ബംഗാളില്‍ ഗവര്‍ണര്‍ വീണ്ടും സര്‍ക്കാരിനെതിരേ
കൊല്‍ക്കത്ത: ചെറിയൊരു ഇടവേളയ്ക്കു ശേഷം പശ്ചിമ ബംഗാളില്‍ സംസ്ഥാന സര്‍ക്കാരിനെതിരേ വീണ്ടും പോര്‍മുഖം തുറന്ന് ഗവര്‍ണര്‍ ജഗദീപ് ധന്‍കര്‍. രാജ്ഭവന്‍ സംസ്ഥാന സര്‍ക്കാരിന്റെ നിരീക്ഷണത്തിലാണെന്ന് ആരോപിച്ച അദ്ദേഹം സ്ഥാപനത്തിന്റെ വിശുദ്ധി കാത്തുസൂക്ഷിക്കാന്‍ ഏതറ്റംവരെയും പോകുമെന്നും വ്യക്തമാക്കി.
സ്വാതന്ത്ര്യദിനവുമായി ബന്ധപ്പെട്ട് രാജ്ഭവനില്‍ ഗവര്‍ണര്‍ നടത്തിയ ചായസല്‍ക്കാരത്തില്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി പങ്കെടുത്തിരുന്നില്ല. ഇതിനു പിന്നാലെയായിരുന്നു ഗവര്‍ണറുടെ പ്രതികരണം.
സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഗവര്‍ണര്‍ നടത്തിയ ചായസല്‍ക്കാരത്തില്‍ രാഷ്ട്രീയ രംഗത്തെ പ്രമുഖരടക്കം നിരവധി പേര്‍ പങ്കെടുത്തിരുന്നു. എന്നാല്‍, മുഖ്യമന്ത്രി മമതാ ബാനര്‍ജി പരിപാടിക്കെത്തിയില്ല. മുഖ്യമന്ത്രി എത്താത്തത് തന്നെ ഞെട്ടിച്ചുവെന്ന് പിന്നാലെ ഗവര്‍ണര്‍ പ്രതികരിച്ചിരുന്നു. ബംഗാളില്‍ നിയമപാലനം നടക്കുന്നില്ലെന്നും മാവോയിസം തിരികെവരികയാണെന്നും ഗവര്‍ണര്‍ ആരോപിച്ചിട്ടുണ്ട്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ രാഷ്ട്രീയക്കാര്‍ പറയുന്നതിനനുസരിച്ച് നില്‍ക്കരുതെന്നു പറഞ്ഞ അദ്ദേഹം, രാജ്ഭവനിലെ തീരുമാനങ്ങള്‍ ചോര്‍ത്തപ്പെടുന്നുണ്ടെന്നും ആരോപിച്ചു.
എന്നാല്‍, മുന്‍കൂട്ടി തീരുമാനിച്ച പരിപാടിയല്ല രാജ്ഭവനില്‍ നടന്നതെന്നും മറ്റു പരിപാടികള്‍ ഉള്ളതുകൊണ്ടാണ് വൈകിട്ടത്തെ ചടങ്ങില്‍ മുഖ്യമന്ത്രിയടക്കം പങ്കെടുക്കാതിരുന്നതെന്നുമാണ് അനൗദ്യോഗിക വിശദീകരണം. വിവിധ വിഷയങ്ങളെ ചൊല്ലി കഴിഞ്ഞ വര്‍ഷം മുതല്‍ ബംഗാളില്‍ സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ പ്രശ്‌നങ്ങളുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."