കൊലക്കേസിലെ പ്രതിയെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം; പ്രതികളെ പൊലിസ് തിരിച്ചറിഞ്ഞതായി സൂചന
കുമ്പള: കുമ്പള പെര്‍വാഡിലെ അബ്ദുല്‍ സലാമിനെ (32) തലയറുത്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ കൊലയാളി സംഘത്തെ പൊലിസ് തിരിച്ചറിഞ്ഞു. മണല്‍കടത്തുമായി ബന്ധപ്പെട്ട കുടിപ്പകയാണ് കൊലയ്ക്ക് കാരണമെന്ന് വ്യക്തമായിട്ടുണ്ട്. ഇന്ന് ഉച്ചയോടെ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ അബ്ദുല്‍ സലാമിന്റെ മൃതദേഹം വിദഗ്ദ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.
കഴിഞ്ഞ ദിവസം രാത്രി തന്നെ കൊലയുമായി കുമ്പള എസ്.ഐ ജയശങ്കര്‍ സ്വമേധയാ കേസെടുത്തിരുന്നു. സലാമിന്റെ കൂടെയുണ്ടായിരുന്ന സുഹൃത്ത് കുമ്പള ബദരിയ നഗറിലെ നൗഷാദിനെ (28) ദേഹമാസകലം കുത്തേറ്റ നിലയില്‍ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഇയാളെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കി തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇയാളില്‍ നിന്നും ഇന്നു രാത്രിയോടെ പൊലിസ് മൊഴിയെടുക്കുമെന്നാണ് സൂചന.
കഴിഞ്ഞ ദിവസം രാത്രി ഓട്ടോയില്‍ കറങ്ങുന്നതിനിടെ പൊലിസ് കസ്റ്റഡിയില്‍ എടുക്കുമ്പോള്‍
അബ്ദുല്‍ സലാമിനും നൗഷാദിനും ഒപ്പം ഉണ്ടായിരുന്ന മറ്റു രണ്ട് സുഹൃത്തുക്കള്‍ സംഭവ സ്ഥലത്തുനിന്നും ഓടിരക്ഷപ്പെട്ടതായാണ് പൊലിസിനു ലഭിച്ചിരിക്കുന്ന വിവരം.
ഇതിലൊരാള്‍ക്ക് വെട്ടേറ്റിരുന്നതായും സംശയിക്കുന്നതിനാല്‍ ഇവരെ കണ്ടെത്താനും പൊലിസ് അന്വേഷണം നടത്തിവരുന്നുണ്ട്.
ബി.ജെ.പി പ്രവര്‍ത്തകനായ ദയാനന്ദന് വധക്കേസില്‍ പ്രതിയായ പേരാല്‍ റോഡിലെ സിദ്ദീഖിന്റെ വീട്ടില്‍ ഞായറാഴ്ച പുലര്‍ച്ചെ അബ്ദുല്‍ സലാമിന്റെ നേതൃത്വത്തിലുള്ള സംഘം തോക്ക് ചൂണ്ടി അക്രമം നടത്തിയതായി സൂചനയുണ്ട്.
ഈ സംഭവത്തിന് ശേഷമാണ് അബ്ദുല്‍ സലാം ഉള്‍പ്പെടെ നാല് പേരെ ഓട്ടോയില്‍ കറങ്ങുന്നതിനിടെ പൊലിസ് കസ്റ്റഡിയില്‍ എടുത്തത്. എന്നാല്‍ ഇവര്‍ക്കെതിരേ പരാതിയൊന്നും ഇല്ലാത്തതിനാല്‍ ഇന്നലെ ഉച്ചയോടെ വിട്ടയക്കുകയായിരുന്നു. ഇവര്‍ സ്ഥിരം താവളമായ പെര്‍വാഡ് മാളിയങ്കര കോട്ടയില്‍ എത്തിയതായി വിവരം ലഭിച്ച അക്രമിസംഘം അവിടെയെത്തി കൊല നടത്തുകയായിരുന്നുവെന്നാണ് പൊലിസിനു ലഭിച്ചിരിക്കുന്ന സൂചന.
ദയാനന്ദന് വധക്കേസില്‍ പ്രതിയായ സിദ്ദീഖിന്റെ ഒരു മണല്‍വണ്ടി പൊലിസ് കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. മണല്‍ കടത്തുന്ന വിവരം പൊലിസിനു നല്‍കിയത് അബ്ദുല്‍ സലാമും സംഘവുമാണെന്ന് സംശയിച്ച സിദ്ദീഖ് ഇവര്‍ക്കെതിരെ ഭീഷണി മുഴക്കിയതിന് പിന്നാലെയാണ് അബ്ദുല്‍ സലാമും സംഘവും അര്‍ധരാത്രി സിദ്ദീഖിന്റെ വീട്ടിലെത്തി ആയുധങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തിയത്. ഇതോടെ കൊലയ്ക്ക് പിന്നില്‍ സിദ്ദീഖും സംഘവുമാണെന്ന് പൊലിസ് ഉറപ്പിച്ചതായാണ് വിവരം. സിദ്ദീഖും മറ്റുചിലരും നാട്ടില്‍ നിന്നും മുങ്ങിയിരിക്കുകയാണ്. ഇവരെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
അബ്ദുല്‍ സലാമും സംഘവും മദ്യപിക്കുന്നതിനിടയിലാണ് കൊലയാളി സംഘമെത്തിയതെന്ന് കരുതുന്നു. മദ്യകുപ്പികളും മറ്റും സംഭവ സ്ഥലത്തുനിന്നും കണ്ടെത്തിയിട്ടുണ്ട്. അബ്ദുല്‍ സലാമിന്റെ ശരീരത്തില്‍ നിന്നും തല വെട്ടിയെടുത്ത ശേഷം 30 മീറ്റര്‍ ദൂരെ വലിച്ചെറിയുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."