സിസിയുടെ കാലാവധി 2030 വരെയാക്കല്‍: ഈജിപ്തില്‍ ഹിതപരിശോധന തുടങ്ങി
കൈറോ: ഈജിപ്തില്‍ പട്ടാളഭരണാധികാരി ജനറല്‍ അബ്ദുല്‍ ഫതഹ് അല്‍ സിസിയുടെ അധികാര കാലാവധി 2030വരെ ആക്കുന്നതു സംബന്ധിച്ച നിയമ ഭേദഗതിയിലുള്ള ഹിത പരിശോധന തുടങ്ങി. ജനഹിതം അറിയുന്നതിനായി ഇന്നലെ തുടങ്ങിയ വോട്ടെടുപ്പ് നാളെ അവസാനിക്കും.
സൈന്യത്തിന് സവിശേഷ അധികാരം, പാര്‍ലമെന്റില്‍ 25 ശതമാനം സ്ത്രീ സംവരണം എന്നിവയും ഉള്‍പ്പെടുന്നതാണ് ഭേദഗതി. കിഴക്കന്‍ നഗരമായ ഹിലിപൊലിസില്‍ സിസി വോട്ട് രേഖപ്പെടുത്തുന്ന ദൃശ്യങ്ങള്‍ ഈജിപ്ഷ്യന്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടു.
ഭരണഘടനാ ഭേദഗതിക്ക് കഴിഞ്ഞദിവസം പാര്‍ലമെന്റ് അംഗീകാരം നല്‍കിയിരുന്നു. 596 അംഗ പാര്‍ലമെന്റില്‍ വോട്ട്‌ചെയ്ത 554 ല്‍ 531 പേരും ഭരണഘടനാ ഭേദഗതിയെ അനുകൂലിച്ചു. പ്രസിഡന്റിന്റെ കാലാവധി ആറുവര്‍ഷമാക്കാനും രണ്ടുതവണകൂടി അധികാരത്തില്‍ തുടരാന്‍ സിസിക്ക് അനുമതി നല്‍കാനും ഉദ്ദേശിച്ചുള്ളതാണ് ഭേദഗതി.
2024ല്‍ കാലാവധി അവസാനിക്കാനിരിക്കെയാണ് ഭരണത്തില്‍ കൂടുതല്‍ കാലം തുടരാനുള്ള നീക്കവുമായി സിസി രംഗത്തെത്തിയത്. ഭേദഗതി അനുസരിച്ച് അല്‍സിസിയുടെ രണ്ടാംഘട്ട പ്രസിഡന്റ് കാലാവധി 2030നായിരിക്കും അവസാനിക്കുക. ഈജിപ്തിന്റെ നിലവിലെ നിയമപ്രകാരം നാലുവര്‍ഷമാണ് പ്രസിഡന്റിന്റെ കാലാവധി. രണ്ടുതവണ മാത്രമേ ഒരാള്‍ക്ക് അധികാരത്തില്‍ തുടരാനാകൂ. ഇതുസംബന്ധിച്ച് വ്യവസ്ഥചെയ്യുന്ന ഭരണഘടനയുടെ 140ാം അനുച്ഛേദമാണ് ഭേദഗതി ചെയ്യുക.
പതിറ്റാണ്ടുകള്‍ നീണ്ട ഹുസ്‌നി മുബാറകിന്റെ ഏകാധിപത്യം അവസാനിച്ച് 2011ല്‍ രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായി ജനാധിപത്യരീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട മുഹമ്മദ് മുര്‍സിയെ അട്ടിമറിച്ചാണ് പട്ടാള മേധാവിയായ സിസി ഈജിപ്തില്‍ ഭരണംപിടിച്ചത്.
വ്യാപക ക്രമക്കേട് ആരോപണമുയര്‍ന്ന 2014ലെ തെരഞ്ഞെടുപ്പില്‍ അദ്ദേഹം വിജയിക്കുകയുംചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."