ആംആദ്മി നേതൃത്വത്തിനെതിരേ രൂക്ഷ വിമര്‍ശനവുമായി സി.ആര്‍ നീലകണ്ഠന്‍
കൊച്ചി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ആംആദ്മി പാര്‍ട്ടിയുടെ പിന്തുണ എല്‍.ഡി.എഫിന് നല്‍കാന്‍ തീരുമാനിച്ചതിനു പിന്നാലെ പാര്‍ട്ടി കേന്ദ്ര നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കേരളത്തിലെ കണ്‍വീനറായിരുന്ന സി.ആര്‍ നീലകണ്ഠന്‍. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആര്‍ക്ക് പിന്തുണ കൊടുക്കണമെന്ന കാര്യത്തില്‍ ആശയക്കുഴപ്പമുണ്ടാക്കിയത് പാര്‍ട്ടി കേന്ദ്ര നേതൃത്വമാണ്. തന്നെ കണ്‍വീനര്‍ സ്ഥാനത്തുനിന്നു നീക്കിയ കേന്ദ്ര നേതൃത്വത്തിന്റെ നടപടി അംഗീകരിക്കുന്നുവെന്നും സി.ആര്‍ നീലകണ്ഠന്‍ പറഞ്ഞു.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എന്തു നിലപാട് സ്വീകരിക്കണമെന്ന് കേന്ദ്ര നേതൃത്വത്തോട് നേരത്തെ ചോദിച്ചപ്പോള്‍ ഇടതുമുന്നണിയെയോ യു.ഡി.എഫിനെയോ പിന്തുണയ്‌ക്കേണ്ടതില്ലെന്നും എന്‍.ഡി.എയെ തോല്‍പിക്കാന്‍ പറ്റുന്ന സ്ഥാനാര്‍ഥികള്‍ക്ക് പിന്തുണ നല്‍കണമെന്നുമായിരുന്നു പറഞ്ഞിരുന്നത്. എന്നാല്‍ കേരളത്തില്‍ ഓരോ മണ്ഡലത്തിലും സ്ഥിതി വ്യത്യസ്തമാണ്. അതനുസരിച്ച് ഓരോ മണ്ഡലത്തിനും അനുസരിച്ചുള്ള നിലപാടാണ് കേരളത്തില്‍ സ്വീകരിച്ചത്. ഓരോ മണ്ഡലത്തിലെയും പ്രവര്‍ത്തകരാണ് അത് തീരുമാനിച്ചത്. അല്ലാതെ താനല്ല. തന്റെ വ്യക്തിപരമായ അഭിപ്രായം അടിച്ചേല്‍പ്പിച്ചിട്ടുമില്ല. ഓരോ മണ്ഡലത്തിലെയും പ്രവര്‍ത്തകരുടെ അഭിപ്രായമനുസരിച്ചാണ് അതത് മണ്ഡലത്തില്‍ നിലപാട് പ്രഖ്യാപിച്ചത്.
18ന് ചേര്‍ന്ന് യോഗത്തില്‍ 12 മണ്ഡലത്തിലെ കാര്യമാണ് തീരുമാനിച്ചത്. തെരഞ്ഞെടുപ്പില്‍ ഒരു നിലപാട് പ്രഖ്യാപിക്കണമല്ലോ. അതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ 18ന് തങ്ങള്‍ ജില്ലാ കമ്മിറ്റികളുമായി ചര്‍ച്ച ചെയ്ത് പാര്‍ട്ടി കണ്‍വീനര്‍ എന്ന നിലയിലാണ് കേരള ഘടകത്തിന്റെ നിലപാട് പ്രഖ്യാപിച്ചത്. കേന്ദ്ര നേതൃത്വമാണ് തന്നെ കണ്‍വീനറാക്കിയത്. പുറത്താക്കിയ നടപടി അംഗീകരിക്കുന്നുവെന്നും പാര്‍ട്ടി വിട്ടുപോകാന്‍ തീരുമാനിച്ചിട്ടില്ലെന്നും സി.ആര്‍ നീലകണ്ഠന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."