പ്രീമിയര്‍ ഫുട്‌സാല്‍: മുംബൈ സെമിയില്‍
പനാജി: പ്രീമിയര്‍ ഫുട്‌സാലില്‍ ഇന്നലെ നടന്ന രണ്ടാം മത്സരത്തില്‍ മുംബൈ ഫൈവ്‌സ് മൂന്നിനെതിരേ നാലു ഗോളുകള്‍ക്ക് ചെന്നൈ ഫൈവ്‌സിനെ പരാജയപ്പെടുത്തി സെമിയില്‍ കടന്നു. ഫോഗ്ലിയ ഇരട്ട ഗോള്‍ നേടിയപ്പോള്‍ റയാന്‍ ഗിഗ്ഗ്‌സ്, ആഞ്ജലോട്ട് എന്നിവര്‍ മുംബൈയുടെ ശേഷിച്ച ഗോളുകള്‍ നേടി. അതേസമയം ടൂര്‍ണമെന്റില്‍ വരും ദിവസങ്ങളില്‍ വിവാദമായേക്കാവുന്ന ഗോളോടെയാണ് മത്സരം ആരംഭിച്ചത്. മത്സരത്തില്‍ ചെന്നൈ ആധിപത്യം നേടിയിരിക്കെയാണ് വിവാദ ഗോള്‍ പിറന്നത്. ഫോഗ്ലിയയുടെ മുന്നേറ്റത്തില്‍ സീന്‍ ഗാര്‍നിയര്‍ വീണതിനെ തുടര്‍ന്ന് താരം അപ്പീല്‍ ചെയ്തു. എന്നാല്‍ റഫറി അത് പരിഗണിച്ചില്ല. ഫോഗ്ലിയയുടെ മുന്നേറ്റം ചെന്നൈയുടെ പ്രതിരോധത്തെ മറികടന്ന് ലക്ഷ്യം കാണുകയും ചെയ്തു.
എന്നാല്‍ യഥാര്‍ഥത്തില്‍ ഇതു ഫൗളായിരുന്നു. ചെന്നൈ താരങ്ങള്‍ ഗോളിനെ എതിര്‍ത്തെങ്കിലും ഗോളനുവദിക്കുകയായിരുന്നു. എന്നാല്‍ വൈകാതെ തന്നെ ചെന്നൈ സമനില ഗോള്‍ നേടി. നന്ദയുടെ മികവുറ്റൊരു ക്രോസില്‍ സാന്‍ ഗാര്‍നിയറിന്റെ ശക്തിയേറിയ ഷോട്ട് മുംബൈ പ്രതിരോധത്തെ കാഴ്ച്ചക്കാരാക്കി വലയില്‍ കയറുകയായിരുന്നു. പിന്നീട് കളം നിറഞ്ഞു കളിച്ച ചെന്നൈ, മുംബൈയെ പ്രതിരോധത്തിലേക്ക് തള്ളിവിട്ടു. രണ്ടാം ക്വാര്‍ട്ടറില്‍ ചെന്നൈ രണ്ടാം ഗോള്‍ നേടി. പന്ത് ക്ലിയര്‍ ചെയ്യുന്നതില്‍ ആഞ്ജലോട്ടിന്റെ വീഴ്ച്ച മുതലെടുത്ത് റൊമുലു ഗോള്‍ നേടുകയായിരുന്നു. എന്നാല്‍ ആഞ്ജലോട്ടിന്റെ തകര്‍പ്പനൊരു കൗണ്ടര്‍ അറ്റാക്കില്‍ മുംബൈ ഗോള്‍ നേടി. കളിയവസാനിക്കാന്‍ 10 മിനുട്ട് മാത്രം ശേഷിക്കെയായിരുന്നു ഈ ഗോള്‍.
ഇതോടെ അവസാന ക്വാര്‍ട്ടര്‍ നിര്‍ണായകമായി. പൊരുതി കളിച്ച ചെന്നൈ മൂന്നാം ഗോളോടെ മുന്നില്‍ കയറി. ഇത്തവണയും റൊമുലു തന്നെയായിരുന്നു സ്‌കോറര്‍. എന്നാല്‍ നിര്‍ണായക നിമിഷത്തില്‍ അവസരത്തിനൊത്തുയര്‍ന്ന ഗിഗ്ഗ്‌സ് ടീമിന്റെ പ്രതീക്ഷ സജീവമാക്കി സമനില പിടിച്ചു. ഇതോടെ ഇരു ടീമുകളും തുടരെ ആക്രമണങ്ങളഴിച്ചു വിട്ടു. എന്നാല്‍ റാമിറസിന്റെ പാസില്‍ ഫോഗ്ലിയ ഗോള്‍ നേടിയതോടെ അപ്രതീക്ഷിത ജയം സ്വന്തമാക്കുകയായിരുന്നു മുംബൈ.
അതേസമയം വമ്പന്‍മാരുടെ ആദ്യ മത്സരത്തില്‍ സമനില. നിര്‍ണായക പോരില്‍ ഗോവ ഫൈവ്‌സ്-കൊല്‍ക്കത്ത ഫൈവ്‌സ് മത്സരം രണ്ടു വീതം ഗോള്‍ നേടി സമനിലയില്‍ പിരിയുകയായിരുന്നു. ഗോവയ്ക്ക് വേണ്ടി വാംപെറ്റ ഇരട്ട ഗോള്‍ നേടി കളിയിലെ താരമായപ്പോള്‍ വാന്‍ഡര്‍, പ്യൂല എന്നിവര്‍ കൊല്‍ക്കത്തയ്ക്കായി സ്‌കോര്‍ ചെയ്തു. കളിയുടെ ആദ്യ രണ്ടു ക്വാര്‍ട്ടറിലും രണ്ടു ഗോളിനു പിന്നില്‍ നിന്ന ഗോവ മൂന്നാം ക്വാര്‍ട്ടറില്‍ തകര്‍പ്പന്‍ പ്രകടനത്തിലൂടെ രണ്ടു ഗോള്‍ മടക്കി സമനില നേടുകയായിരുന്നു.
റൊണാള്‍ഡിഞ്ഞോയുടെ തകര്‍പ്പന്‍ പ്രകടനത്തില്‍ കഴിഞ്ഞ മത്സരത്തില്‍ വമ്പന്‍ ജയം സ്വന്തമാക്കിയ ഗോവയ്ക്ക് പക്ഷേ കൊല്‍ക്കത്തയ്‌ക്കെതിരേ നിറം മങ്ങിയ തുടക്കമാണ് ലഭിച്ചത്. ക്രെസ്‌പോയാണ് കൊല്‍ക്കത്തയുടെ ആക്രമണങ്ങള്‍ക്ക് തുടക്കമിട്ടത്. താരത്തിന്റെ തകര്‍പ്പനൊരു നിര്‍ഭാഗ്യം കൊണ്ടു ലക്ഷ്യം കണ്ടില്ല. മൂന്നാം മിനുട്ടില്‍ ഗോവയെ ഞെട്ടിച്ച് കൊല്‍ക്കത്ത ഗോള്‍ നേടി. പ്യൂലയായിരുന്നു സ്‌കോറര്‍. എന്നാല്‍ പെട്ടെന്ന് തന്നെ മികവിലേക്കുയരാന്‍ ഗോവയ്ക്ക് സാധിച്ചു. റാഫേലിന്റെ നീക്കങ്ങള്‍ കൊല്‍ക്കത്തയുടെ പ്രതിരോധത്തെ നിരന്തരം പരീക്ഷിച്ചു. എന്നാല്‍ ഗോള്‍ നേടാന്‍ മാത്രം സാധിച്ചില്ല. ഒന്‍പതാം മിനുട്ടില്‍ കൊല്‍ക്കത്ത സ്‌കോര്‍ ഉയര്‍ത്തി. മികച്ചൊരു പാസിങ് ഗെയിമില്‍ വാന്‍ഡര്‍ ഗോള്‍ നേടുകയായിരുന്നു. ആദ്യ ക്വാര്‍ട്ടറില്‍ രണ്ടു ഗോളിന്റെ ലീഡ് സ്വന്തമാക്കിയ കൊല്‍ക്കത്ത വമ്പന്‍ മാര്‍ജിനില്‍ മത്സരം ജയിക്കുമെന്ന് കരുതിയെങ്കിലും ടീം ഗെയിമിലൂടെ ഗോവ തിരിച്ചുവന്നു.
വാംപെറ്റ ഒന്നിലധികം തവണ ഗോള്‍ നേടുമെന്ന് കരുതിയെങ്കിലും നിര്‍ഭാഗ്യം ടീമിനു തിരിച്ചടിയായി. ഇടയ്ക്ക് ഇരു ടീമുകളെയും പരുക്കന്‍ അടവുകളിലേക്ക് നീങ്ങി. ഗോവയ്ക്കും കൊല്‍ക്കത്തയ്ക്കും തുടരെ ഫ്രീ കിക്കുകള്‍ ലഭിച്ചെങ്കിലും പാഴാക്കി. 24ാം മിനുട്ടില്‍ കൊല്‍ക്കത്തയുടെ പ്രതിരോധത്തെ നിഷ്പ്രഭമാക്കിയ മുന്നേറ്റത്തിലുടെ വാംപെറ്റ ഗോവയുടെ ആദ്യ ഗോള്‍ നേടി. റാഫേലും വാംപെറ്റയും ചേര്‍ന്ന് നടത്തിയ നീക്കത്തിലാണ് ഗോള്‍ പിറന്നത്.
മൂന്നു മിനുട്ടുകള്‍ക്ക് ശേഷം വാംപെറ്റ ടീമിന്റെ സമനില ഗോളും നേടി. ഗോവയുടെ കൗണ്ടര്‍ അറ്റാക്കിലാണ് ഗോള്‍ പിറന്നത്. മൂന്നാം ക്വാര്‍ട്ടറില്‍ തുടരെ രണ്ടു ഗോള്‍ നേടിയതോടെ ഗോവ മത്സരത്തില്‍ ആധിപത്യം നേടി. എന്നാല്‍ നിര്‍ണായകമായ അവസാന ക്വാര്‍ട്ടറില്‍ കാര്യമായ നീക്കങ്ങള്‍ക്ക് ഇരു ടീമുകളും തയാറാവാതിരുന്നപ്പോള്‍ മത്സരം സമനിലയില്‍ കലാശിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."