സാങ്കേതികക്കുരുക്കില്‍ പ്ലസ്‌വണ്‍ പ്രവേശനം; വിദ്യാര്‍ഥികള്‍ പ്രതിസന്ധിയില്‍
തിരുവനന്തപുരം: പ്ലസ്‌വണ്‍ പ്രവേശനവുമായി ബന്ധപ്പെട്ടുള്ള സാങ്കേതിക നൂലാമാലകള്‍ വിദ്യാര്‍ഥികളെ പ്രതിസന്ധിയിലാക്കുന്നു. വിദ്യാഭ്യാസ വകുപ്പ് അടിക്കടി പ്രവേശന നടപടികളില്‍ മാറ്റംവരുത്തുന്നതാണ് പ്രശ്‌നമായത്. ഓണ്‍ലൈന്‍ പ്രവേശനത്തിനായുള്ള കാന്‍ഡിഡേറ്റ് ലോഗിന്‍ സൃഷ്ടിക്കാനാകാതെ ബുദ്ധിമുട്ടുകയാണ് മിക്കവരും. നിസാര തെറ്റുകള്‍ക്ക് പ്രവേശന നടപടികളില്‍ നിന്ന് പുറത്താകുന്നതായും ആക്ഷേപമുണ്ട്.
മൊബൈല്‍ ഫോണിലൂടെ യൂസര്‍ ഐ.ഡിയും പാസ്‌വേഡും സൃഷ്ടിച്ച് അപേക്ഷ നല്‍കി പ്രവേശനം നേടാമെന്നായിരുന്നു ഹയര്‍സെക്കന്‍ഡറി ഡയരക്ടറേറ്റിന്റെ ആദ്യ നിര്‍ദേശം. പിന്നീട് സ്‌കൂളുകള്‍ വഴിയും മറ്റു സംവിധാനങ്ങളിലൂടെയും അപേക്ഷിക്കണമെന്ന് അറിയിച്ചു. ഇത്തരത്തില്‍ നാലര ലക്ഷത്തോളം വിദ്യാര്‍ഥികള്‍ അപേക്ഷിച്ചിരുന്നു.
എന്നാല്‍, ഓഗസ്റ്റ് 14ലെ പുതിയ ഉത്തരവില്‍ വിദ്യാര്‍ഥികള്‍ കാന്‍ഡിഡേറ്റ് ലോഗിന്‍ സൃഷ്ടിച്ച് തുടര്‍ന്നുള്ള മാറ്റങ്ങളും കൂട്ടിച്ചേര്‍ക്കലുകളും നടത്തി കണ്‍ഫേം ചെയ്യണമെന്ന് അറിയിച്ചു. ഈ മാസം 20നകം കണ്‍ഫേം ചെയ്യണമെന്നാണ് ഉത്തരവിലുള്ളത്. ഇങ്ങനെ ചെയ്യാത്തവര്‍ക്ക് പ്രവേശനം നേടാന്‍ കഴിയില്ല. ഇതിനായി അപേക്ഷയില്‍ നല്‍കിയ ഫോണ്‍ നമ്പറിലേക്കു ഒ.ടി.പി വരണം. അഞ്ചുതവണ മാത്രമേ ഒ.ടി.പി കിട്ടുകയുള്ളു. മാത്രല്ല, മുന്‍പു നല്‍കിയ രജിസ്റ്റര്‍ നമ്പര്‍, വര്‍ഷം, മൊബൈല്‍ നമ്പര്‍ തുടങ്ങിയവ തിരുത്താനും അനുവാദവമില്ല. പല കുട്ടികളും നല്‍കിയ മൊബൈല്‍ നമ്പര്‍ തെറ്റുന്നതോടെ പ്രവേശന നടപടികളില്‍ നിന്ന് പുറത്താകുന്ന സാഹചര്യമാണ് നിലവില്‍. വിദ്യാര്‍ഥികളെ വീണ്ടും അക്ഷയ കേന്ദ്രങ്ങളിലും മറ്റും കയറിയിറങ്ങാന്‍ നിര്‍ബന്ധിതരാക്കുന്നതാണ് പുതിയ നടപടിക്രമങ്ങള്‍. പ്രശ്‌നം ഗൗരവമായി കണ്ട് പരിഹരിക്കണമെന്ന് അധ്യാപകസംഘടനകളായ എ.കെ.എസ്.ടി.യുവും എ.എച്ച്.എസ്.ടി.എയും സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."