പി.എസ്.സി ചെയര്‍മാന്‍ സര്‍ക്കാരിനെ വെള്ള പൂശുന്നു: വിമര്‍ശിച്ച് ചെന്നിത്തല
തിരുവനന്തപുരം: പി.എസ്.സി ചെയര്‍മാന്‍ സര്‍ക്കാരിന്റെ പ്രവൃത്തികളെ വെള്ളപൂശുകയാണെന്ന രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. കരാര്‍ നിയമനങ്ങള്‍ അവസാനിപ്പിക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടാന്‍ തയ്യാറാകുന്നതിന് പകരം ഉദ്യോഗാര്‍ത്ഥികളുടെ പ്രതിഷേധം തെറ്റിദ്ധാരണ കൊണ്ടാണെന്ന് വരുത്തി തീര്‍ക്കാനാണ് ശ്രമിക്കുന്നത്. സര്‍ക്കാര്‍ ജോലിയില്‍ കരാര്‍ നിയമനങ്ങള്‍ ഒന്നും നടക്കുന്നില്ലെന്ന ചെയര്‍മാന്റെ വാദം അത്ഭുതകരമാണ്. കണ്‍സള്‍ട്ടന്‍സികള്‍ വഴി കരാര്‍ നിയമനം നടത്തുന്ന കാര്യം സര്‍ക്കാര്‍ തന്നെ സമ്മതിക്കുമ്പോള്‍ പി.എസ്.സി ചെയര്‍മാന്‍ അത് നിഷേധിക്കുന്നത് രാജാവിനെക്കാള്‍ വിലിയ രാജഭക്തിയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ഉറക്കമിളച്ചിരുന്ന് പഠിച്ച് പിഎസ് സി റാങ്ക് ലിസ്റ്റില്‍ കയറിപ്പറ്റുന്ന മിടുക്കരെ ഇളിഭ്യരാക്കിക്കൊണ്ടാണ് യാതൊരു യോഗ്യതയുമില്ലാതെ സ്വപ്നയെപ്പോലുള്ളവര്‍ വന്‍ശമ്പരളത്തില്‍ സര്‍ക്കാര്‍ ജോലികളില്‍ കയറിപ്പറ്റുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
നൂറിലധികം റാങ്കു ലിസ്റ്റുകളാണ് കഴിഞ്ഞ ഏതാനും മാസങ്ങളില്‍ ലാപ്‌സായത്. നാമമാത്രമായ നിയമനങ്ങള്‍ മാത്രമേ അതില്‍ നടന്നിട്ടുള്ളൂ. സിവില്‍ പൊലീസ് ഓഫീസര്‍, ലാസ്റ്റ് ഗ്രേഡ്, ഇംഗ്‌ളീഷ് ലക്ച്ചറര്‍ തുടങ്ങിയ ഒട്ടേറെ ലിസ്റ്റുകളില്‍ പേരിന് മാത്രം നിയമനം നടന്നു. നഴ്‌സുമാരുടെ റാങ്ക് ലിസ്റ്റ് വെറുതെ കിടക്കുമ്പോള്‍ താത്ക്കാലിക്കാരെ നൂറു കണക്കിനാണ് നിയമിക്കുന്നത്. സി.ഡിറ്റില്‍ താത്ക്കാലിക്കാരെ സ്ഥിരപ്പെടുത്താനുള്ള നീക്കം തകൃതിയായി നടക്കുന്നു.
53 സ്ഥാപനങ്ങളില്‍ നിയമനം പി.എസ്.സിക്ക് വിട്ടിട്ടും ചട്ടങ്ങള്‍ രൂപീകരിക്കാതെ പിന്‍വാതില്‍ നിയമനം നടത്തുകയാണ്'. അതിനാല്‍ താത്ക്കാലിക നിയമനങ്ങളും പിന്‍വാതില്‍ നിയമനങ്ങളും അവസാനിപ്പിച്ച് പി.എസ്.സി വഴി നിയമനങ്ങള്‍ നടത്താന്‍ സര്‍ക്കാര്‍ തയ്യാറാവണം. അതിന് വേണ്ടി റാങ്കു ലിസ്റ്റുകളുടെ കാലാവധി നീട്ടണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."