കര്‍ണാടക ബി.ജെ.പിയില്‍ വിഭാഗീയത രൂക്ഷം നാല് നേതാക്കള്‍ക്ക് സസ്‌പെന്‍ഷന്‍
ബംഗളൂരു: ബി.ജെ.പി കര്‍ണാടക സംസ്ഥാന കമ്മിറ്റിയില്‍ ഉണ്ടായിട്ടുള്ള വിഭാഗീയത രൂക്ഷമായ അവസ്ഥയിലേക്ക് നീങ്ങിയതോടെ കേന്ദ്ര നേതൃത്വത്തിന്റെ പരിഹാരമാര്‍ഗങ്ങളും ഫലപ്രദമാകുന്നില്ല.
ഇതേതുടര്‍ന്ന് ഇന്നലെ സംസ്ഥാന കമ്മിറ്റിയിലെ നാല് ഭാരവാഹികളെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. സസ്‌പെന്‍ഷനിലായ രണ്ടുപേര്‍ പാര്‍ട്ടി അധ്യക്ഷന്‍ യദ്യൂരപ്പയുടെയും മറ്റു രണ്ടുപേര്‍ കെ.എസ്. ഈശ്വരപ്പയുടെയും പക്ഷക്കാരാണ്.
യദ്യൂരപ്പ-ഈശ്വരപ്പ പക്ഷക്കാര്‍ തമ്മില്‍ കടുത്ത വിമര്‍ശനങ്ങളുമായി പരസ്പരം പോരടിച്ചുതുടങ്ങിയതോടെ പരിഹാരമാര്‍ഗങ്ങളുമായി കര്‍ണാടകയുടെ ചുമതലയുള്ള ദേശീയ സെക്രട്ടറി മുരളീധര്‍ റാവുവിനെ കേന്ദ്ര നേതൃത്വം നിയോഗിച്ചിട്ടുണ്ട്. അദ്ദേഹം ഇന്നലെ ബംഗളൂരുവിലെത്തി ഇരുപക്ഷവുമായി ചര്‍ച്ച നടത്തിയെങ്കിലും പ്രശ്‌നം രൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് നാലുപേരെ സസ്‌പെന്‍ഡ് ചെയ്ത് ദേശീയ നേതൃത്വം മുന്നറിയിപ്പ് നല്‍കിയത്.
പാര്‍ട്ടിയുടെ സംസ്ഥാന വൈസ് പ്രസിഡന്റ് ഭാനുപ്രകാശ്, നിര്‍മല്‍ കുമാര്‍ സുരാന, മഹിളാ മോര്‍ച്ച വൈസ് പ്രസിഡന്റും ബി.ജെ.പി സംസ്ഥാന കമ്മിറ്റി അംഗവുമായ എം.പി രേണുകാചാര്യ, സംസ്ഥാന വക്താവ് ജി.മധുസൂദനന്‍ എന്നിവരെയാണ് പാര്‍ട്ടി ചുമതലകളില്‍ നിന്ന് നീക്കിയത്. ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍. രവികുമാറാണ് നേതാക്കളെ സസ്‌പെന്‍ഡ് ചെയ്തതായ വിവരം മാധ്യമങ്ങളെ അറിയിച്ചത്.
കഴിഞ്ഞ 27ന് തന്റെ പക്ഷത്തുള്ളവരുടെ പ്രത്യേക കണ്‍വെന്‍ഷന്‍ വിളിച്ചു ചേര്‍ത്തുകൊണ്ടാണ് ഈശ്വരപ്പ സംസ്ഥാന പ്രസിഡന്റ് യദ്യൂരപ്പക്കെതിരായ ആദ്യനീക്കം നടത്തിയത്.
നേരത്തെയുണ്ടായിരുന്ന അഭിപ്രായ വ്യത്യാസങ്ങള്‍ മറനീക്കി പുറത്തുവരാന്‍ ഇടയാക്കിയത് കണ്‍വെന്‍ഷനോടുകൂടിയാണ്. പാര്‍ട്ടിയെ രക്ഷിക്കുകയെന്ന ആവശ്യം മുന്‍നിര്‍ത്തിയാണ് കണ്‍വന്‍ഷന്‍ വിളിച്ചുചേര്‍ത്തതെങ്കിലും ഈശ്വരപ്പയുടെ ശക്തിപ്രകടനത്തിന്റെ ഭാഗമായിട്ടായിരുന്നു ഇതെന്ന് യദ്യൂരപ്പ വിഭാഗം ആരോപിക്കുന്നു.
ഈ കണ്‍വന്‍ഷന് മേല്‍നോട്ടം വഹിച്ചിരുന്നത് ഭാനുപ്രകാശും നിര്‍മല്‍ കുമാര്‍ സുരാനയുമായിരുന്നു. എന്നാല്‍ ദേശീയ ജോ.സെക്രട്ടറി ബി.എല്‍ സന്തോഷിന്റെ അറിവോടെയാണ് ഈശ്വരപ്പ കണ്‍വന്‍ഷന്‍ വിളിച്ചുചേര്‍ത്തതെന്ന ആരോപണവുമായി യദ്യൂരപ്പ വിഭാഗത്തിലെ പ്രമുഖരായ രേണുകാചാര്യയും ജി. മധുസൂദനും രംഗത്തെത്തി. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തിന് പ്രോത്സാഹനം നല്‍കുകയാണ് സന്തോഷ് ചെയ്തിരിക്കുന്നതെന്ന ആരോപണം ഉന്നയിച്ചുകൊണ്ടാണ് യദ്യൂരപ്പ തിരിച്ചടിച്ചത്.
ഇതേതുടര്‍ന്ന് ഇരുവിഭാഗങ്ങളും ശക്തമായ രീതിയില്‍ നിലകൊണ്ടതോടെയാണ് അനുരഞ്ജന നീക്കവുമായി ദേശീയ നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരം മുരളീധര്‍ റാവു എത്തിയത്.
ഇദ്ദേഹത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നാല് നേതാക്കളെ സസ്‌പെന്‍ഡ് ചെയ്ത് പാര്‍ട്ടിയില്‍ ഉയര്‍ന്നിട്ടുള്ള വിഭാഗീയതയുടെ മുനയൊടിച്ചതെങ്കിലും ദേശീയ നേതൃത്വത്തിനെതിരേ ശക്തമായ എതിര്‍പ്പ് ഉയര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."