അഭിനന്ദന്‍ വര്‍ധമാന് വീരചക്ര ബഹുമതിക്ക് ശുപാര്‍ശ
ബംഗളൂരു: പാക് പിടിയില്‍നിന്ന് മോചിതനായി ഇന്ത്യയില്‍ മടങ്ങിയെത്തിയ വ്യോമസേന വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന്‍, ബാലാകോട്ട് മിന്നലാക്രമണത്തില്‍ പങ്കെടുത്ത വ്യോമസേനാ ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് രാജ്യത്തിന്റെ പരമോന്നത ബഹുമതിക്ക് ശുപാര്‍ശ. അഭിനന്ദന് വീരചക്ര ബഹുമതിക്കാണ് വ്യോമസേന ശുപാര്‍ശ ചെയ്തത്. പരമവീരചക്രയും മഹാവീര്‍ ചക്രയും കഴിഞ്ഞാല്‍ രാജ്യത്തെ മൂന്നാമത്തെ സൈനിക ബഹുമതിയാണ് വീരചക്ര.
ബാലാകോട്ടില്‍ ജെയ്‌ഷെ ഭീകര താവളങ്ങള്‍ക്കുനേരെ ആക്രമണം നടത്തിയ 12 മിറാഷ്-2000 യുദ്ധവിമാനങ്ങളിലെ പൈലറ്റുമാര്‍ക്ക് വായുസേനാ മെഡലിനും ശുപാര്‍ശ ചെയ്തിട്ടുണ്ട്.
അതിനിടയില്‍ പാക് പിടിയില്‍ നിന്ന് മോചിതനായി ഇന്ത്യയില്‍ തിരിച്ചെത്തിയതിനെ തുടര്‍ന്ന് വ്യത്യസ്ത പരിശോധനകള്‍ക്ക് വിധേയനായ വിങ് കമാന്‍ഡര്‍ അഭിനന്ദനെ ശ്രീനഗറില്‍ നിന്ന് പാക് അതിര്‍ത്തിയിലെ വ്യോമസേനയുടെ പശ്ചിമ സെക്ടറിലേക്ക് മാറ്റി. അദ്ദേഹത്തിന്റെ സുരക്ഷ പരിഗണിച്ചാണ് ഈ മാറ്റമെന്ന് വ്യോമസേനാ വക്താവ് പറഞ്ഞു.
പരിശോധനകള്‍ പൂര്‍ത്തിയായ സാഹചര്യത്തില്‍ അദ്ദേഹം ഉടന്‍ യുദ്ധവിമാനങ്ങള്‍ പറത്തിയേക്കുമെന്നാണ് വിവരം.
അദ്ദേഹത്തിന്റെ പരിശോധന പൂര്‍ത്തിയായതായി ബംഗളൂരു ആസ്ഥാനമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എയ്‌റോ സ്‌പേസ് (ഐ.എ.എം) റിപ്പോര്‍ട്ട് നല്‍കി. പാക് പിടിയില്‍ 60 മണിക്കൂര്‍ കഴിഞ്ഞതിനുശേഷമാണ് അഭിനന്ദനെ വിട്ടയക്കുന്നത്. ഇന്ത്യയില്‍ തിരിച്ചെത്തിയ ഉടന്‍ നടത്തിയ പരിശോധനയില്‍ അഭിനന്ദന്റെ വാരിയെല്ലിനും നട്ടെല്ലിനും പരുക്കുള്ളതായി കണ്ടെത്തിയിരുന്നു. ശ്രീനഗറിലെ എയര്‍ഫോഴ്‌സ് നമ്പര്‍ 51 സ്‌ക്വാര്‍ഡനിലായിരുന്നു അദ്ദേഹം ജോലി ചെയ്തിരുന്നത്.
വിമാനങ്ങള്‍ പറത്താന്‍ അനുവദിക്കുന്നതിന് 12 ആഴ്ചകള്‍ക്ക് മുന്‍പുതന്നെ പരിശോധനകള്‍ പൂര്‍ത്തിയാക്കാറാണ് പതിവ്. വിമാനത്തില്‍നിന്ന് താഴേക്ക് ചാടുന്നതു മൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകളില്‍നിന്ന് പൂര്‍ണമായും മോചിതനാകുന്നതുവരെ വിശ്രമം അനുവദിക്കാറുണ്ട്. ഫെബ്രുവരി 27ന് ഇന്ത്യന്‍ അതിര്‍ത്തി കടന്നെത്തിയ പാക്കിസ്താന്റെ എഫ്-16വിമാനം ഇന്ത്യയുടെ മിഗ് 21 വിമാനം ഉപയോഗിച്ച് അഭിനന്ദന്‍ തകര്‍ത്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."