ബഹ്‌റൈന്‍ റോഡുകളില്‍ യെല്ലോ ബോക്‌സ് ലംഘിച്ചാലുള്ള പിഴ കര്‍ശനമാക്കി
മനാമ: ബഹ്‌റൈനില്‍ ട്രാഫിക് സിഗ്നലുകള്‍ക്ക് സമീപമുള്ള യെല്ലോ ബോക്‌സുമായി (മഞ്ഞ വരകളുള്ള ഭാഗങ്ങള്‍) ബന്ധപ്പെട്ട നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് 20 ദിനാര്‍ പിഴ ചുമത്താനുള്ള കര്‍ശന നിര്‍ദേശം പ്രാബല്യത്തില്‍ വന്നു.
ഇത് പുതിയ നിയമമല്ലെങ്കിലും മെയ് 1 മുതല്‍ ഇത് കര്‍ശനമായി നടപ്പാക്കുമെന്ന് അധികൃതര്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ട്രാഫിക് ജങ്ഷനുകളിലെ യെല്ലോ ബോക്‌സുകളിലേക്ക് വണ്ടി കയറ്റി നിര്‍ത്തുന്നതു മൂലമുണ്ടാക്കുന്ന അപകടങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ തീരുമാനം.
സിഗ്നലുകള്‍ ശ്രദ്ധിക്കാതെ വണ്ടിയോടിക്കുന്നവര്‍ക്കാണ് പിഴ ചുമത്തുക. രാജ്യത്തുടനീളമുള്ള ജങ്ഷനുകളില്‍ 30ലധികം യെല്ലോ ബോക്‌സുകളാണുള്ളത്. ഇവിടുത്തെ ഗതാഗതക്കുരുക്ക് കുറക്കാനും അപകടം ഒഴിവാക്കാനുമാണ് യെല്ലോ ബോക്‌സ് വരക്കുന്നത്. ഗതാഗത നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കി തുടങ്ങിയ ശേഷം ബഹ്‌റൈനിലെ റോഡപകട നിരക്കില്‍ വന്‍ കുറവാണുണ്ടായത്. 2015ലെ കണക്കുമായി താരതമ്യം ചെയ്യുമ്പോള്‍ 2016ല്‍ റോഡപകട നിരക്കില്‍ 40 ശതമാനം കുറവുണ്ടായിട്ടുണ്ട്. 2015ല്‍ റോഡപകടങ്ങളില്‍ മരിച്ചവരുടെ എണ്ണം 76 ആണെങ്കില്‍ 2016ല്‍ ഇത് 47 ആയി മാറി.
ബഹ്‌റൈനിലെ റോഡുകളില്‍ അനുവദിച്ച വേഗപരിധിയേക്കാള്‍ 10 ശതമാനം അധികം വേഗത്തില്‍ ഓടിക്കുന്ന ഡ്രൈവര്‍മാര്‍ക്കു മാത്രമേ പിഴ ചുമത്തുകയുള്ളൂവെന്ന് ജനറല്‍ ട്രാഫിക് ഡയറക്ടറേറ്റ് അറിയിച്ചു. വേഗപരിധിയും പിഴയും സംബന്ധിച്ചു സോഷ്യല്‍ മീഡിയയില്‍ അടക്കം ആശങ്കയുളവാക്കുന്ന പ്രചാരണങ്ങളാണ് നടക്കുന്നത്. പല റോഡുകളിലും വേഗ പരിധി പൊടുന്നനെ കുറച്ചതു കാരണം ഡ്രൈവര്‍മാര്‍ കൂടുതല്‍ പിഴ അടക്കേണ്ടിവരുന്നുവെന്നായിരുന്നു ആക്ഷേപം. ഇതേതുടര്‍ന്നാണ് പിഴ സംവിധാനത്തില്‍ ഭേദഗതി വരുത്തിയ കാര്യം അധികൃതര്‍ ഔദ്യോഗികമായി വിശദീകരിച്ചത്. ഇവ നിരീക്ഷിക്കാനുള്ള പ്രത്യേക ക്യാമറകളും സജ്ജീകരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."