സമവായമുണ്ടെങ്കില്‍ മാത്രം വീണ്ടും രാഷ്ട്രപതിയാകാമെന്ന് പ്രണബ് മുഖര്‍ജി
ന്യൂഡല്‍ഹി: രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ഭരണ പ്രതിപക്ഷ കക്ഷികള്‍ തമ്മില്‍ സമവായത്തില്‍ എത്തിയാല്‍ മാത്രമെ വീണ്ടും മല്‍സരിക്കുകയുള്ളുവെന്ന് പ്രണാബ് മുഖര്‍ജി. അല്ലാത്തപക്ഷം രാഷ്ട്രപതി സ്ഥാനത്തേക്ക് ഒരിക്കല്‍ കൂടി മല്‍സരിക്കാനില്ലെന്ന് അദ്ദേഹം അറിയിച്ചു. ഇതു സംബന്ധിച്ച തന്റെ അഭിപ്രായം പ്രതിപക്ഷ കക്ഷികളെ രാഷ്ട്രപതി അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
മല്‍സരം നടക്കുകയാണെങ്കില്‍ വീണ്ടും ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് മല്‍സരിക്കില്ലെന്ന് ഹാമിദ് അന്‍സാരിയും സൂചന നല്‍കിയിട്ടുണ്ടെന്നാണ് വിവരം.
അടുത്ത മാസം രാഷ്ട്രപതി, ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പുകള്‍ നടക്കാനിരിക്കെ ഭരണ പ്രതിപക്ഷ കക്ഷികള്‍ക്കിടയില്‍ ചര്‍ച്ചകള്‍ സജീവമായിട്ടുണ്ട്. ഇതിനിടെയാണ് രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും തങ്ങളുടെ നിലപാടുകള്‍ പ്രതിപക്ഷ കക്ഷികളെ അറിയിച്ചത്.
അതേസമയം, ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എയിലും രാഷ്ട്രപതിയെ സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ സജീവമായിട്ടുണ്ട്.
നേരത്തെ ഉയര്‍ന്നു കേട്ടിരുന്ന പേരുകള്‍ മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍. കെ അദ്വാനിയുടേതും കേന്ദ്ര മന്ത്രി സുഷമ സ്വരാജിന്റേതുമായിരുന്നു. എന്നാല്‍ ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ അദ്വാനിക്കെതിരായ ഗൂഢാലോചന കേസ് പുനഃസ്ഥാപിക്കണമെന്ന് കഴിഞ്ഞ മാസം സുപ്രിംകോടതി സി.ബി.ഐയ്ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇതോടെ അദ്ദേഹത്തിനെ രാഷ്ട്രപതി സ്ഥാനത്തേക്ക് പരിഗണിക്കാന്‍ സാധ്യത കുറവാണ്.
പ്രധാനമന്ത്രി മോദി, ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ എന്നിവരടങ്ങുന്ന ബി.ജെ.പിയിലെ ഗുജറാത്ത് ലോബിക്ക് അദ്വാനിയേയും സുഷമ സ്വരാജിനേയും രാഷ്ട്രപതി സ്ഥാനത്തേക്ക് പരിഗണിക്കുന്നതില്‍ താല്‍പര്യമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
അദ്വാനിയെ രാഷ്ട്രപതിയാക്കാതിരിക്കാന്‍ മോദി വിഭാഗം സി.ബി.ഐയെ ഉപയോഗിച്ച് ബാബരി കേസ് വീണ്ടും സജീവമാക്കുകയാണെന്ന് ബി.ജെ.പിയില്‍ തന്നെ ഒരു വിഭാഗം ആരോപിക്കുന്നുണ്ട്.
കേന്ദ്ര സാമൂഹിക നീതി, ശാക്തീകരണ മന്ത്രി തവാര്‍ചന്ദ് ഗെലോട്ടിന്റെ പേരാണ് ഇപ്പോള്‍ രാഷ്ട്രപതി സ്ഥാനത്തേക്ക് എന്‍.ഡി.എയില്‍ നിന്ന് ഉയര്‍ന്നു കേള്‍ക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ എന്‍.ഡി.എ കക്ഷികളുടെ മാത്രം പിന്തുണയോടെ സര്‍ക്കാരിന് രാഷ്ട്രപതി സ്ഥാനത്തേക്ക് ഒരാളെ വിജയിപ്പിക്കാന്‍ സാധിക്കില്ല.
അതിനാല്‍, പൊതുസമ്മതനായ ഒരാളെ നിര്‍ത്തി എന്‍.ഡി.എക്ക് പുറത്തുള്ള ചെറുകക്ഷികളുടെ പിന്തുണ തേടാനും കേന്ദ്ര സര്‍ക്കാര്‍ ശ്രമം ആരംഭിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."