വിരമിച്ച സൈനിക ഉദ്യോഗസ്ഥന്റെ വീട്ടില്‍ നിന്ന് പണവും സ്‌ഫോടക വസ്തുക്കളും കണ്ടെടുത്തു
ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ വിരമിച്ച കേണലിന്റെ വീട്ടില്‍ നിന്ന് ഒരു കോടി രൂപയും തോക്കും സ്‌ഫോടക വസ്തുക്കളും കണ്ടെടുത്തു. റിട്ട. കേണല്‍ പ്രശാന്ത് ബിഷ്‌നോയിയുടെ വീട്ടില്‍ നിന്നാണ് ഡയരക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ്(ഡി.ആര്‍.ഐ) നടത്തിയ പരിശോധനയില്‍ ഇവ കണ്ടെടുത്തത്.
പണത്തിന് പുറമെ 40 പിസ്റ്റളുകള്‍, 50,000 വെടിയുണ്ടകള്‍, 117 കിലോ നീലക്കാള(നീല്‍ഗയ്) മൃഗത്തിന്റെ ഇറച്ചി എന്നിവയാണ് പിടിച്ചെടുത്തത്. പുലിത്തോല് കണ്ടെടുത്തതായി വിവരമുണ്ടെങ്കിലും ഇക്കാര്യത്തില്‍ ഡി.ആര്‍.ഐ വ്യക്തമായ വിവരം നല്‍കിയിട്ടില്ല. ഏതാണ്ട് 17 മണിക്കൂര്‍ നീണ്ട പരിശോധനയിലാണ് ഇവ കണ്ടെടുത്തത്. ശനിയാഴ്ച ഉച്ചക്ക് തുടങ്ങിയ പരിശോധന ഞായറാഴ്ച പുലര്‍ച്ചെ മൂന്നുവരെ നീണ്ടുനിന്നു. കേണല്‍ ബിഷ്‌നോയ് ഒളിവിലാണ്. ദേശീയ ഷൂട്ടര്‍കൂടിയാണ് ഇയാള്‍. ഡി.ആര്‍.ഐയുടെയും വനം വകുപ്പിന്റെയും സംയുക്ത പരിശോധനയില്‍ ബിഷ്‌നോയിയുടെ പിതാവ് റിട്ട. കേണല്‍ ദേവീന്ദ്ര കുമാറിന്റെ വീട്ടില്‍ നിന്ന് മൃഗത്തോലും ആനക്കൊമ്പും കണ്ടെടുത്തിട്ടുണ്ട്. അനധികൃത സ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ടാണ് പരിശോധന നടത്തിയത്.
കേണല്‍ ബിഷ്‌നോയിയുടെ വീട്ടില്‍ ഫ്രിഡ്ജില്‍ നിന്നാണ് നീലക്കാടയുടെ ഇറച്ചി ലഭിച്ചതെന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. വംശനാശ ഭീഷണി നേരിടുന്ന മൃഗമാണ് ഇത്. വന്യജീവി സംരക്ഷണ നിയമപ്രകാരം കേണല്‍ ദേവീന്ദ്ര കുമാറിനെതിരേയും മകന്‍ ബിഷ്‌നോയിക്കെതിരേയും കേസെടുത്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."