ഉംറക്കെത്തിയ ചിത്രകാരി ഫൈറൂസ മടവൂര്‍ മക്കയില്‍ മരിച്ചു
മക്ക: ചിത്രകാരി മടവൂര്‍ സ്വദേശിനി ഫൈറൂസ (32) മക്കയില്‍ മരിച്ചു. മാതാപിതാക്കളോടൊപ്പം ഉംറ നിര്‍വഹിക്കാനെത്തിയതായിരുന്നു.
മടവൂര്‍ സ്വദേശി കല്ലുമുട്ടയില്‍ ഉമ്മര്‍- ഉമ്മു കുല്‍സൂം ദമ്പതികളുടെ മകളാണ്. ശാരീരിക വളര്‍ച്ചയില്ലാതിരുന്നിട്ടും അവശത ബാധിച്ചവര്‍ക്ക് പ്രോത്സാഹനം നല്‍കിയിരുന്ന ഫൈറൂസ പാഴ്‌വസ്തുക്കളില്‍നിന്ന് കരകൗശല വസ്തുക്കള്‍ നിര്‍മിക്കുന്നതില്‍ വിദഗ്ദയായിരുന്നു.
മാനസിക വെല്ലുവിളി നേരിടുന്നവരെയും ഉപേക്ഷിക്കപ്പെടുന്ന വയോജനങ്ങളെയും സംരക്ഷിക്കുന്നതിന് നരിക്കുനിയില്‍ പ്രവര്‍ത്തിക്കുന്ന അത്താണി റിഹാബിലിറ്റേഷന്‍ സെന്ററിലെ നിത്യസന്ദര്‍ശകയായിരുന്നു ഫൈറൂസ. ഈ മാസം ഏഴിന് മക്കയിലെത്തിയ ഇവര്‍ ചൊവ്വാഴ്ച കടുത്ത പനി ബാധിച്ചതിനെതുടര്‍ന്ന് മക്ക അല്‍നൂര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
തിങ്കളാഴ്ച രാത്രി നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് അന്ത്യം. മൃതദേഹം മസ്ജിദുല്‍ ഹറമിലെ ജനാസ നമസ്‌കാരത്തിന് ശേഷം മക്ക അല്‍ശറായ ഖബര്‍സ്ഥാനില്‍ മറവു ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."