സോളാര്‍: കമ്മിഷന് റിപ്പോര്‍ട്ട് തയാറാക്കിത്തുടങ്ങി മൊഴി രേഖപ്പെടുത്തിയത് 8464 പേജുകളില്‍
കൊച്ചി: സാക്ഷികളുടെ മൊഴി രേഖപ്പെടുത്തലും വാദവും പൂര്‍ത്തിയായതോടെ സോളാര്‍ തട്ടിപ്പു കേസില്‍ അന്വേഷണ കമ്മിഷന് റിപ്പോര്‍ട്ട് തയാറാക്കിത്തുടങ്ങി. സോളാര്‍ കമ്മിഷന് ജസ്റ്റിസ് ജി ശിവരാജനാണ് റിപ്പോര്‍ട്ട് തയാറാക്കി തുടങ്ങിയത്. 8464 പേജുകളിലായി 23 വാള്യങ്ങളിലാണ് മൊഴി രേഖപ്പെടുത്തിയിരിക്കുന്നത്.
കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെയും ഇപ്പോഴത്തെ മുഖ്യമന്ത്രി പിണറായി വിജയന്റെയും മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. തെളിവുകള്‍ രേഖപ്പെടുത്തിയിരിക്കുന്നത് 7998 പേജുകളിലായാണ്. മൂന്നരവര്‍ഷംകൊണ്ട് 353 സിറ്റിങ്ങുകളാണ് കമ്മിഷന് നടത്തിയത്. മന്ത്രിമാര്‍, എം.എല്‍.എമാര്‍, പൊലിസ് മേധാവി, ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങി 214 സാക്ഷികളെയാണ് കമ്മിഷന് വിസ്തരിച്ചത്. 972 രേഖകളും സമര്‍പ്പിക്കപ്പെട്ടിട്ടുണ്ട്. എട്ടു പേരാണ് കമ്മിഷനില്‍ കക്ഷിചേര്‍ന്നിട്ടുള്ളത്. ഇവരുടെ ആര്‍ഗുമെന്റ് നോട്ടുകള്‍ കമ്മിഷനില്‍ സമര്‍പ്പിച്ചു.
വാദ നടപടിക്രമങ്ങള്‍ അവസാനിച്ചതോടെയാണ് കമ്മിഷന് റിപ്പോര്‍ട്ട് തയാറാക്കാന്‍ തുടങ്ങിയത്. എന്നാല്‍, ഉമ്മന്‍ചാണ്ടിയുടെ അഭിഭാഷകന് തനിക്ക് ഇനിയും ഒരവസരം കൂടി നല്‍കണമെന്നാവശ്യപ്പെട്ടിട്ടുണ്ട്. ഏപ്രില്‍ 27ന് കമ്മിഷന്റെ കാലാവധി കഴിഞ്ഞതിനെ തുടര്‍ന്ന് മൂന്ന് മാസം കൂടി നീട്ടി നല്‍കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇതേതുടര്‍ന്ന് ജൂലൈ 27വരെ കാലാവധി നീട്ടി. കാലാവധിക്കുമുന്പ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുള്ള തയാറെടുപ്പിലാണ് കമ്മിഷന്.
സോളാര്‍ തട്ടിപ്പ് സംബന്ധിച്ച് നിയമസഭക്ക് അകത്തും പുറത്തും നടന്ന ആരോപണങ്ങളില്‍ കഴമ്പുണ്ടോയെന്ന് കണ്ടെത്താന്‍ 2013 ഒക്ടോബറിലാണ് സോളാര്‍ കമ്മിഷനെ നിയമിച്ചത്. ആറ് മാസത്തേക്കായിരുന്നു നിയമനം. എന്നാല്‍, കമ്മിഷനില്‍ മൊഴി നല്‍കിയവരുടെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് നിരവധിപേരെ കമ്മിഷന് വിളിച്ചുവരുത്തി മൊഴി രേഖപ്പെടുത്തേണ്ടിവന്നു. തുടര്‍ന്ന് എട്ട് തവണ കമ്മിഷന് സര്‍ക്കാര്‍ കാലാവധി നീട്ടി നല്‍കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."