അമൃതം പദ്ധതി രണ്ടു ലക്ഷം പേര്‍ക്ക് കൊവിഡ് പ്രതിരോധ മരുന്നുകള്‍ നല്‍കി
സ്വന്തം ലേഖകന്‍
മലപ്പുറം: കൊവിഡ് പ്രതിരോധത്തിനായി സര്‍ക്കാര്‍ നടപ്പാക്കുന്ന അമൃതം പദ്ധതി പ്രകാരം സംസ്ഥാനത്തെ 1206 ആയുര്‍രക്ഷാ ക്ലിനിക്കുകള്‍ വഴി രണ്ടു ലക്ഷം പേര്‍ക്ക് ആയുര്‍വേദ പ്രതിരോധ മരുന്നുകള്‍ നല്‍കി. തദ്ദേശ സ്ഥാപനങ്ങളുടെ സഹായത്തോടെ ക്വാറന്റൈന്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടവരെ ഫോണിലൂടെ നേരിട്ടു വിളിച്ച് പദ്ധതിയെപ്പറ്റി വിശദീകരിക്കുകയാണ് ആദ്യഘട്ടത്തില്‍ ചെയ്യുന്നത്. പിന്നീട് താല്‍പ്പര്യമുള്ളവര്‍ക്ക് ആദ്യ 14 ദിവസത്തേക്കുള്ള ആയുര്‍വേദ മരുന്നുകള്‍ നല്‍കുന്നു.
കഷായം, ഗുളിക, ചൂര്‍ണം മുതലായവയാണ് പ്രതിരോധ മരുന്നുകള്‍. മരുന്നുകള്‍ നല്‍കിയ ശേഷം ഇവരുടെ വിവരങ്ങള്‍ ഫോണ്‍വഴി ശേഖരിക്കുകയും ഓരോ തദ്ദേശ സ്ഥാപനങ്ങളിലെയും മരുന്നു കൊടുത്തവരുടെ എണ്ണം , പോസിറ്റീവ് ആകുന്നവരില്‍ മരുന്ന് കഴിച്ചവരുടെ എണ്ണം കഴിക്കാത്തവരുടെ എണ്ണം എന്നിങ്ങനെ തരം തിരിച്ച് ദിനംപ്രതി ഓണ്‍ലൈനായി സ്റ്റേറ്റ് സെല്ലിന് റിപ്പോര്‍ട്ട് ചെയ്യുന്നു.
14 ദിവസത്തെ മരുന്നിനു ശേഷം തുടര്‍ന്നുള്ള ശാരീരികമാറ്റങ്ങള്‍ മനസിലാക്കുന്നതിനും മറ്റു നിര്‍ദ്ദേശങ്ങള്‍ക്കുമായി ടെലി കൗണ്‍സിലിംഗും നല്‍കുന്നുണ്ട്. കൊവിഡ് രോഗമുക്തി നേടിയ വര്‍ക്കായുള്ള സര്‍ക്കാരിന്റെ പുനര്‍ജനി പദ്ധതിയും സംസ്ഥാനത്ത് പുരോഗമിക്കുകയാണ്. രോഗമുക്തിനേടിയ 1600 പേര്‍ ഇതിനകം പുനര്‍ജനിയുടെ ഭാഗമായി കഴിഞ്ഞു.
60 വയസിനു മുകളിലുള്ളവര്‍ക്ക് രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിനുള്ള സുഖായുഷ്യം പദ്ധതി വഴി 2.7 ലക്ഷം പേര്‍ക്കും 60 വയസിനു താഴെയുള്ളവര്‍ക്കുള്ള സ്വാസ്ഥ്യം പദ്ധതി വഴി മൂന്നു ലക്ഷം പേര്‍ക്കും മരുന്നുകള്‍ നല്‍കി. നാഷണല്‍ ആയുഷ്മിഷന്റെ സംസ്ഥാന ഫണ്ടില്‍നിന്നു മൂന്നര കോടി ചെലവഴിച്ചാണ് പ്രതിരോധ മരുന്നുകള്‍ വിവിധ ജില്ലകളിലായി നല്‍കിയത്. അഞ്ചു ലക്ഷം രൂപയുടെ മരുന്നുകൂടി ഉടന്‍ വിതരണം ചെയ്യും. പ്രതിരോധ മരുന്നുകള്‍ നല്‍കിയവരില്‍ പൊസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് വളരെ കുറവാണന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.
മലപ്പുറത്താണ് ഏറ്റവും കൂടുതല്‍ പ്രതിരോധമരുന്നുകള്‍ നല്‍കിയത്. മരുന്നു കഴിച്ചവരില്‍ രോഗം വരാനുള്ള സാധ്യത കഴിക്കാത്തവരേക്കാള്‍ വളരെ കുറവായാണ് പഠനങ്ങള്‍ തെളിയിക്കുന്നതും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."