മാണി തരംഗം ലീഡുയര്‍ത്തുമോ? വിഭാഗീയത വാസവന്‍ മറികടക്കുമോ?
കോട്ടയം: പൊതുവില്‍ വിലയിരുത്തപ്പെടുന്ന അനുകൂല തരംഗവും മാണിയുടെ വിയോഗമുണ്ടാക്കിയ സഹതാപവും അനുകൂല ഘടകങ്ങളാകുമെന്ന പ്രതീക്ഷയിലാണ് കോട്ടയം മണ്ഡലത്തിലെ യു.ഡി.എഫ് ക്യാമ്പ്. പാര്‍ട്ടിയുടെ ശക്തമായ കേഡറിന്റെയും മുണിയുടെ ചിട്ടയായ പ്രചാരണത്തിന്റെയും അടിസ്ഥാനത്തില്‍ മികച്ച വിജയം നേടാനാകുമെന്ന കണക്കുകൂട്ടലിലാണ് എല്‍.ഡി.എഫ്. ബി.ജെ.പിയുടെ ഉറച്ച വോട്ടുകളും മാറിയ ചുറ്റുപാടില്‍ ക്രിസ്തീയ സഭകളില്‍ നേടാനായ സ്വാധീനവും ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലാണ് എന്‍.ഡി.എ.
സ്വന്തം പാര്‍ട്ടിയുടെയും മുന്നണിയുടെയും വോട്ടുകള്‍ക്കുപരിയായി വ്യക്തിഗത വോട്ടുകളിലാണ് മൂന്നു സ്ഥാനാര്‍ഥികളും ലക്ഷ്യമിടുന്നതെന്ന് വ്യക്തം. ജയിക്കാന്‍ മാത്രമല്ല, നന്നായി തോല്‍ക്കാനും മടിയില്ലാത്തവരാണ് മൂന്നു സ്ഥാനാര്‍ഥികളെന്നതും കോട്ടയത്തെ പോരാട്ടത്തെ വ്യത്യസ്തമാക്കുന്നു. മൂന്നു മുന്നണി സ്ഥാനാര്‍ഥികള്‍ക്കും ജയത്തിന്റെയും തോല്‍വിയുടെയും ചരിത്രമുണ്ട്.
തോമസ് ചാഴികാടന്‍
(യു.ഡി.എഫ് )
ഏറ്റുമാനൂര്‍ നിയമസഭാ മണ്ഡലത്തെ നാലു തവണ പ്രതിനിധീകരിച്ച കരുത്തുമായാണ് യു.ഡി.എഫ് സ്ഥാനാര്‍ഥി തോമസ് ചാഴികാടന്‍ ഗോദയിലുള്ളത്. 1991 മുതല്‍ 2011 വരെയുള്ള കാലയളവിലാണ് തോമസ് ചാഴികാടന്‍ ഏറ്റുമാനൂര്‍ മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്നത്. കാര്യമായ വികസന പ്രവര്‍ത്തനങ്ങള്‍ ഇക്കാലയളവില്‍ അവകാശപ്പെടാനാകില്ലെങ്കിലും സമുദായ സമവാക്യങ്ങള്‍ നാലു തവണയും അദ്ദേഹത്തിന് സഹായകരമായി. 2011ഓടെ മണ്ഡലപുനര്‍നിര്‍ണയം യാഥാര്‍ഥ്യമായപ്പോള്‍ സി.പി.എം ശക്തികേന്ദ്രമായ കുമരകം അടങ്ങുന്ന പ്രദേശങ്ങള്‍ കോട്ടയത്തുനിന്ന് ഏറ്റുമാനൂര്‍ മണ്ഡലത്തിലേക്കെത്തിയതാണ് ചാഴികാടന് വിനയായതെന്നുപറയാം. 2011ലും 2016ലും കെ.സുരേഷ് കുറുപ്പിനോട് അടിയറവ് പറഞ്ഞു. പി.ജെ ജോസഫിന്റെ സ്ഥാനാര്‍ഥിത്വത്തെ ചൊല്ലി പാര്‍ട്ടിക്കുള്ളിലുണ്ടായ പൊട്ടിത്തെറികള്‍ക്കൊടുവിലാണ് തോമസ് ചാഴികാടന് നിയോഗം ഏറ്റെടുക്കേണ്ടിവന്നത്. പാര്‍ട്ടി വര്‍ക്കിങ് ചെയര്‍മാനെ വെട്ടിയ നേതാവെന്ന ദുഷ്‌പേരുമായി മെല്ലെത്തുടങ്ങിയ പ്രചാരണം പതുക്കെ ചൂടുപിടിച്ചു. സംസ്ഥാനത്തൊട്ടാകെ യു.ഡി.എഫ് തരംഗമുണ്ടെന്ന വിലയിരുത്തലുണ്ടാകുന്നതിനിടെയാണ് വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വം. അതോടെ ആദ്യമൊന്ന് പിന്‍വലിഞ്ഞ കോണ്‍ഗ്രസ് ക്യാമ്പും സടകുടഞ്ഞു. അപ്രതീക്ഷിതമായി കെ.എം മാണിയുടെ രോഗാവസ്ഥയും മരണവും പ്രചാരണം മന്ദീഭവിക്കാന്‍ കാരണമായെങ്കിലും സഹതാപ തരംഗം മുന്നണിക്ക് അനുകൂലമാകുമെന്ന വിശ്വാസത്തിലാണ് യു.ഡി.എഫ്.
വി.എന്‍ വാസവന്‍
(എല്‍.ഡി.എഫ് )
2006-11 കാലയളവില്‍ കോട്ടയം നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിച്ചപ്പോള്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങളാണ് വി.എന്‍ വാസവന് ആത്മവിശ്വാസമേകുന്നത്. വികസനം ബാലികേറാമലയായിരുന്ന കോട്ടയം നഗരത്തിലും പരിസരത്തും പതിറ്റാണ്ടുകള്‍ക്കുശേഷം മാറ്റങ്ങള്‍ കണ്ടുതുടങ്ങി. കോട്ടയത്ത് തുറമുഖമോ എന്ന് നെറ്റിചുളിച്ചവരെ അത്ഭുതപ്പെടുത്തി നാട്ടകം ഉള്‍നാടന്‍ തുറമുഖം യാഥാര്‍ഥ്യമായത് വാസവന്റെ പ്രധാന നേട്ടങ്ങളിലൊന്നായാണ് എല്‍.ഡി.എഫ് ചൂണ്ടിക്കാട്ടുന്നത്. കൊച്ചി തുറമുഖത്ത്‌നിന്ന് നേരിട്ട് കോട്ടയത്തേക്ക് ജലമാര്‍ഗം ചരക്കിറക്കാന്‍ സാധ്യമായതോടെ ഗുണം ലഭിച്ചത് ജില്ലയിലെയും പരിസരത്തെയും നിരവധി വ്യവസായങ്ങള്‍ക്കാണ്.
പാലങ്ങളും റോഡുകളുമടക്കം വാസവന്‍ മുന്‍കൈയെടുത്ത് നടപ്പാക്കിയ പദ്ധതികള്‍ നിരവധി. 2011ല്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണനോട് ചെറിയ ഭൂരിപക്ഷത്തിന് പരാജയപ്പെട്ടെങ്കിലും പാര്‍ട്ടിക്കുള്ളില്‍ കൂടുതല്‍ ശക്തനായ വാസവന്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി.
ജില്ലാ സെക്രട്ടറിയെന്ന നിലയില്‍ ജില്ലയിലെമ്പാടുമുള്ള സാധാരണക്കാരുമായി നേരിട്ട് ഇടപഴകാനാകുന്നതും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വാസവന്റെ സാധ്യതകള്‍ മെച്ചപ്പെടുത്തുന്നു. കാടിളക്കിയുള്ള പ്രചാരണം വിജയം നേടിത്തരുമെന്ന് തന്നെയാണ് മുന്നണിയുടെ കണക്കുകൂട്ടല്‍. ഏറ്റവും ആദ്യം സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് പ്രചാരണത്തിലും എതിരാളികളെ ബഹുദൂരം പിന്നിലാക്കാനും എല്‍.ഡി.എഫിനായി.
എന്നാല്‍ പാര്‍ട്ടിക്കതീത വ്യക്തിബന്ധങ്ങള്‍ ഏറെയുളള വാസവന് പക്ഷേ പാര്‍ട്ടിക്കുള്ളില്‍ കാര്യങ്ങളത്ര പന്തിയല്ല. പാര്‍ട്ടിക്കുള്ളില്‍ വാസവനെതിരായ വിഭാഗീയത ശക്തമായിതന്നെ നിലനില്‍ക്കുന്നു. ഇത്തരം പ്രവണതകള്‍ തെരഞ്ഞെടുപ്പില്‍ ഏങ്ങനെ പ്രതിഫലിക്കുമെന്നതും നിര്‍ണായകമാണ്. ഉറച്ച യു.ഡി.എഫ് കോട്ടയായ കോട്ടയത്ത് യു.ഡി.എഫ് കഴിഞ്ഞ രണ്ടുതവണ നേടിയ അര ലക്ഷത്തിന് മുകളിലുള്ള ഭൂരിപക്ഷം മറികടക്കുകയെന്നതും എല്‍.ഡി.എഫിന് വെല്ലുവിളിയാണ്.
പി.സി തോമസ്
(എന്‍.ഡി.എ)
കോണ്‍ഗ്രസിന്റെ കരുത്തനായ നേതാവായിരുന്ന പി.ടി ചാക്കോയുടെ മകനും മുന്‍ കേന്ദ്രമന്ത്രിയുമായ പി.സി തോമസാണ് എന്‍.ഡി.എ സ്ഥാനാര്‍ഥി. കേരളാ കോണ്‍ഗ്രസിന്റെ പിറവിക്ക് കാരണക്കാരനായ പി.ടി. ചാക്കോയുടെ മകനും മറ്റൊരു കേരളാ കോണ്‍ഗ്രസിന്റെ അമരക്കാരനാണ്. കേരളാ കോണ്‍ഗ്രസ് (എം) നെ പ്രതിനിധീകരിച്ച് 1989ല്‍ മൂവാറ്റുപുഴ ലോക്‌സഭാ മണ്ഡലത്തില്‍ വിജയക്കൊടി പാറിച്ചു. പിന്നീട് 2009 വരെ 20 വര്‍ഷം തുടര്‍ച്ചയായി മൂവാറ്റുപുഴ മണ്ഡലത്തെ പ്രതിനിധീകരിച്ചു. കേരളാ കോണ്‍ഗ്രസ് (എം) വിട്ട് എന്‍.ഡി.എയില്‍ ചേര്‍ന്ന പി.സി തോമസ് ഐ.എഫ്.ഡി.പി എന്ന പാര്‍ട്ടിക്കും രൂപം നല്‍കി. 2004ല്‍ എന്‍.ഡി.എയുടെ സ്ഥാനാര്‍ഥിയായ തോമസ് യു.ഡി.എഫ് സ്ഥാനാര്‍ഥി ജോസ്.കെ.മാണിയെ മൂന്നാം സ്ഥാനത്തേക്ക് പിന്തളളിയാണ് വിജയിച്ചത്. എന്നാല്‍ 2004ലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മത ചിഹ്നങ്ങളുപയോഗിച്ചെന്ന കേസില്‍ തോമസിനെ 2006ല്‍ കേരളാ ഹൈക്കോടതി അയോഗ്യനാക്കി.
പിന്നീട് ഐ.എഫ്.ഡി.പി പിരിച്ചുവിട്ട തോമസ് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിലൂടെ എല്‍.ഡി.എഫിലെത്തി. ജോസഫ് വിഭാഗം കേരളാ കോണ്‍ഗ്രസ് വിട്ട തോമസ് പിന്നീട് സ്‌കറിയാ തോമസുമായി ചേര്‍ന്ന് പാര്‍ട്ടിയുണ്ടാക്കി എല്‍.ഡി.എഫില്‍ തുടര്‍ന്നു. 2015ല്‍ സി.പി.എം നേതാക്കളുമായുള്ള അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് എല്‍.ഡി.എഫ് വിട്ടു. വീണ്ടും എന്‍.ഡി.എയിലെത്തിയ തോമസ് ഇത്തവണ കോട്ടയം ലോക്‌സഭാ മണ്ഡലത്തില്‍ അട്ടിമറി വിജയം പ്രതീക്ഷിച്ചാണ് കളത്തിലിറങ്ങിയത്. മൂവാറ്റുപുഴ ലോക്‌സഭാ മണ്ഡലത്തെ പ്രതിനിധീകരിച്ച കാലത്ത് റബര്‍ കര്‍ഷകര്‍ക്ക് പ്രത്യേകിച്ചും കാര്‍ഷികമേഖലയ്ക്കായി പൊതുവേയും നടത്തിയ പോരാട്ടങ്ങളാണ് പി.സി തോമസിന്റെ കരുത്ത്. മൂവാറ്റുപുഴ മണ്ഡലം ഇല്ലാതായശേഷം ലോക്‌സഭ കണ്ടിട്ടില്ലെങ്കിലും കര്‍ഷകരുടെ ആവശ്യങ്ങള്‍ക്ക് അദ്ദേഹം എന്നും മുന്നിലുണ്ടായിരുന്നു. ബി.ജെ.പിയുടെ വോട്ടും ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ പ്രത്യേകിച്ച് ക്രിസ്ത്യന്‍ മേഖലയില്‍ നിന്ന് തനിക്ക് കിട്ടുന്ന അധിക പിന്തുണയും ഇരുമുന്നണികളില്‍ നിന്നുമുള്ള വോട്ടു ചോര്‍ച്ചയും അനുകൂലമാകുമെന്നാണ് തോമസിന്റെ വിശ്വാസം.
വലിയ ഇടവേളകളില്ലാതെയുള്ള കൂടുമാറ്റവും മുന്നണി മാറ്റവുമാണ് തോമസിന്റെ ഏറ്റവും വലിയ ന്യൂനത. ബി.ജെ.പി മുന്നണിയിലേക്ക് ഒരിക്കല്‍ കൂടി കടന്നു വന്നതിനെ സംബന്ധിച്ച വിശദീകരിക്കാന്‍ അദ്ദേഹത്തിന് ഏറെ പാടുപെടേണ്ടി വരുന്നു. മണ്ഡലത്തിലെ ന്യൂനപക്ഷ സ്വാധീന മേഖലകളില്‍ മോദിയുടെ ചിത്രമൊഴിവാക്കിയുള്ള പോസ്റ്ററുകളാണുള്ളതെന്നതും ശ്രദ്ധേയമാണ്.
മറ്റ് സ്ഥാനാര്‍ഥികള്‍
എസ്.യു.സി.ഐ സ്ഥാനാര്‍ഥിയായി ഇ.വി പ്രകാശ് മല്‍സര രംഗത്തുണ്ട്. ഭാരത് ആശുപത്രിയിലെ നഴ്‌സുമാരുടെ സമരത്തിന് നേതൃത്വം നല്‍കിയതുള്‍പെടെ വിവിധ സമരപോരാട്ടങ്ങളുടെ ചരിത്രം പ്രകാശിന് തുണയാണ്. അവകാശവാദങ്ങള്‍ക്കില്ലെങ്കിലും ശക്തമായ പ്രചാരണ പരിപാടികളുമായി പ്രകാശും എസ്.യു.സി.ഐയും മണ്ഡലത്തില്‍ നിറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."