോവുന്നു.
പൊതുസമൂഹത്തിന് കൂടി ബോധ്യമാവുന്ന നീതിയുക്തവും നിയമപരമവുമായ തീരുമാനമെടുക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുകൊണ്ടിരിക്കുകയാണ്. നേരും നെറിയുമില്ലാത്ത വ്യവഹാരിയായി സര്‍ക്കാറിനെ പൊതുസമൂഹം മുദ്രകുത്തുന്നതിന് സര്‍ക്കാര്‍ തന്നെ അവസരങ്ങളുണ്ടാക്കുകയാണ്. സുപ്രിംകോടതി വേനലവധിക്ക് പോകുന്നതു വരെ ഓരോരോ നിയമപ്രശ്‌നം ഉയര്‍ത്തി സെന്‍കുമാറിന്റെ നിയമനം നീട്ടിക്കൊണ്ടുപോകാമെന്നും ജൂലായില്‍ വീണ്ടും കോടതി ചേരുമ്പോഴേക്കും ജൂണില്‍ സെന്‍കുമാറിന്റെ കാലാവധി തീരുമെന്നും സര്‍ക്കാര്‍ ആകാശത്ത് കണക്കുകൂട്ടുന്നതിന് മുന്‍പ് സെന്‍കുമാറിന്റെ കൂടെ നിന്ന സുപ്രിംകോടതി അഭിഭാഷകന്‍ ഹാരിസ് ബീരാനടക്കമുള്ളവര്‍ അത് മരത്തില്‍ കണ്ട് കോടതിയലക്ഷ്യക്കേസ് ഫയല്‍ ചെയ്തിരിക്കുകയാണ്. സി.പി.എം അനുഭാവി എന്ന പേരുദോഷം നേരത്തെ സമ്പാദിച്ച സെന്‍കുമാറിനെ സി.പി.എം വളരെ പെട്ടെന്നാണ് ആര്‍.എസ്.എസുകാരനാക്കി ചിത്രീകരിക്കാന്‍ തുടങ്ങിയത്. നീതിപരമായി പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരെ രാഷ്ട്രീയ പാര്‍ട്ടികള്‍ ഭരണത്തിലെത്തുമ്പോള്‍ എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്നതിന്റെ മികച്ച ഉദാഹരണം സെന്‍കുമാര്‍ വിഷയത്തിലുണ്ട്. കോടതി സെന്‍കുമാറിന്റെ കോടതിയലക്ഷ്യക്കേസ് പരിഗണിക്കുന്നതിനു മുന്‍പേ അദ്ദേഹത്തെ നിയമിച്ചുകൊണ്ടുള്ള ഉത്തരവ് സര്‍ക്കാര്‍ പുറപ്പെടുവിപ്പിക്കുകയാണെങ്കില്‍ നിഷേധിക്കപ്പെട്ട കാലാവധി അനുവദിച്ചുകിട്ടണമെന്ന സെന്‍കുമാറിന്റെ ആവശ്യത്തില്‍ നിന്ന് സര്‍ക്കാറിന് രക്ഷപ്പെടാം. രണ്ടുമാസം കൊണ്ട് ഒഴിഞ്ഞുപോവേണ്ട സെന്‍കുമാറിന് 11 മാസം വരെ കാലാവധി നീട്ടിക്കൊടുക്കുകയായിരിക്കും സര്‍ക്കാറിന്റെ ഇപ്പോഴത്തെ നടപടി മൂലം ഉണ്ടാവുക. പുനര്‍ നിയമനം ലഭിച്ചതിനു ശേഷവും നഷ്ടപ്പെട്ട കാലാവധി തിരിച്ചുകിട്ടണമെന്ന ആവശ്യവുമായി വീണ്ടും സെന്‍കുമാര്‍ സുപ്രിംകോടതിയെ സമീപിച്ചുകൂടായ്കയില്ല. അദ്ദേഹത്തിന്റെ അഭിമാനത്തെ അത്രമാത്രം ക്ഷതപ്പെടുത്തിയിട്ടുണ്ട് സര്‍ക്കാര്‍. ഇത്തരമൊരു സമീപനവുമായി സെന്‍കുമാര്‍ മുന്നോട്ടുപോവുകയാണെങ്കില്‍ അദ്ദേഹത്തെ ആരും കുറ്റപ്പെടുത്തില്ല.
വിധി വന്ന നിമിഷം മുതല്‍ സെന്‍കുമാര്‍ സംസ്ഥാന പൊലിസ് മേധാവിയാണ്. ആ നിലക്ക് അതിനുശേഷം ലോക്‌നാഥ്‌ബെഹ്‌റ നടത്തിയ നിയമപരമായ ഇടപെടലെല്ലാം നിയമവിരുദ്ധവുമായിത്തീരും. ഭരണഘടനാ പ്രതിസന്ധിവരെ ക്ഷണിച്ചുവരുത്തിയ ഇത്തരമൊരു അവസ്ഥ സര്‍ക്കാറിന്റെ പിടിപ്പുകേട് മൂലം സംജാതമാകരുതായിരുന്നു. സര്‍ക്കാര്‍ നീക്കങ്ങളെല്ലാം സുപ്രിംകോടതി വിധിക്കെതിരേയുള്ള നീക്കങ്ങളായി വ്യാഖ്യാനിക്കപ്പെടുന്ന അവസ്ഥയില്‍ ഇനിയുമൊരു അടി വാങ്ങാന്‍ സര്‍ക്കാര്‍ നിന്ന് കൊടുക്കണോ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."