ഉത്തേജകം: റഷ്യക്കെതിരേ നടപടി വേണമെന്ന് ഐ.ഒ.സി അംഗങ്ങള്‍
ലൊസേന്‍: 2014ലെ സോച്ചി ശീതകാല ഒളിംപിക്‌സില്‍ രാജ്യത്തിന്റെ അറിവോടെ ഉത്തേജക ഉപയോഗം നടത്തിയ റഷ്യക്കെതിരേ നടപടി വേണമെന്നു അന്താരാഷ്ട്ര ഒളിംപിക് അസോസിയേഷന്‍ അംഗങ്ങള്‍. ഇതിന്റെ ഭാഗമായി അസോസിയേഷന്‍ അംഗങ്ങള്‍ അടിയന്തര ചര്‍ച്ച നടത്തി. കായിക മത്സരങ്ങളുടെ വിശ്വാസ്യതയ്ക്ക് മങ്ങലേല്‍പ്പിച്ച സംഭവങ്ങളാണ് റഷ്യയില്‍ നടന്നതെന്ന് ഐ.ഒ.സി പ്രസിഡന്റ് തോമസ് ബാഷ് പറഞ്ഞു.
ഇപ്പോഴത്തെ സംഭവ വികാസങ്ങളോടെ അവര്‍ക്ക് ഒളിംപിക് പ്രതീക്ഷ അവസാനിപ്പിക്കാമെന്ന് ബാഷ് വ്യക്തമാക്കി. അംഗങ്ങളില്‍ നിന്ന് കടുത്ത സമ്മര്‍ദമുണ്ട്. നടപടിയെടുക്കാതിരിക്കാന്‍ നിര്‍വാഹമില്ലെന്നും ബാഷ് പറഞ്ഞു.
റഷ്യക്കെതിരേ വിലക്കേര്‍പ്പെടുത്തണമെന്ന് വിവിധ അംഗങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. രാജ്യം തന്നെ ഉത്തേജക ഉപയോഗത്തിനു പ്രോത്സാഹനം നല്‍കുന്നത് ഞെട്ടിപ്പിക്കുന്നതാണ്. ഇതിന്റെ വ്യാപ്തി എത്രത്തോളമുണ്ടെന്നു ഊഹിക്കാനാവുന്നില്ല. ഇനി ഇത്തരം കാര്യങ്ങളില്‍ സംയമനം പാലിക്കാന്‍ സാധിക്കില്ല. അതുകൊണ്ട് റഷ്യയെ ഒളിംപിക്‌സ്, പാരാലിംപിക് മത്സരങ്ങളില്‍ നിന്നു വിലക്കണമെന്ന് ബ്രിട്ടീഷ് അത്‌ലറ്റിക് കമ്മിഷന്‍ അംഗം ആദം പെങ്കിലി പറഞ്ഞു. വിലക്കേര്‍പ്പെടുത്തിയില്ലെങ്കില്‍ ഐ.ഒ.സി ദുര്‍ബലപ്പെടുമെന്നും പെങ്കിലി മുന്നറിയിപ്പ് നല്‍കി.
വാഡയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി റഷ്യക്കെതിരേ ശക്തമായ നടപടി ആവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്. ഒളിംപിക് പങ്കാളിത്തതിനായി റഷ്യ തന്ന അപേക്ഷകള്‍ ഐ.ഒ.സിയുടെ അന്താരാഷ്ട്ര പാരാലിംപിക്‌സ് കമ്മിറ്റിയും തള്ളിക്കളയണമെന്ന് വാഡ വ്യക്തമാക്കി.
ഇതുകൊണ്ട് ഉത്തേജക ഉപയോഗം തടയാനാവില്ലെന്നും ഈ പ്രവര്‍ത്തിയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കും റഷ്യയുടെ സര്‍ക്കാര്‍ പ്രതിനിധികള്‍ക്കും അന്താരാഷ്ട്ര മത്സരങ്ങള്‍ നടക്കുന്ന വേദികളിലേക്ക് പ്രവേശനം നല്‍കരുതെന്നും വാഡ ആവശ്യപ്പെട്ടു.
റോച്ചെന്‍കോവിന്റെ മൊഴി വിശ്വാസയോഗ്യം: മക്‌ലാരന്‍
റഷ്യക്കെതിരായ വെളിപ്പെടുത്തലുകളില്‍ നിര്‍ണായകമായ മുന്‍ മോസ്‌കോ ഉത്തേജക വിരുദ്ധ സമിതി ഡയറക്ടര്‍ ഗ്രിഗറി റോച്ചെന്‍കോവിന്റെ മൊഴി വിശ്വാസയോഗ്യമാണെന്ന് റിച്ചാര്‍ഡ് മക്‌ലാരന്‍ പറഞ്ഞു. അദ്ദേഹത്തിന്റെ ജീവിതത്തില്‍ മോശപ്പെട്ട കാര്യങ്ങള്‍ ഉണ്ടാവാം. എന്നാല്‍ ഉത്തേജക വിവാദത്തില്‍ അദ്ദേഹത്തിന്റെ മൊഴികള്‍ മുഖവിലക്കെടുക്കേണ്ടതാണെന്നും മക്‌ലാരന്‍ കൂട്ടിച്ചേര്‍ത്തു.
റഷ്യയുടെ അസോസിയേഷന്‍ നടത്തിപ്പിനെ മക്‌ലാരന്‍ രൂക്ഷമായി വിമര്‍ശിച്ചു. റഷ്യയിലെ കായിക അഴിമതികള്‍ 2010ല്‍ ആരംഭിച്ചതാണെന്ന് മക്‌ലാരന്‍ പറഞ്ഞു.
2013ലെ മോസ്‌കോ ലോക അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പ്, കസാന്‍ ലോക യൂനിവേഴ്‌സിറ്റി ഗെയിംസ് എന്നിവ ഉത്തേജക വേദികളായി റഷ്യ ഉപയോഗിച്ചു. സോച്ചി ഒളിംപിക്‌സ് പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ അദ്ദേഹത്തിന്റെ ഭരണപരമായ മികവ് കാണിക്കാന്‍ ലക്ഷ്യമിട്ട ടൂര്‍ണമെന്റായിരുന്നു. എന്നിട്ടും ഇത്തരത്തില്‍ കാര്യങ്ങള്‍ നടന്നെങ്കില്‍ അത് റഷ്യയുടെ വീഴ്ച്ചയായിട്ട് കാണാനേ സാധിക്കുള്ളൂവെന്ന് മക്‌ലാരന്‍ പറഞ്ഞു.
വാഡയുടെ റിപ്പോര്‍ട്ട്
റഷ്യന്‍ ഒളിംപിക് കമ്മിറ്റി തള്ളി
മോസ്‌കോ: ഉത്തേജക വിവാദത്തില്‍ എല്ലാ റഷ്യന്‍ താരങ്ങള്‍ക്കും വിലക്കേര്‍പ്പടുത്തണമെന്ന അന്താരാഷ്ട്ര ഉത്തേജക വിരുദ്ധ സമിതി(വാഡ)യുടെ റിപ്പോര്‍ട്ട് റഷ്യന്‍ ഒളിംപിക് കമ്മിറ്റി തള്ളി. റഷ്യയുടെ ഒളിംപിക് പങ്കാളിത്തം ഇല്ലാതാക്കുന്ന റിപ്പോര്‍ട്ട് ഒരു തരത്തിലും അംഗീകരിക്കില്ലെന്നു കമ്മിറ്റി വ്യക്തമാക്കി. റഷ്യയുടെ അറിവോടെ സോച്ചി വിന്റര്‍ ഒളിംപിക്‌സില്‍ താരങ്ങള്‍ ഉത്തേജകം ഉപയോഗിച്ചെന്ന് വാഡ കണ്ടെത്തിയിരുന്നു.
കനേഡിയന്‍ നിയമ വിദഗ്ധനും അന്വേഷണ സമിതി ചെയര്‍മാനുമായ റിച്ചാര്‍ഡ് മക്‌ലാരനാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
മക്‌ലാരന്‍ സമിതി പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ ഗുരുതര ആരോപണങ്ങളാണുള്ളത്. ഇതില്‍ ആരൊക്കെ പങ്കാളിയാണെന്ന് അന്വേഷിച്ച് കണ്ടെത്തണം. എന്നാല്‍ ഇതിന്റെ പേരില്‍ എല്ലാ താരങ്ങളെയും വിലക്കുന്ന നടപടി അംഗീരിക്കാനാവില്ലെന്ന് കമ്മിറ്റി വിലയിരുത്തി. ഉത്തേജകത്തിനെതിരേയുള്ള പോരാട്ടത്തില്‍ വാഡയ്ക്ക് എല്ലാവിധ പിന്തുണയും നല്‍കുമെന്നു കമ്മിറ്റി കൂട്ടിച്ചേര്‍ത്തു.
അതേസമയം റിപ്പോര്‍ട്ടില്‍ ഗ്രിഗറി റോച്ചന്‍കോവിന്റെ പരാമര്‍ശങ്ങള്‍ മാത്രമാണ് തെളിവായി സ്വീകരിച്ചതെന്നും റോച്ചന്‍കോവ് നല്‍കിയ തെളിവുകളുടെ ആധികാരികതയില്‍ സംശയുണ്ടെന്നും റഷ്യ വ്യക്തമാക്കി.
റഷ്യന്‍ കായിക സമിതി
അധികൃതര്‍ക്കെതിരേ അന്വേഷണം
ലോസേന്‍: ഉത്തേജക വിവാദത്തില്‍ ഉള്‍പ്പെട്ട റഷ്യന്‍ കായിക സമിതി അംഗങ്ങള്‍ക്കെതിരേ അന്വേഷണം. അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി ഇതുസംബന്ധിച്ച് അനുമതി നല്‍കിയിട്ടുണ്ട്. റിപ്പോര്‍ട്ടില്‍ ഉള്‍പ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് റിയോയില്‍ മത്സരങ്ങള്‍ നടക്കുന്ന വേദിയില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കില്ലെന്ന് ഐ.ഒ.സി പ്രസ്താവനയില്‍ വ്യക്തമാക്കി. അതേസമയം കായിക സമിതി ഉദ്യോഗസ്ഥര്‍ക്ക് പുറമേ താരങ്ങളെയും വിലക്കുന്നതിന് നിയമസാധുത തേടുമെന്നും ഐ.ഒ.സി കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."