സി.പി.എമ്മിനെയും ഇടതുപക്ഷത്തെയും വിമര്‍ശിക്കാതെ പ്രിയങ്കയും
നിലമ്പൂര്‍(മലപ്പുറം): വയനാട്ടില്‍ മത്സരിക്കുന്ന രാഹുല്‍ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് പങ്കെടുത്ത പൊതുയോഗങ്ങളില്‍ എല്‍.ഡി.എഫിനെ തൊടാതെ വിമര്‍ശനം ആര്.എസ്.എസിനും മോദിക്കും എതിരേ മാത്രം തിരിച്ച് പ്രിയങ്കാ ഗാന്ധിയും. വയനാട്ടില്‍ പ്രധാന എതിരാളി എല്‍.ഡി.എഫ് ആയിട്ടും നിലമ്പൂരില്‍ പ്രിയങ്കാ ഗാന്ധി പങ്കെടുത്ത യോഗത്തിലും എല്‍.ഡി.എഫിനെതിരേ വിമര്ശനമുണ്ടാകാത്തത് അണികളേയും പ്രാദേശിക നേതാക്കളെയും നിരാശപ്പെടുത്തി.
ആര്യാടന് മുഹമ്മദ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ പ്രിയങ്ക വേദിയില്‍ എത്തുന്നതിന് മുന്‍പ് എല്‍.ഡി.എഫിനെതിരേ രൂക്ഷമായ വിമര്‍ശനങ്ങളാണ് പ്രസംഗത്തില്‍ ഉയര്‍ത്തിയത്. കര്‍ഷക ആത്മഹത്യ ഉയര്‍ത്തികാട്ടിയ പ്രിയങ്ക വയനാട്ടിലും കര്‍ഷക ആത്മഹത്യ ഉണ്ടെന്ന് സൂചന നല്‍കിയെങ്കിലും സംസ്ഥാന സര്‍ക്കാറിനെ നേരിട്ട് കുറ്റപ്പെടുത്താന്‍ തയാറായില്ല. പ്രളയത്തില്‍ നഷ്ടം സംഭവിച്ചവര്‍ക്കുള്ള നഷ്ടപരിഹാരം ഇനിയും ലഭിച്ചില്ലെന്ന് മാത്രമാണ് സംസ്ഥാന സര്‍ക്കാറിനെ പരാമര്‍ശിക്കാതെ സൂചിപ്പിച്ചത്.
കഴിഞ്ഞ 17ന് വണ്ടൂരില്‍ രാഹുല്‍ ഗാന്ധി പങ്കെടുത്ത പൊതുസമ്മേളനത്തില്‍ എല്‍.ഡി.എഫിനെതിരേ വിമര്‍ശനം ഉണ്ടാകുമെന്ന് അണികളും നേതാക്കളും പ്രതീക്ഷിച്ചിരുന്നുവെങ്കിലും ഒരു വാക്കുപോലും എല്‍.ഡി.എഫിനെ പറയാതെയായിരുന്നു രാഹുല്‍ മടങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."