ടാങ്കര്‍ ലോറി അപകടം; ഭയന്നുവിറച്ച് കുമ്പള
കുമ്പള: ടാങ്കര്‍ ലോറി അപകടത്തില്‍പ്പെട്ട വിവരമറിഞ്ഞ് കുമ്പള ഭയന്നുവിറച്ചു. ദേശീയപാതയില്‍ 20 അടി താഴ്ച്ചയിലേക്ക് മറിഞ്ഞ വിവരമറിഞ്ഞയുടന്‍ തൊട്ടടുത്ത വീട്ടിലെ താമസക്കാരെ അവിടെ നിന്നും മാറ്റി. ദേശീയപാതയിലെ വാഹനങ്ങള്‍ പലവഴിക്കായി വഴി തിരിച്ചുവിട്ടു.
ഗ്യാസ് ലീക്കുണ്ടോയെന്ന ഉറപ്പില്ലാത്തതിനാല്‍ പരിഭ്രാന്തി പലമടങ്ങായി വര്‍ധിച്ചു. ഗ്യാസ് ലീക്കില്ലെന്നും ലോറിയുടെ ഡ്രൈവറും ക്ലീനറും നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടുവെന്ന വിവരം ഉറപ്പിച്ചതോടെയാണ് മണിക്കൂറുകള്‍ നീണ്ടുനിന്ന പരിഭ്രാന്തി ഒഴിഞ്ഞത്.
ഷിറിയ പെട്രോള്‍ ബങ്കിനു സമീപം നിയന്ത്രണം വിട്ട ടാങ്കര്‍ ലോറി മറിഞ്ഞത് 20 അടി താഴ്ച്ചയിലേക്ക് മറഞ്ഞു. വന്‍ ദുരന്തം തലനാരിഴക്ക് വഴിമാറിയ അപകടത്തില്‍ ടാങ്കര്‍ ലോറി ഡ്രൈവര്‍ തമിഴ്‌നാട് സേലം സ്വദേശി ഗണേശ (32) നും ക്ലീനര്‍ ധനരാജും (28) തലനാരിഴക്കാണ് രക്ഷപ്പെട്ടത്. തലകീഴായി മറിഞ്ഞ ലോറിയില്‍ നിന്ന് ഇരുവരും തെറിച്ചു വീണു. ഇരുവര്‍ക്കും നിസ്സാര പരുക്കുകള്‍ മാത്രമേ പറ്റിയുള്ളൂ. ഇന്നലെ രാവിലെ 11 മണിയോടെയാണ് നാടിനെ ഭീതിയിലാക്കിയ അപകടം നടന്നത്. മംഗളൂരുവില്‍ നിന്നും പാചക വാതകവുമായി കൊച്ചിയിലേക്ക് പോവുകയായിരുന്ന ടാങ്കര്‍ ലോറി നിയന്ത്രണം വിട്ട് ഷിറിയ പെടോള്‍ ബങ്കിനു സമീപത്തെ വളവില്‍ 20 അടിയോളം താഴ്ച്ചയിലേക്ക് മറിയുകയായിരുന്നു.
20 ഓളം അടിതാഴ്ച്ചയിലേക്ക് ടാങ്കര്‍ ലോറി മറിഞ്ഞിട്ടും ഗ്യാസ് ടാങ്കര്‍ ലീക്കാവാഞ്ഞത് മൂലം വലിയ ദുരന്തമാണ് ഇല്ലാതായത്.
അപകട ശബ്ദം കേട്ട സമീപത്തെ വീട്ടുകാരാണ് പൊലിസിലും ഫയര്‍ഫോഴ്‌സിലും വിവരമറിയിച്ചത്. ഡി.വൈ.എസ്.പി സി. ഗോവിന്ദന്‍, കുമ്പള സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ ചുമതല വഹിക്കുന്ന കാസര്‍കോട് സി.ഐ എം.പി ആസാദ്, എസ്.ഐ മെല്‍വിന്‍ ജോസ്, ഹൈവെ പൊലിസ് എസ്.ഐ. എസ്. മുരളീധരന്‍ എന്നിവരുടെ നേതൃത്വത്തില്‍ പൊലിസും ഉപ്പളയില്‍ നിന്നും അസിസ്റ്റന്റ്‌റ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ഷാജിമോന്റെ നേതൃത്വത്തില്‍ രണ്ടു യൂണിറ്റ് ഫയര്‍ഫോഴ്‌സ് ജീവനക്കാരും സ്ഥലത്തെത്തി.
ഗ്യാസ് ടാങ്കര്‍ ലോറി 20 അടി താഴ്ച്ചയിലേക്ക് മറിഞ്ഞ വിവരം പടര്‍ന്നതോടെ ചുറ്റുവട്ടത്തെ താമസക്കാരും റോഡിലൂടെ സര്‍വ്വീസ് നടത്തിയിരുന്ന വാഹനത്തിലെ യാത്രക്കാരും പരിഭ്രാന്തരായി. സ്ഥലത്തെത്തിയ ഫയര്‍ഫോഴ്‌സ് സംഘം ഇന്ധന ചോര്‍ച്ചയില്ലെന്ന് ഉറപ്പ് വരുത്തിയതോടെയാണ് പരിഭ്രാന്തി അയഞ്ഞത്.
പരിഭ്രാന്തി പരന്നതിനെ തുടര്‍ന്ന് സുരക്ഷക്കായി 30 ഓളം വിടുകളില്‍ നിന്നും താമസക്കാരെ മാറ്റി. ദേശീയപാതയില്‍ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു.
യാത്രക്കാരെയും മറ്റും സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് നീക്കം ചെയ്തു. ഗതാഗതം മറ്റുവഴികളിലൂടെ തിരിച്ചുവിട്ടു. വാഹന ഗതാഗതം നിലച്ചതോടെ വിദ്യാര്‍ഥികളടക്കമുള്ള യാത്രക്കാര്‍ പെരുവഴിയിലായി. കാസര്‍കോട് ഭാഗത്തു നിന്നും വരുന്ന വാഹനങ്ങളെ കുമ്പള-സീതാംഗോളി- പെര്‍മുദ വഴി ബന്തിയോടിലേക്കും മംഗ്‌ളുരു ഭാഗത്തു നിന്നും വരുന്ന വാഹനങ്ങളെ ബന്തിയോട്-പോര്‍മുദ-സീതാംഗോളി വഴി കുമ്പളയിലേക്കുമാണ് വഴി തിരിച്ചു വിട്ടത്.
ഉച്ചക്കു രണ്ടു മണിയോടെ എത്തിയ ഒ.എ.ന്‍.ജി.സി അധികൃതര്‍ മറ്റൊരു ഒഴിഞ്ഞ ടാങ്കര്‍ എത്തിച്ച് വാതകം അതിലേക്ക് മാറ്റി തുടങ്ങി.
വാതക കൈമാറ്റം രാത്രി ഏറെ വൈകിയാണ് അവസാനിച്ചത്. അതുവരെയും പൊലിസും ഫയര്‍ഫോഴ്‌സും സുരക്ഷയൊരുക്കി കാത്തുനിന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."