റബര്‍, ക്ഷീര, മത്സ്യ കര്‍ഷകരെ സഹായിക്കാന്‍ സഹ. വകുപ്പ് പദ്ധതി
സ്വന്തം ലേഖകന്‍
തൊടുപുഴ: സംസ്ഥാനത്തെ ദുരിതത്തിലായ റബര്‍, ക്ഷീര, മത്സ്യ, പൗള്‍ട്രി കര്‍ഷകരെ സഹായിക്കാന്‍ സഹകരണ വകുപ്പ് പദ്ധതി.
റബര്‍ കര്‍ഷകര്‍ക്ക് മഴ മറ (റെയ്ന്‍ ഗാര്‍ഡിങ്) ഏര്‍പ്പെടുത്തുന്നതിന് പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങള്‍ വഴി സബ്‌സിഡി നിരക്കില്‍ വായ്പ നല്‍കുന്ന പദ്ധതിയാണ് ആവിഷ്‌ക്കരിച്ചിരിക്കുന്നത്. കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് പദ്ധതി ക്ഷീര, മത്സ്യ, പൗള്‍ട്രി കര്‍ഷകര്‍ക്ക് കൂടി ലക്ഷ്യമാക്കും.
ഇതുസംബന്ധിച്ചുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ സഹകരണസംഘം രജിസ്ട്രാര്‍ ഡോ. നരസിംഹുഗരി ടി.എല്‍ റെഡ്ഢി പുറത്തിറക്കി. റബര്‍ കര്‍ഷകരെ സഹായിക്കാന്‍ പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങള്‍ 25,000 രൂപ വരെ 7 ശതമാനം പലിശനിരക്കിലും 25,000 രൂപയ്ക്ക് മുകളില്‍ 50,000 രൂപ വരെ 9 ശതമാനം പലിശനിരക്കിലും വായ്പ അനുവദിക്കും.
സംഘത്തിന്റെ സാമ്പത്തികസ്ഥിതിയനുസരിച്ച് വായ്പകള്‍ പലിശരഹിതമായോ കുറഞ്ഞ പലിശയിലോ നല്‍കുന്നത് സംബന്ധിച്ച് അതാത് സംഘത്തിന് തീരുമാനിക്കാം. കാലാവധിക്കുള്ളില്‍ വായ്പ തിരിച്ചടച്ചില്ലെങ്കില്‍ കാര്‍ഷികേതര വായ്പയുടെ പലിശ നിരക്ക്, പിഴപ്പലിശ എന്നിവ ബാധകമാകും.
കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് പദ്ധതിപ്രകാരം ക്ഷീര, മത്സ്യ, പൗള്‍ട്രി കര്‍ഷകര്‍ വായ്പയ്ക്ക് അപേക്ഷിച്ചാല്‍ തക്കതായ കാരണമില്ലാതെ നിരസിക്കാന്‍ പാടില്ല. നിലവില്‍ വായ്പാ കുടിശിക ഉണ്ടെങ്കിലോ മറ്റേതെങ്കിലും ബാങ്കില്‍നിന്ന് കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് മുഖേന വായ്പ ലഭ്യമായിട്ടുണ്ടെങ്കിലോ മാത്രമേ അപേക്ഷ നിരസിക്കാവൂ. ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്നുള്ള സബ്‌സിഡി ലഭ്യമാകുന്ന തരത്തില്‍ അതാത് വകുപ്പുകളുമായി ബന്ധപ്പെടുത്തി വേണം പദ്ധതി നടപ്പാക്കാന്‍.
കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് വായ്പകള്‍ നല്‍കുന്നതിലേക്കായി നബാര്‍ഡ് പുനര്‍വായ്പാ പദ്ധതികള്‍ സംഘങ്ങള്‍ പ്രയോജനപ്പെടുത്തണമെന്നും സര്‍ക്കുലര്‍ നിര്‍ദേശിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."