ഇനി വിളിക്കാം 112ലേക്ക്
ന്യൂഡല്‍ഹി: രാജ്യത്തെ 20 സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും ഒരു നെറ്റ് വര്‍ക്കിന് കീഴില്‍. അടിയന്തര സഹായക നമ്പറായി 112ന് കീഴിലാണ് 20 സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും വരുന്നത്.
നിലവില്‍ പൊലിസ് സഹായത്തിന് 100, അഗ്നിശമന സേനക്കായി 101, സ്ത്രീസുരക്ഷക്കായി 1090 എന്നീ നമ്പറുകളായിരുന്നു അടിയന്തര സഹായത്തിനായി ഉണ്ടായിരുന്നത്. ഇതിന് പകരമാണ് ഒരു നമ്പറിന്‍ കീഴിലാക്കിയത്. കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ഭയ ഫണ്ട് ഉപയോഗിച്ചാണ് ഒരൊറ്റ നെറ്റ് വര്‍ക്കിന് കീഴിലാക്കിയത്.
അമേരിക്കന്‍ മാതൃകയിലാണ് അടിയന്തര സഹായത്തിനായി ഒരുനമ്പര്‍ ഏര്‍പ്പെടുത്തിയത്. 911 ആണ് ആ രാജ്യത്തെ നമ്പര്‍. ഇതേ രീതിയിലാണ് അടിയന്തര സഹായത്തിനായി 112 നമ്പര്‍ നടപ്പാക്കിയത്.
ഹിമാചല്‍പ്രദേശ്, ആന്ധ്രാ പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, കേരളം, മധ്യപ്രദേശ്, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, തെലങ്കാന, തമിഴ്‌നാട്, ഗുജറാത്ത്, പുതുച്ചേരി, ലക്ഷദ്വീപ്, ആന്‍ഡമാന്‍- നിക്കോബാര്‍ ദ്വീപുകള്‍, ദാദര്‍ ആന്‍ഡ് നാഗര്‍ഹവേലി, ദാമന്‍ ആന്‍ഡ് ദിയു, ജമ്മു കശ്മിര്‍, നാഗാലാന്‍ഡ് തുടങ്ങിയ സംസ്ഥാന-കേന്ദ്രഭരണ പ്രദേശങ്ങളാണ് ഒരു നമ്പറില്‍ കീഴിലാക്കിയതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
അടിയന്തര പ്രതികരണ സഹായ സംവിധാനം(എമര്‍ജന്‍സി റെസ്‌പോണ്‍സ് സപ്പോര്‍ട്ട് സിസ്റ്റം-ഇ.ആര്‍.എസ്.എസ്) എന്ന നിലയിലാണ് 112 എന്ന ഒറ്റനമ്പര്‍ കൊണ്ടുവന്നത്. ഇത് അന്താരാഷ്ട്ര തലത്തില്‍തന്നെ അംഗീകരിക്കപ്പെട്ട നമ്പരാണ്. ഏത് തരത്തിലുള്ള അടിയന്തര സഹായത്തിനും ഈ നമ്പറില്‍ വിളിക്കാവുന്നതാണ്.
എല്ലാ മൊബൈല്‍ ഫോണുകളിലും അടിയന്തര സഹായത്തിനുള്ള നമ്പര്‍ നല്‍കും. ആപ് വഴിയും വോയ്‌സ് കോള്‍ വഴിയുമെല്ലാം 112 ഉപയോഗപ്പെടുത്താന്‍ കഴിയും. അടിയന്തര സഹായം തേടുന്നവര്‍ എവിടെയാണോ അത് ലക്ഷ്യമാക്കി സഹായമെത്തിക്കാന്‍ കഴിയുന്നതരത്തിലേക്കാണ് സംവിധാനം ഒരുക്കിയിരിക്കുന്നത്.
അടിയന്തര സഹായത്തിനായി ഒരു വ്യക്തി 112 ഡയല്‍ ചെയ്യുകയോ അല്ലെങ്കില്‍ സ്മാര്‍ട്ട് ഫോണുകളിലെ 112 പവര്‍ ബട്ടണ്‍ മൂന്ന് തവണ ഉപയോഗപ്പെടുത്തിയാലോ ഇത് പെട്ടെന്ന് തന്നെ അടിയന്തര സഹായത്തിനുള്ള സന്ദേശമായി അടിയന്തര പ്രതികരണ സഹായ കേന്ദ്രത്തിലെത്തും. സാധാരണയുള്ള ഫോണുകളില്‍ അഞ്ച് അല്ലെങ്കില്‍ ഒന്‍പത് നമ്പര്‍ ആക്ടിവേറ്റ് ചെയ്താല്‍ അത് അടിയന്തര സഹായ നമ്പറായി ഉപയോഗപ്പെടുത്താം.
അടിയന്തര പ്രതികരണ സഹായ സംവിധാനത്തിനായി 321.69 കോടി രൂപയാണ് നിര്‍ഭയ ഫണ്ടില്‍ നിന്ന് കേന്ദ്രം അനുവദിച്ചിട്ടുണ്ട്. ഇതില്‍ 278.66 കോടി സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കുമായി നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."