വോട്ടുറപ്പിക്കാന്‍ പ്രവാസികളും നാട്ടിലെത്തി തുടങ്ങി
കൊണ്ടോട്ടി: തെരഞ്ഞെടുപ്പ് ആരവം കെട്ടടങ്ങാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ ഇഷ്ട സ്ഥാനാര്‍ഥിക്ക് വോട്ടുചെയ്യാന്‍ പ്രവാസികള്‍ നാട്ടിലെത്തി തുടങ്ങി. ഇന്നലെ രാവിലെ 7.45ന് മസ്‌കത്തില്‍നിന്ന് എയര്‍ ഇന്ത്യാ എക്‌സ്പ്രസ് വിമാനത്തില്‍ 45 പേരും, മറ്റൊരു സംഘത്തില്‍ 40 പേരുമാണ് വോട്ടുചെയ്യാനായി നാട്ടിലെത്തിയത്.
ഇവര്‍ക്ക് കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്‌നേഹോഷ്മളമായ സ്വീകരണമാണ് ഒരുക്കിയത്. ഭീമമായ ടിക്കറ്റ് തുക പോലും വകവയ്ക്കാതെയാണ് പ്രവാസികള്‍ കൂട്ടത്തോടെ വോട്ടുചെയ്യാന്‍ നാട്ടിലെത്തുന്നത്. വോട്ടുചെയ്യാനെത്തുന്ന പ്രവാസികളില്‍ ഭൂരിഭാഗം പേരും കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ നിന്നുള്ളവരാണ്. മസ്‌കത്ത് കെ.എം.സി.സിയാണ് വോട്ട് വിമാനപദ്ധതിയുമായി മുന്നിട്ടിറങ്ങിയത്. കെ.പി അബ്ദുല്‍ കരീം, ഉമ്മര്‍ ബാപ്പു, യാക്കൂബ് തിരൂര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ആദ്യ സംഘമാണ് ഇന്നലെ കരിപ്പൂരിലെത്തിയത്. പ്രവാസി വോട്ടര്‍മാര്‍ക്ക് മുസ്‌ലിം ലീഗ്, കെ.എം.സി.സി നേതാക്കളായ ടി.വി ഇബ്രാഹിം എം.എല്‍.എ, കോഴിക്കോട് ജില്ലാ മുസ്‌ലിം ലീഗ് സെക്രട്ടറി സി.കെ.വി യൂസഫ്, മസ്‌കത്ത് കെ.എംസി.സി സെക്രട്ടറിമാരായ കെ.കെ റഫീഖ്, മുജീബ് കടലുണ്ടി, മന്‍സൂര്‍ സിനാവ്, ജലീല്‍ കരിപ്പൂര്‍, യൂത്ത് ലീഗ് ദേശീയ കമ്മിറ്റി അംഗം മുഹമ്മദ് ഹലീം ,സുഹൈര്‍ കോയമ്പത്തൂര്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരണം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."