സ്വര്‍ണക്കടത്ത്: കേന്ദ്ര സര്‍ക്കാരിന്റേത് മൃദുസമീപനമോ?
രാജ്യം എഴുപത്തിനാലാം സ്വാതന്ത്ര്യ ദിനം ആഘോഷിച്ച ശനിയാഴ്ച, ഇവിടെ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റി (ഇ.ഡി) ന്റെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിക്കൊണ്ടിരിക്കുകയായിരുന്നു. കേരളത്തെ പിടിച്ചുലച്ച നയതന്ത്ര സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഇതു മൂന്നാം തവണയാണ് ശിവശങ്കര്‍ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്കു മുന്‍പാകെ ചോദ്യം ചെയ്യലിനു വിധേയനാകുന്നത്. നേരത്തെ എന്‍.ഐ.എയും കസ്റ്റംസും അദ്ദേഹത്തെ ചോദ്യം ചെയ്തിരുന്നു. ശനിയാഴ്ചത്തെ ഇ.ഡിയുടെ ചോദ്യംചെയ്യല്‍ അഞ്ചു മണിക്കൂര്‍ വരെ നീണ്ടുനിന്നു. ഇന്നോ നാളെയോ അദ്ദേഹത്തെ വീണ്ടും ചോദ്യം ചെയ്‌തേക്കാം.
സ്വര്‍ണക്കടത്ത് കേസിലെ പ്രധാന പ്രതി സ്വപ്ന സുരേഷിന്റെ ലോക്കര്‍ പരിശോധിച്ചതിനെ തുടര്‍ന്നാണ് ഇ.ഡി എം. ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്തത്. ലോക്കര്‍ പരിശോധിച്ചപ്പോള്‍ ഒരു കിലോ സ്വര്‍ണവും ഒരു കോടി രൂപയുമാണ് കണ്ടെത്തിയത്. എം. ശിവശങ്കറിന്റെ സുഹൃത്തും ചാര്‍ട്ടേഡ് അക്കൗണ്ടന്റുമായ വേണുഗോപാലും സ്വപ്ന സുരേഷും സംയുക്തമായിട്ടായിരുന്നു ലോക്കര്‍ തുടങ്ങിയത്. എം. ശിവശങ്കറിന്റെ നിര്‍ദേശപ്രകാരമാണ് താന്‍ സ്വപ്നയ്‌ക്കൊപ്പം ലോക്കര്‍ തുടങ്ങിയതെന്നു വേണുഗോപാല്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മൊഴി നല്‍കിയിട്ടുണ്ട്. ലോക്കറില്‍ എന്തൊക്കെയാണ് സൂക്ഷിച്ചിരുന്നത് എന്നറിയില്ലെന്നും സ്വപ്ന സുരേഷ് നിര്‍ദേശിക്കുന്നതിന് അനുസരിച്ച് ലോക്കര്‍ തുറന്ന് അവരുടെ ഡ്രൈവറെ ഏല്‍പ്പിക്കുകയായിരുന്നുവെന്നും വേണുഗോപാല്‍ അന്വേഷണ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തിയതായാണ് പുറത്തുവന്ന വിവരം. ലോക്കറില്‍ നിന്ന് കണ്ടെത്തിയ പണം എവിടെ നിന്നാണ് കിട്ടിയതെന്ന ഇ.ഡിയുടെ ചോദ്യത്തിനു സംസ്ഥാന സര്‍ക്കാരിന്റെ ലൈഫ്മിഷന്‍ ഭവന പദ്ധതിയുടെ ദല്ലാള്‍ ആയി പ്രവര്‍ത്തിച്ചതിന്റെ കമ്മിഷന്‍ തുകയാണെന്നാണ് സ്വപ്ന വെളിപ്പെടുത്തിയത്. അന്വേഷണ സംഘം ഇതു വിശ്വാസത്തിലെടുത്തിട്ടില്ല. കള്ളപ്പണം വെളുപ്പിക്കാനും ഹവാല ഇടപാടിനും വേണ്ടി മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ അനുഗ്രഹാശിസ്സുകളോടെ തുടങ്ങിയതാണ് ബാങ്കിലെ ലോക്കര്‍ എന്ന് ഇതോടെ തെളിഞ്ഞിരിക്കുകയാണ്.
സ്വര്‍ണക്കടത്തില്‍ മാത്രമല്ല, കള്ളപ്പണം വെളുപ്പിക്കുന്നതിലും എം. ശിവശങ്കറിനു മുഖ്യ പങ്കുണ്ടെന്നു കഴിഞ്ഞ ദിവസത്തെ ചോദ്യം ചെയ്യലിലൂടെ ഇ.ഡിക്ക് ബോധ്യപ്പെട്ടിരിക്കാം. ഇന്നോ നാളെയോ അദ്ദേഹത്തെ വീണ്ടും ചോദ്യം ചെയ്യുമ്പോള്‍ സ്വപ്ന സുരേഷിനെയോ അല്ലെങ്കില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാലിനെയോ ബിനാമിയാക്കിയ ഈ സാമ്പത്തിക കുറ്റകൃത്യത്തില്‍ അദ്ദേഹത്തിനുള്ള പങ്ക് തെളിവു സഹിതം നിരത്തി ഒരുപക്ഷേ അറസ്റ്റും രേഖപ്പെടുത്തിയേക്കാം. അങ്ങനെ സംഭവിച്ചാല്‍ കുറ്റവാളികളുടെ തന്ത്രം ഇവിടെ വിജയിച്ചെന്നു വേണം വിലയിരുത്താന്‍. സ്വര്‍ണക്കള്ളക്കടത്ത് രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗപ്പെടുത്തി എന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തില്‍ എം. ശിവശങ്കര്‍ അടക്കമുള്ള പ്രതികള്‍ അറസ്റ്റ് ചെയ്യപ്പെടുകയാണെങ്കില്‍ രാജ്യദ്രോഹ പ്രവര്‍ത്തനത്തിനുള്ള കടുത്ത ശിക്ഷയായിരിക്കും പ്രതികള്‍ക്കു ലഭിക്കുക. എന്നാല്‍ ലോക്കറിലെ പണം കള്ളപ്പണം വെളുപ്പിക്കുന്നതിനാണ് ഉപയോഗപ്പെടുത്തിയതെന്ന രീതിയില്‍ കേസ് റജിസ്റ്റര്‍ ചെയ്താല്‍ കുറഞ്ഞ ശിക്ഷയായിരിക്കും കിട്ടുക. ഡിപ്ലോമാറ്റിക് ചാനലിലൂടെ സ്വര്‍ണക്കടത്ത് നടത്തിയത് രാജ്യാന്തര തലത്തില്‍ ഇന്ത്യയുടെ യശസ്സിനു മങ്ങലേല്‍പ്പിച്ചിട്ടുണ്ട്. അതിനാല്‍ വെറും സാമ്പത്തിക കുറ്റത്തിന്റെ പേരിലാണ് ശിവശങ്കര്‍ അറസ്റ്റ് ചെയ്യപ്പെടുന്നതെങ്കില്‍ രാജ്യദ്രോഹ കുറ്റമായ കോണ്‍സുലേറ്റ് വഴിയുള്ള സ്വര്‍ണക്കടത്ത് കേസില്‍നിന്ന് രക്ഷപ്പെടുകയും ചെയ്യും. സ്വര്‍ണക്കടത്ത് കേസുമായി ബന്ധമുള്ള ശിവശങ്കറിനെ രക്ഷപ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും ഒത്തുകളിക്കുകയാണെന്ന പ്രതിപക്ഷാരോപണങ്ങള്‍ക്ക് ശക്തി കൂടുകയും ചെയ്യും.
സ്വര്‍ണക്കടത്തിന്റെ പേരില്‍ എം. ശിവശങ്കര്‍ അറസ്റ്റ് ചെയ്യപ്പെട്ടാല്‍ അദ്ദേഹത്തെ ന്യായീകരിച്ചിരുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വാഭാവികമായും പ്രതിരോധത്തിലാകും. തുടര്‍ഭരണം പ്രതീക്ഷിച്ചു കഴിയുന്ന ഇടതു മുന്നണിക്ക് ആ സാധ്യത നഷ്ടപ്പെടുകയും ചെയ്യും. അത്തരമൊരവസ്ഥ വരാതിരിക്കാന്‍ ഇടതു മുന്നണി സര്‍ക്കാരുമായി ബി.ജെ.പി സര്‍ക്കാര്‍ സന്ധി ചെയ്യുമോ എന്നാണറിയേണ്ടത്. എം. ശിവശങ്കറിനെതിരേ, സാമ്പത്തിക കുറ്റാരോപണം മാത്രമാണ് ഉണ്ടാകുന്നതെന്നും അതിന്റെ പേരില്‍ മാത്രം അദ്ദേഹം അറസ്റ്റ് ചെയ്യപ്പെടുകയാണെങ്കില്‍, പ്രതിപക്ഷം ആരോപിക്കുന്ന ഒത്തുതീര്‍പ്പ് ഇടതു മുന്നണി സര്‍ക്കാര്‍ കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി സര്‍ക്കാരുമായി ഉണ്ടാക്കിയെന്ന് പൊതുസമൂഹത്തിന് വിശ്വസിക്കേണ്ടി വരും. സ്വര്‍ണക്കടത്തില്‍ എം. ശിവശങ്കറിന് നിര്‍ണായക പങ്കുണ്ടെന്ന് സ്വപ്നയുടെ മൊഴിയില്‍ നിന്ന് വെളിപ്പെട്ടതാണ്. കോണ്‍സുലേറ്റ് ബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്ത് കസ്റ്റംസ് പിടികൂടിയപ്പോള്‍ ശിവശങ്കറിനോട് സ്വര്‍ണം വിട്ടുകിട്ടാന്‍ ആവശ്യപ്പെടണമെന്നും എന്നാല്‍ അദ്ദേഹം വഴങ്ങിയില്ലെന്നും സ്വപ്ന അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്‍പാകെ മൊഴി നല്‍കിയതാണ്. അതായത്, സ്വര്‍ണക്കടത്തിനെക്കുറിച്ച് ശിവശങ്കറിന് അറിവുണ്ടായിരുന്നു എന്നര്‍ഥം.
രാജ്യസുരക്ഷയെ ബാധിക്കുന്ന ഒരു കുറ്റകൃത്യത്തെക്കുറിച്ച് തികച്ചും ബോധ്യമുണ്ടായിട്ടും ആ വിവരം അധികാരികളില്‍ നിന്ന് മറച്ചുവച്ചതിലൂടെ എം. ശിവശങ്കറും സ്വര്‍ണക്കടത്തില്‍ ഗൂഢാലോചനാ പ്രതിയാണ്. ഇതുസംബന്ധിച്ച് എത്രയോ കോടതി വിധികളുണ്ടായിട്ടുണ്ട്. എന്നിട്ടും എം.ശിവശങ്കര്‍ അറസ്റ്റ് ചെയ്യപ്പെടാത്തത് എന്തുകൊണ്ടാണ്?. ജയിലില്‍ കിടക്കുന്ന ഒരു കുറ്റവാളിയുടെ വാക്കുകളുടെ പിന്‍ബലത്തില്‍ മാത്രം മുന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി പി. ചിദംബരത്തെ അദ്ദേഹത്തിന്റെ വീട്ടുമതില്‍ ചാടിക്കടന്ന് അറസ്റ്റ് ചെയ്ത് തൊണ്ണൂറ് ദിവസം ജയിലിലിട്ട ബി.ജെ.പി സര്‍ക്കാര്‍ എം. ശിവശങ്കറെ, തെളിവുകള്‍ ഉണ്ടായിട്ടും സ്വര്‍ണക്കടത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്യാത്തതെന്താണ്? അന്വേഷണം ശരിയായ ദിശയിലൂടെയാണ് മുന്‍പോട്ട് പോകുന്നതെങ്കില്‍, ഇതുവരെ കണ്ടെത്തിയ വസ്തുതകളുടെ അടിസ്ഥാനത്തില്‍ എന്തുകൊണ്ട് നടപടികള്‍ ഉണ്ടാകുന്നില്ല?.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."