HOME
DETAILS

ദേശീയ വിദ്യാഭ്യാസ നയത്തിലെ കാവിമയം

  
backup
August 17 2020 | 00:08 AM

saffronaisation-of-education2020

 


ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം സമൂലമായ പല മാറ്റങ്ങള്‍ക്കും രാജ്യം സാക്ഷിയാവുകയാണ്. ഒടുവിലെ മാറ്റം, പുതിയ വിദ്യാഭ്യാസ നയത്തിനു പാര്‍ലമെന്റിന്റെ അംഗീകാരം ലഭിച്ചിരിക്കുന്നു. സ്വാതന്ത്ര്യാനന്തരം വര്‍ഷങ്ങളായി രാജ്യം പിന്തുടരുന്ന രീതിയില്‍നിന്ന് വ്യത്യസ്തമായ മാറ്റമാണ് ഈ നയം വിഭാവനം ചെയ്യുന്നത്. മോദിയുടെ പരിഷ്‌കാരങ്ങള്‍ പൊതുവെ അദ്ദേഹം ഉള്‍ക്കൊള്ളുന്ന രാഷ്ട്രീയ പരിസരത്തുനിന്ന് തന്നെ വായിച്ചെടുക്കുന്നതായിരിക്കും ഉചിതം. ഉദാരവല്‍ക്കരണവും കാവിവല്‍ക്കരണവും അതോടനുബന്ധിച്ചുണ്ടാകുന്ന രാജ്യത്തിന്റെ വികസനവുമാണ് അദ്ദേഹം ഇപ്പോഴും സ്വപ്നം കാണുന്നത്. കസ്തൂരി രംഗന്‍ അടങ്ങുന്ന സമിതി അതിനെ ഒട്ടും മറച്ചുവയ്ക്കാനും ശ്രമിച്ചിട്ടില്ല. പാര്‍ലമെന്റിനെ മറികടന്നും പൊതുജനങ്ങളും അക്കാദമിസ്റ്റുകളും സംസ്ഥാന സര്‍ക്കാരുകളും രാഷ്ട്രീയ സംഘടനകളും മുന്നോട്ടുവച്ച പല നിര്‍ദേശങ്ങളും ഏറെക്കുറെ പൂര്‍ണാര്‍ഥത്തില്‍ തള്ളിക്കളഞ്ഞാണ് പുതിയ കരടുരേഖ ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചിട്ടുള്ളത്.
പുതിയ ദേശീയ നയത്തിന്റെ രൂപീകരണപ്രക്രിയ തുടങ്ങുന്നത് ഒന്നാം എന്‍.ഡി.എ സര്‍ക്കാരിന്റെ കാലത്താണ്. അന്നത്തെ മാനവശേഷി വികസനമന്ത്രി സ്മൃതി ഇറാനി, മുന്‍ കാബിനറ്റ് സെക്രട്ടറി ടി.എസ്.ആര്‍ സുബ്രഹ്മണ്യത്തിന്റെ നേതൃത്വത്തില്‍ അഞ്ചംഗ ബ്യൂറോക്രാറ്റിക് കമ്മിറ്റിയെ നിയമിക്കുകയും കമ്മിറ്റി 2016 മെയ് 27നു 230 പേജുള്ള റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു. പകരം 2016 ജൂലൈ മാസത്തില്‍ പൊതുജന താല്‍പര്യം തേടിക്കൊണ്ട് ഒരു ഡ്രാഫ്റ്റ് മാനവശേഷി മന്ത്രാലയം പുറത്തിറക്കി. പൊതുജനങ്ങളില്‍നിന്ന് നല്‍കപ്പെട്ട നിര്‍ദേശങ്ങള്‍ അവഗണിച്ച്, പിന്നീട് പ്രകാശ് ജാവേദ്കര്‍ മാനവശേഷി മന്ത്രിയായപ്പോള്‍ ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍മാന്‍ കസ്തൂരി രംഗന്റെ നേതൃത്വത്തിലുള്ള 11 അംഗ കമ്മിറ്റിയെ ദേശീയനയത്തിന്റെ കരട് റിപ്പോര്‍ട്ട് തയാറാക്കാന്‍ നിയോഗിക്കുന്നു. 2019 മെയ് 31നു കമ്മിറ്റി, 484 പേജുള്ള കരട് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചര്‍ച്ചകള്‍ക്കും പ്രതികരണങ്ങള്‍ക്കുമായി ലഭ്യമാക്കുകയും ചെയ്തു. വ്യക്തികളില്‍നിന്നും സംഘടനകളില്‍നിന്നും രണ്ടു ലക്ഷത്തിലധികം പ്രതികരണങ്ങള്‍ കരട് റിപ്പോര്‍ട്ടിന്‍മേല്‍ ലഭിച്ചെന്നു പറയുമ്പോഴും, അന്തിമ റിപ്പോര്‍ട്ടില്‍ അവ പരിഗണിച്ചുവോയെന്നു വ്യക്തമല്ല. ഇന്ത്യന്‍ വിദ്യാഭ്യാസത്തില്‍ നിര്‍ണായക പരിവര്‍ത്തനങ്ങള്‍ക്കു തുടക്കം കുറിക്കാനുതകുന്ന നിഗമനങ്ങളുടെയും നിര്‍ദേശങ്ങളുടെയും സമാഹാരമാണ് പുതിയ വിദ്യാഭ്യാസ നയമെന്നും സംഘ്പരിവാറിന്റെ നിയന്ത്രിത ഇടപെടലുകള്‍ മാത്രമാണ് നയരേഖയില്‍ കാണുന്നതെന്നും നിരീക്ഷണങ്ങളുയരുമ്പോള്‍ ദേശീയ വിദ്യാഭ്യാസ നയം മുന്നോട്ടുവയ്ക്കുന്ന രാഷ്ട്രീയം സൂക്ഷ്മതലങ്ങളില്‍ ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ട്.

സംസ്ഥാനങ്ങളെ മറികടന്ന്


ഇന്ത്യ എന്നത് ബഹുമുഖ സംസ്‌കാരങ്ങളെ, ഭാഷകളെ, മതങ്ങളെ സ്വാംശീകരിക്കുന്ന വലിയ ജനാധിപത്യ രാജ്യമാണ്. അപ്പോള്‍ വിദ്യാഭ്യാസ നയവും അത് ഉള്‍ക്കൊള്ളുന്നതാകണം. കേന്ദ്ര സര്‍ക്കാരിനും സംസ്ഥാനങ്ങള്‍ക്കും തുല്യപങ്കാളിത്തം ഉറപ്പുവരുത്താന്‍ വേണ്ടിയാണ് 1976ലെ ഭരണഘടനാ ഭേദഗതിയിലൂടെ വിദ്യാഭ്യാസം കണ്‍കറന്റ് ലിസ്റ്റിലേക്ക് മാറ്റിയത്. പുതിയ നയത്തിലൂടെ വിദ്യാഭ്യാസത്തിന്റെ പൂര്‍ണനിയന്ത്രണം കേന്ദ്ര സര്‍ക്കാരില്‍ നിക്ഷിപ്തമാകും.
എന്നാല്‍ ദേശീയമായ ഒരു പൊതുഘടനയ്ക്കു പുറമെ എന്‍.സി.ഇ.ആര്‍.ടി തയാറാക്കുന്ന പാഠപുസ്തകങ്ങള്‍, വിലയിരുത്തലിനുള്ള നാഷനല്‍ അസസ്‌മെന്റ് സെന്റര്‍ ഫോര്‍ സ്‌കൂള്‍ എജ്യുക്കേഷന്‍, യൂനിവേഴ്‌സിറ്റി എന്‍ട്രന്‍സ് പരീക്ഷകള്‍ക്കുള്ള നാഷനല്‍ ടെസ്റ്റിങ് ഏജന്‍സി, നാഷനല്‍ അലൈന്‍സ് ഫോര്‍ ടെക്‌നോളജി, ഗവേഷണാംഗീകാരവുമായി ബന്ധപ്പെട്ട നാഷനല്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി അധ്യക്ഷനായ രാഷ്ട്രീയ ശിക്ഷാ ആയോഗ് എന്നിങ്ങനെ വിദ്യാഭ്യാസ പ്രക്രിയയുടെ അക്കാദമിക ഭരണതലങ്ങളെയെല്ലാം വ്യത്യസ്ത സ്ഥാപനങ്ങളും വ്യവസ്ഥകളും വഴി കേന്ദ്രീകരിക്കുന്നതും ഏകീകരിക്കുന്നതും കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ തമ്മിലുള്ള താല്‍പര്യ സംഘട്ടനത്തിലേക്കും ആത്യന്തികമായി ഏകപക്ഷീയ നയം നടപ്പാക്കുന്നതിലേക്കും വഴിതെളിച്ചേക്കും.
വിദ്യാഭ്യാസത്തിന്റെ നിലവാരം മെച്ചപ്പെടുത്തുന്നതിന്റെ പേരില്‍ വാസ്തവത്തില്‍ മറ്റുചില അജന്‍ഡകളാണ് കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കാന്‍ പോകുന്നത്. മെഡിക്കല്‍, നിയമമേഖലകള്‍ ഒഴിച്ചുള്ള ഉന്നതവിദ്യാഭ്യാസ മേഖലയ്ക്കായി ഹയര്‍ എജ്യുക്കേഷന്‍ കമ്മിഷന്‍ ഓഫ് ഇന്ത്യ രൂപീകരിക്കുമെന്നാണ് അറിയിച്ചത്. ഇതു യു.ജി.സിയേക്കാള്‍ കേന്ദ്രീകൃതമാണ്. സ്വാതന്ത്ര്യത്തിന്റെയും സ്വയംഭരണത്തിന്റെയും അതിരുകള്‍ കമ്മിഷന്‍ ഏകപക്ഷീയമായി തീരുമാനിക്കുന്നു. പുതിയ കോഴ്‌സ് കൊണ്ടുവരുന്നതു മുതല്‍ പാഠ്യപദ്ധതി തീരുമാനിക്കുന്നതും ഗവേഷണത്തിന്റെ പുത്തന്‍ മേഖലകള്‍ കണ്ടെത്തുന്നതില്‍ വരെ കമ്മിഷന്റെ ഇടപെടല്‍ ശക്തമാകും. പാഠ്യപദ്ധതി, കരിക്കുലം തുടങ്ങിയവയെല്ലാം സമീപഭാവിയില്‍ അവര്‍ തന്നെ തീരുമാനിക്കും. സര്‍വകലാശാലകള്‍ക്ക് സിലബസും മറ്റു കാര്യങ്ങളുമെല്ലാം തീരുമാനിക്കാനുള്ള അധികാരം ഇല്ലാതാകുമെന്നു സാരം.

കാവിവല്‍ക്കരണം


രാജ്യത്തിന്റെ സംസ്‌കാരം, നവോത്ഥാനം തുടങ്ങി സ്വാതന്ത്ര്യസമര പോരാട്ടങ്ങളില്‍നിന്ന് രൂപപ്പെടുന്ന വിശാലമായ ചരിത്രാവലോകനം നമ്മുടെ സിലബസിന്റെ ഭാഗമായിരുന്നു. എന്നാല്‍ 'ഭാരത കേന്ദ്രീകൃത വിദ്യാഭ്യാസ സമ്പ്രദായ'മെന്ന പേരില്‍ ഉള്‍പ്പെടുത്തിയ ഇതില്‍ പുരാതന ഇന്ത്യയെക്കുറിച്ച് മാത്രമാണു ചര്‍ച്ച ചെയ്യുന്നത്. അക്കാലത്തെ സര്‍വകലാശാലകളായ നളന്ദ, തക്ഷശില, വിക്രമശില, വളഭി എന്നിവയുടെ വിജ്ഞാന സമ്പ്രദായത്തെയും ലോഹസംസ്‌കരണ ശാസ്ത്രം മുതല്‍ കപ്പല്‍ നിര്‍മാണം വരെയുള്ള മേഖലകളില്‍ നേടിയതെന്നു പറയുന്ന പുരോഗതിയെയുമാണ് നയരേഖ സൂചിപ്പിക്കുന്നത്. പ്രാചീന ഇന്ത്യന്‍ സംസ്‌കാരത്തിനു ഗണ്യമായ സംഭാവന നല്‍കിയ ബുദ്ധ ജൈന വിദ്യാഭ്യാസ പാരമ്പര്യത്തെ ഹിന്ദു ബ്രാഹ്മണിക്കല്‍ വിജ്ഞാന പാരമ്പര്യമായി വ്യാഖ്യാനിക്കുകയാണ് നയരേഖ ചെയ്യുന്നത് (എന്‍.ഇ.പി 2020, പേജ് 4). ബ്രാഹ്മണേതര വിഭാഗങ്ങളെ വിദ്യാഭ്യാസ ക്രമത്തിന്റെ പുറമ്പോക്കില്‍ ഏറെക്കാലം നിര്‍ത്തിയിരുന്ന പൗരാണിക വിദ്യാഭ്യാസത്തെ പൊതുവിദ്യാഭ്യാസമായി വിലയിരുത്തുന്നത് അപകടകരമായ ചരിത്രവായനയാണ്. പ്രാചീന അറിവുകളെല്ലാം യഥാര്‍ഥ ശാസ്ത്രമാണെന്നു വരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കുകയും അവ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്നും അത്തരം മേഖലകളില്‍ ഗവേഷണം പ്രോത്സാഹിപ്പിക്കണമെന്നു കൂടി ദേശീയനയം പറയുമ്പോള്‍ അതു മുന്നോട്ടുവയ്ക്കുന്ന രാഷ്ട്രീയസ്വഭാവം വ്യക്തമാണ്. മറ്റു ഭാഷകള്‍ക്കൊന്നുമില്ലാത്ത പ്രാധാന്യം സംസ്‌കൃതത്തിനു നല്‍കി സാംസ്‌കാരിക ദേശീയത രൂപപ്പെടുത്താന്‍ ശ്രമിക്കുകയാണ്. ഇന്ത്യയുടെ രാഷ്ട്രീയ ഏകീകരണത്തിന് വഴിതെളിച്ച മധ്യകാല ഘട്ടവും നവോത്ഥാന ആധുനിക മുന്നേറ്റങ്ങളും സംഭാവനകളും പരാമര്‍ശിക്കാത്ത ദേശീയ വിദ്യാഭ്യാസ നയരേഖയുടെ സമീപനം സംഘ്പരിവാര്‍ വിദ്യാഭ്യാസ കേന്ദ്രങ്ങളുടെ പൊളിറ്റിക്കല്‍ അജന്‍ഡയുടെ ഭാഗമാണെന്നത് തീര്‍ച്ചയാണ്.
ഇന്ത്യയുടെ പൗരാണിക സംസ്‌കാരത്തിനും പൈതൃകത്തിനും പ്രാധാന്യം നല്‍കി ആറു മുതല്‍ എട്ടു വരെയുള്ള ക്ലാസുകളില്‍ ധാര്‍മികമൂല്യപഠനം നല്‍കണമെന്നും വേദിക് കാലഘട്ടത്തിലെ ഗുരുകുല മാതൃകയിലുള്ള പഠനരീതി പ്രോത്സാഹിപ്പിക്കണമെന്നും ദേശീയനയം വ്യക്തമാക്കുന്നു. ഇതു യാഥാര്‍ഥ്യമാക്കുന്നതിനു വേണ്ടി ഗുരുകുല, പാഠശാലകള്‍, മദ്‌റസകള്‍ തുടങ്ങിയ സര്‍ക്കാരിതര സംഘടനകളെ കൂടി പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്. ഇത്തരത്തിലുള്ള മൂല്യാധിഷ്ഠിത വിദ്യാഭ്യാസം മതാധിഷ്ഠിത വിദ്യാഭ്യാസമായി രൂപപ്പെട്ടേക്കാം. ഹ്യൂമാനിറ്റീസ്, സയന്‍സ് വിഷയങ്ങള്‍ തമ്മില്‍ വേര്‍തിരിവ് ഒഴിവാക്കി പകരം ഒരേ സിലബസിന്റെ ഭാഗമാക്കണമെന്നും നിര്‍ദേശിക്കുന്നുണ്ട്. സ്‌പെഷലൈസേഷന്‍ ഒഴിവാക്കി പഠിതാവിനെ ജനറലിസ്റ്റ് ആക്കുകയും യോഗയും വാസ്തുവും ജ്യോതിഷവും വേദഗണിതവും കോര്‍ വിഷയങ്ങളായി കടന്നുവരാനുള്ള സാധ്യതയായും ഇതു മാറിയേക്കാം. നിലവില്‍ കോര്‍ വിഷയങ്ങളായി പരിഗണിക്കപ്പെടുന്ന ശാസ്ത്രം, സാമൂഹ്യശാസ്ത്രം, ഗണിതം, ഭാഷാപഠനം എന്നിവയ്ക്ക് എന്തു സംഭവിക്കുമെന്ന ചോദ്യവും ഇതോടൊപ്പം ഉയരുന്നുണ്ട്.


ഉദാരവല്‍ക്കരണം


അറിവ് ഉല്‍പാദിപ്പിക്കുക എന്നതില്‍നിന്ന് മാറി നൈപുണ്യവും ശേഷിയും വര്‍ധിപ്പിക്കാന്‍ ഊന്നല്‍ നല്‍കുന്നതാണ് പുതിയ വിദ്യാഭ്യാസ രേഖ. നയത്തിന്റെ ലക്ഷ്യം അറിവിന്റെ ഉല്‍പാദനമാണോ സ്‌കില്‍ ഡെവലപ്‌മെന്റാണോ എന്ന ചോദ്യവും അവശേഷിക്കുന്നു. തൊഴിലധിഷ്ഠിത വിദ്യാഭ്യാസം നല്‍കുമ്പോള്‍ സാധാരണക്കാരന്റെ മക്കള്‍ ചെറിയ ക്ലാസുകളില്‍ തന്നെ നൈപുണ്യശേഷി പഠിച്ച് ആ രംഗത്തേക്ക് തിരിയുകയും വരേണ്യ വര്‍ഗത്തില്‍പ്പെടുന്നവര്‍ നിലവാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുകയും അറിവുല്‍പാദനത്തില്‍ മുഴുകുകയും ചെയ്യും. അതായത്, പാവപ്പെട്ടവന്റെ മക്കള്‍ സാധാരണ നൈപുണ്യശേഷിയും പണക്കാരന്റെ മക്കള്‍ ഉന്നത വിദ്യാഭ്യാസവും കൈവരിക്കട്ടെ എന്നതാണു സമീപനം. ഇതു രണ്ടുതരം പൗരന്മാരെ സൃഷ്ടിക്കലാണ്.


ആഗോളവല്‍ക്കരണാനന്തര കാലഘട്ടത്തില്‍ മാര്‍ക്കറ്റിനാവശ്യമായ തൊഴില്‍ശക്തിയെ സജ്ജമാക്കുന്ന കേന്ദ്രങ്ങളായി സ്‌കൂളുകള്‍ രൂപപ്പെടും. ആറാം ക്ലാസ് മുതല്‍ തന്നെ കുട്ടികളില്‍ തൊഴിലധിഷ്ഠിത വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നുണ്ട്. കുട്ടികളില്‍ തൊഴിലഭിരുചിയും സംരംഭകത്വ മനോഭാവവും മികച്ച തൊഴില്‍സംസ്‌കാരവും രൂപപ്പെടേണ്ടത് അനിവാര്യമെങ്കിലും ഭാഷയിലും ശാസ്ത്രത്തിലും സാമൂഹ്യശാസ്ത്രത്തിലും ഗണിതത്തിലും അടിത്തറയുറപ്പിക്കുന്നതിനു മുന്‍പ് പ്രാദേശിക തൊഴില്‍ പരിസരങ്ങളിലേക്ക് കുട്ടികളെ നയിക്കുന്നത് അപകടമാണ്.
കൃത്യമായി പറഞ്ഞാല്‍, വിദ്യാഭ്യാസ മേഖലയില്‍നിന്ന് സര്‍ക്കാര്‍ പിന്മാറുകയാണ്. അതായത്, കോളജുകളുടെ അഫിലിയേഷന്‍ അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നു. കോളജുകള്‍ക്കു മുന്നില്‍ മൂന്ന് ഉപാധികളാണുള്ളത്: സ്വയംഭരണ സ്ഥാപനമായി മാറുക, സര്‍വകലാശാലയുടെ ഭാഗമാകുക, സര്‍വകലാശാല തന്നെയായി രൂപപ്പെടുക. നമ്മുടെ കോളജുകളില്‍ മഹാഭൂരിപക്ഷവും തീരെ സൗകര്യമില്ലാത്തതും നിലവാരം കുറഞ്ഞവയുമാണെന്ന കാര്യംകൂടി ഓര്‍ക്കുക. ഈ കോളജുകള്‍ എങ്ങനെയാണ് ഉന്നതനിലവാരത്തിലേക്ക് ഉയര്‍ത്തപ്പെടുക?. പുതിയ നയം വരുന്നതോടെ ഇവയെല്ലാം അപ്രത്യക്ഷമാകും, ഉന്നതവിദ്യാഭ്യാസ മേഖലയില്‍ പാവപ്പെട്ട വിദ്യാര്‍ഥികള്‍ തഴയപ്പെടും. സര്‍ക്കാര്‍ പിന്മാറുകയും ആ സ്ഥാനത്ത് സ്വകാര്യവ്യക്തികള്‍ വരികയും ചെയ്യുമ്പോള്‍ വരേണ്യവര്‍ഗത്തിനു മാത്രമായി വിദ്യാഭ്യാസം ചുരുക്കപ്പെടും.

സംവരണം തഴയപ്പെടുമോ ?


രാജ്യത്തെ വിദ്യാഭ്യാസ മേഖലയിലെ പിന്നാക്കാവസ്ഥയും ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ട്. ഇപ്പോഴും കേവലം 28 ശതമാനം പേര്‍ക്കാണ് ഉന്നതവിദ്യാഭ്യാസം നേടാന്‍ സാധിക്കുന്നത്. സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നില്‍ക്കുന്നവരെ മുന്നോട്ടുകൊണ്ടുവരാന്‍ സ്വാതന്ത്ര്യാനന്തര രാജ്യത്ത് ഒരുപാട് പദ്ധതികള്‍ നടപ്പാക്കപ്പെട്ടു. എന്നാല്‍ പുതിയ നയരേഖയില്‍ അവയെല്ലാം അവഗണിക്കപ്പെട്ടു. ഉന്നതവിദ്യാഭ്യാസ മേഖലയെ ചര്‍ച്ച ചെയ്യുമ്പോള്‍ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും മറ്റു ജോലിക്കാര്‍ക്കും സംവരണം ആവശ്യമാണെന്ന് എവിടെയും ചര്‍ച്ച ചെയ്യുന്നില്ല.
ഇന്ത്യയിലെ മുസ്‌ലിംകള്‍ ഏറ്റവും പിന്നാക്കം നില്‍ക്കുന്നവരാണെന്നു സച്ചാര്‍ കമ്മിറ്റി അടക്കമുള്ള മൈനോറിറ്റി കമ്മിഷനുകള്‍ പലപ്പോഴായി കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍പെടുത്തിയിട്ടും അതെല്ലാം തള്ളിക്കളയുന്നതാണ് ഈ വിദ്യാഭ്യാസ രേഖ. സംസ്‌കൃത ഭാഷയെ പരിപോഷിപ്പിക്കുമ്പോള്‍ അത്ര പ്രാധാന്യം കല്‍പ്പിക്കേണ്ട ഉര്‍ദു ഭാഷ, ഉര്‍ദു മീഡിയം സ്‌കൂളുകള്‍, സര്‍ക്കാര്‍ അംഗീകൃത മദ്‌റസകള്‍ എല്ലാം ഈ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കപ്പെട്ടിട്ടില്ല. അതുകൊണ്ടു തന്നെ ന്യൂനപക്ഷ വിഭാഗങ്ങള്‍ ഈ വിഷയത്തില്‍ തങ്ങളുടേതായ ഇടപെടല്‍ നടത്തല്‍ അനിവാര്യമായിത്തീരുന്നുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'കേരള-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് പോകരുത്'; മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്

Kerala
  •  2 months ago
No Image

പി.വി. അന്‍വറിന്റെ നയവിശദീകരണ സമ്മേളനം അല്പസമയത്തിനകം

Kerala
  •  2 months ago
No Image

വനിത ട്വന്റി20 ക്രിക്കറ്റ് ലോകകപ്പ്: പാകിസ്താനെതിരേ ഇന്ത്യക്ക് 106 റണ്‍സ് വിജയ ലക്ഷ്യം

Cricket
  •  2 months ago
No Image

കൊല്ലം-എറണാകുളം സ്‌പെഷ്യല്‍ മെമു സര്‍വീസ് നാളെ മുതല്‍

Kerala
  •  2 months ago
No Image

അടച്ചിട്ട് മൂന്നുമാസത്തിന് ശേഷം വാഗമണ്ണിലെ ചില്ലുപാലം തുറക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്

Kerala
  •  2 months ago
No Image

പരീക്ഷയ്ക്ക് മുന്‍പേ എല്‍ഡി ക്ലാര്‍ക്ക് ചോദ്യപേപ്പര്‍ വെബ്‌സൈറ്റിലെന്ന് പരാതി; ചോര്‍ന്നിട്ടില്ലെന്ന് പിഎസ്‌സി 

Kerala
  •  2 months ago
No Image

ഭോപ്പാലില്‍ വന്‍ ലഹരിവേട്ട; 1800 കോടി രൂപ വിലമതിക്കുന്ന ലഹരിമരുന്ന് പിടികൂടി, രണ്ട് പേര്‍ അറസ്റ്റില്‍

National
  •  2 months ago
No Image

'എട മോനെ ഇത് വേറെ പാര്‍ട്ടിയാണ്, പോയി തരത്തില്‍ കളിക്ക് !'; അന്‍വറിനെതിരെ പോസ്റ്റുമായി മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി

Kerala
  •  2 months ago
No Image

തൃശൂര്‍ എടിഎം കവര്‍ച്ച; നിര്‍ണായക തൊണ്ടിമുതലുകള്‍ പുഴയില്‍ നിന്ന് കണ്ടെത്തി

Kerala
  •  2 months ago
No Image

സി.പി.എമ്മിനെ പിണക്കാനാവില്ല; അന്‍വറിന്റെ ഡി.എം.കെയുമായുള്ള സഖ്യസാധ്യത അടയുന്നു? 

Kerala
  •  2 months ago