എന്‍.ഡി.എ മന്ത്രിയെത്തി; സ്വതന്ത്രന് വോട്ടുതേടി
കോഴിക്കോട്: എന്‍.ഡി.എ സ്ഥാനാര്‍ഥികള്‍ക്ക് വോട്ടഭ്യര്‍ഥിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി കോഴിക്കോട് എത്തി തിരിച്ചുപോയതിനു പിന്നാലെ മറ്റൊരു കേന്ദ്രമന്ത്രി എത്തിയത് സ്വതന്ത്ര സ്ഥാനാര്‍ഥിക്ക് വോട്ടുതേടി, അതും എന്‍.ഡി.എ സ്ഥാനാര്‍ഥിയുടെ മണ്ഡലത്തില്‍.
കോഴിക്കോട് മണ്ഡലത്തില്‍ നിന്ന് സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന നുസ്രത്ത് ജഹാന് വോട്ടു ചെയ്യണമെന്നഭ്യര്ഥിച്ചാണ് കേന്ദ്ര സാമൂഹിക ക്ഷേമ സഹമന്ത്രി രാംദാസ് ബന്ദു അത്താവല എത്തിയത്. റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യയുടെ മഹാരാഷ്ട്രയില്‍ നിന്നുള്ള രാജ്യസഭാംഗം കൂടിയാണ് രാംദാസ് അത്താവല.കേന്ദ്ര മന്ത്രിയായതിനാല്‍ ഇന്ധന വില വര്‍ധന തന്നെ ബാധിക്കില്ലെന്ന് പറഞ്ഞ് വിവാദത്തില്‍പെട്ടയാളാണ് അത്താവല. നുസ്രത്ത് ജഹാനെ തനിക്ക് വര്‍ഷങ്ങളായി അറിയാമെന്നും അതിനാലാണ് ആര്.പി.ഐ പിന്തുണ കൊടുക്കുന്നതെന്നും പാര്‍ട്ടിയുടെ ദേശീയ അധ്യക്ഷന്‍ കൂടിയായ അദ്ദേഹം പറഞ്ഞു.
എന്‍.ഡി.എയുടെ ഘടകകക്ഷിയായ തങ്ങള്‍ കേരളത്തില്‍ സീറ്റ് സംബന്ധിച്ച് ബി.ജെ.പിയുമായി സംസാരിച്ചിരുന്നെങ്കിലും ധാരണയിലെത്താന്‍ കഴിഞ്ഞില്ല. റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥികളെ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാന്‍ ഉദ്ദേശിച്ചെങ്കിലും നോമിനേഷന് തള്ളിപ്പോയിരുന്നു.
അതിനാലാണ് കോഴിക്കോട് സ്വതന്ത്ര സ്ഥാനാര്‍ഥിയെ പിന്തുണയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ഇത്തരം ഒരു ചര്‍ച്ചയുടെ കാര്യം തനിക്കറിയില്ലെന്നും ഒരു കേന്ദ്രമന്ത്രി എന്‍.ഡി.എയുടെ സ്ഥാനാര്‍ഥിക്കല്ലാതെ വോട്ടഭ്യര്‍ഥിച്ച് എത്തിയെങ്കില്‍ അത് മുന്നണിയുടെ മഹത്വമാണ് വെളിവാക്കുന്നതെന്നുമായിരുന്നു ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന് പിള്ളയുടെ പ്രതികരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."