പതിനഞ്ചാമത് ജി20 ഉച്ചകോടി അടുത്ത വര്‍ഷം സഊദിയില്‍
ജിദ്ദ: പതിനഞ്ചാമത് ജി20 സമ്മേളനം 2020 നവംബറില്‍ സഊദിയിലെ റിയാദില്‍ നടക്കും. നവംബര്‍ 21, 22 തിയതികളിലാണ് ഉച്ചകോടിയെന്ന് അധികൃതര്‍ വ്യക്തമാക്കി.
അറബ് ലോകത്ത് ആദ്യമായാണ് ജി 20 ഉച്ചകോടി സംഘടിപ്പിക്കുന്നത്. രാജ്യാന്തര സാമ്പത്തിക സഹകരണത്തിന്റെ പ്രധാന വേദിയായ ജി20 ഉച്ചകോടി സഊദിയില്‍ നടക്കുന്നതിനെ അംഗ രാഷ്ട്രങ്ങള്‍ സ്വാഗതം ചെയ്തു. അതേ സമയം ഈ വര്‍ഷത്തെ ജി20 ഉച്ചകോടി ജൂണ്‍ 28,29ന് ജപ്പാനിലെ ഒസാക്ക സിറ്റിയിലാണ് നടക്കുന്നത്. യൂറോപ്യന്‍ യൂനിയനു പുറമെ അര്‍ജന്റീന, ഓസ്‌ട്രേലിയ, ബ്രസീല്‍, കാനഡ, ചൈന, ഫ്രാന്‍സ്, ജര്‍മ്മനി, ഇന്ത്യ, ഇന്തോനേഷ്യ, ഇറ്റലി, ജപ്പാന്‍, മെക്‌സിക്കോ, റിപ്പബ്ലിക്ക് ഓഫ് കൊറിയ, സൗത്ത് ആഫ്രിക്ക, റഷ്യ, സഊദി അറേബ്യ, തുര്‍ക്കി, യുകെ, യു.എസ്.എ എന്നീ രാഷ്ട്രങ്ങളാണ് ജി 20 അംഗങ്ങള്‍.
ലോകത്തിലെ മൊത്തം ജനസംഖ്യയുടെ മൂന്നില്‍ രണ്ടു ഭാഗവും സമ്പദ് വ്യവസ്ഥയുടെ 85 ശതമാനവും രാജ്യാന്തര വ്യാപാരത്തിന്റെ 75 ശതമാനവും ജി 20 രാജ്യങ്ങള്‍ പ്രതിനിധീകരിക്കുന്നുണ്ട്.
സഊദിയുടെ പ്രധാന പങ്കും സ്വാധീനവും മേഖലയിലും ആഗോളതലത്തിലും പ്രതിഫലിക്കുന്നതിന്റെ അടയാളമാണ് സഊദി ഉച്ചകോടി.
ലോകത്തിലെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥയുടെ തലവന്‍മാരും മറ്റ് അഥിതി രാജ്യങ്ങളിലെ നേതാക്കളും രാജ്യാന്തര പ്രാദേശിക സംഘടനകളും ഉച്ചകോടിയില്‍ പങ്കെടുക്കും. ഊര്‍ജം, പരിസ്ഥിതി, കാലാവസ്ഥ, ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥ, വ്യാപാരം, കൃഷി, ആരോഗ്യം, വിദ്യാഭ്യാസം, തൊഴില്‍ എന്നിവയുള്‍പ്പെടെ സാമ്പത്തിക, സാമൂഹിക വിഷയങ്ങളെ ആസ്പദമാക്കിയാണ് ഉച്ചകോടി.
സുസ്ഥിരവും സമതുലിതവുമായ വികസനം കൈവരിക്കുന്നതിനും തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും ഫലപ്രദമായ നയങ്ങള്‍ വികസിപ്പിക്കുന്നതിനുമാണ് ഉച്ചകോടിയുടെ പ്രധാന ലക്ഷ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."