കെ.പി കുഞ്ഞിമൂസ: കോഴിക്കോടന്‍ മൈത്രിയുടെ തലശ്ശേരിപ്പെരുമ
നന്മനിറഞ്ഞ പൂമരങ്ങള്‍ ഏറെയെണ്ണം ഈ വഴിത്താരകളെ സുഗന്ധ പൂരിതമാക്കി കാലവീഥികള്‍ കടന്നു പോയി. അവരെ ഓര്‍ക്കാനും അപദാനങ്ങള്‍ വാഴ്ത്താനും സമയം കണ്ടെത്തിയ ഒരാള്‍ ഒരാഴ്ച മുമ്പുവരേ നമുക്കൊപ്പമുണ്ടായിരുന്നു. ആ മനുഷ്യസ്‌നേഹിയും നമ്മെ വിട്ടകന്നു. നാലരപ്പതിറ്റാണ്ട് കോഴിക്കോട്ടെ സാംസ്‌കാരിക, രാഷ്ട്രീയ, മാധ്യമ, മനുഷ്യസ്‌നേഹമുള്‍പ്പെടെയുള്ള നിഖില മേഖലകളിലും നിറഞ്ഞുനിന്ന ആ പച്ച മനുഷ്യന്‍ വിടവാങ്ങിയിരിക്കുന്നു.
അനുസ്മരണ ലേഖനങ്ങള്‍ക്ക് ഗിന്നസ് റെക്കോഡ് നല്‍കുന്നെങ്കില്‍ അത് കെ.പി കുഞ്ഞിമൂസയ്ക്കായിരിക്കുമെന്ന് പറഞ്ഞാല്‍ അതിശയോക്തിയാവില്ല. കുഞ്ഞിമൂസയുടെ പേരിലുള്ള അനുസ്മരണക്കുറിപ്പ് വരാത്ത പ്രസിദ്ധീകരണങ്ങള്‍ മലയാളത്തിലില്ലെന്ന് പറഞ്ഞാലും തെറ്റാവില്ല. കഴിഞ്ഞ വിഷുത്തലേന്ന് അനുസ്മരിക്കപ്പെട്ടവരുടെ ലോകത്തേക്ക് യാത്രയായിരിക്കുന്നു കുഞ്ഞിമൂസയും. കോഴിക്കോട്ടുകാരുടെയും തലശേരിക്കാരുടെയും പ്രിയ കെ.പി, അതെ കെ.പി കുഞ്ഞിമൂസ. പത്രപ്രവര്‍ത്തകന്‍, കോളമിസ്റ്റ്, ഗ്രന്ഥകാരന്‍, വാഗ്മി, ഹാസ്യസാഹിത്യകാരന്‍, സംഘാടകന്‍, പരോപകാരി, ഏറ്റവും നല്ല സുഹൃത്ത്, ഗുരുനാഥന്‍ അങ്ങിനെയങ്ങിനെ ഒരുപാട് വിശേഷണങ്ങള്‍ ചേരുന്നൊരു നാമമായിരുന്നു കുഞ്ഞിമൂസയുടേത്. ഒരൊറ്റ ജീവിതം കൊണ്ട് സാമൂഹിക, സാംസ്‌കാരിക, ധാര്‍മിക, മാധ്യമ, സാഹിത്യ മേഖലകളിലെല്ലാം വെളിച്ചം വിതറി കടന്നുപോയ കോഴിക്കോട്ടെ നിറസാന്നിധ്യം. ഇന്നാട്ടുകാരുടെ മൈത്രിയും മമതയും തിരിച്ചറിഞ്ഞ കുഞ്ഞിമൂസ.
പിണറായിയുടെ സഹപാഠി
1938 ല്‍ തലശ്ശേരിക്കടുത്ത് പുന്നോലിലാണ് കുഞ്ഞിമൂസയുടെ ജനനം. കുഞ്ഞിക്കണ്ടി പുതിയ പുരയില്‍ കുഞ്ഞിപ്പാത്തുവിന്റെയും ബര്‍മയിലെ കച്ചവടക്കാരനായിരുന്ന തലശേരി സ്വദേശി പടയം പൊയില്‍ മമ്മുവിന്റെയും രണ്ടാമത്തെ പുത്രന്‍. ആലമ്പത്ത് മാപ്പിള സ്‌കൂളിലും മാഹി എം.എം ഹൈസ്‌കൂളിലും പ്രാഥമിക വിദ്യാഭ്യാസം നേടി. മുബാറഖ് ഹൈസ്‌കൂളില്‍ നിന്നും എസ്.എസ.്എല്‍.സി പാസായി. മടപ്പള്ളി കോളജില്‍ പ്രീഡിഗ്രി കഴിഞ്ഞകുഞ്ഞിമൂസ തലശേരി ബ്രണ്ണന്‍ കോളജില്‍ നിന്നു സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദം നേടി പുറത്തിറങ്ങി. മുഖ്യമന്ത്രി പിണറായി വിജയന്റെ സഹപാഠിയായിരുന്നു അദ്ദേഹം.
വിദ്യാര്‍ഥി ആയിരിക്കുമ്പോഴേ സാഹിത്യ വാസനയുണ്ടായിരുന്നു കുഞ്ഞിമൂസയ്ക്ക്. കണ്ണൂരില്‍ നിന്നു പ്രസിദ്ധീകരിച്ചിരുന്ന പി.വി.കെ നെടുങ്ങാടിയുടെ ദേശമിത്രത്തിലും സുദര്‍ശനത്തിലുമാണ് കെ.പി എഴുതിത്തുടങ്ങിയത്. തൃശൂരില്‍ നിന്നിറങ്ങിയ ഫാദര്‍ വടക്കന്റെ തൊഴിലാളി, ചന്ദ്രിക എന്നിവയില്‍ റിപ്പോര്‍ട്ടറായും ജോലി ചെയ്തു. ആനുകാലികങ്ങളില്‍ ലേഖനങ്ങള്‍ എഴുതുന്നത് അക്കാലത്തു തന്നെ തുടങ്ങി.
ചന്ദ്രികയിലും കോഴിക്കോട്ടും
ജനിച്ചത് തലശ്ശേരിയിലാണെങ്കിലും കുഞ്ഞിമൂസയുടെ തട്ടകം കോഴിക്കോട്ടായിരുന്നു. 1966ലാണ് ചന്ദ്രിക ദിനപത്രത്തിലെത്തുന്നത്. സബ് എഡിറ്ററായി ജോലി ആരംഭിച്ചു. ആയിടെ പബ്ലിക് റിലേഷന്‍സ് വകുപ്പില്‍ ഇന്‍ഫര്‍മേഷന്‍ ഓഫിസറായി നിയമനം ലഭിച്ചു. സംഭവം സി.എച്ച് മുഹമ്മദ് കോയാ സാഹിബറിഞ്ഞു. അദ്ദേഹം കുഞ്ഞിമൂസയെ വിളിച്ച് പറഞ്ഞു: എടോ താന്‍ ആ ജോലിക്ക് പോകണ്ട, അത് ജില്ലാകലക്ടറുടെ ഗുമസ്ഥപ്പണിയാ. സി.എച്ചിന്റെ ഉപദേശം ശിരസാ വഹിച്ച കെ.പി ചന്ദ്രികയില്‍ തുടര്‍ന്നു. സി.എച്ചിന്റെ ദീര്‍ഘദര്‍ശനവും ഉപദേശവുമാണ് ഒരു സര്‍ക്കാര്‍ ജീവനക്കാരനായി ജീവിതം കഴിക്കേണ്ടിവരുമായിരുന്ന കുഞ്ഞിമൂസയുടെ ജീവിത വഴിത്തിരിവായത്.
എഴുത്തിന്റെ ലോകം
അന്‍പതുകളുടെ അവസാനം മുതല്‍ ജയകേരളം, ജനയുഗം, നവയുഗം, ദേശാഭിമാനി, ഭാരതഭൂമി, നര്‍മദ, സരസന്‍, ഉത്തരദേശം, നവപ്രഭ, ലേറ്റസ്റ്റ്, കേരള ശബ്ദം, പ്രകാശം, ദീപ്തി, മലയാള ശബ്ദം, വികടന്‍, വിനോദന്‍, ചിന്തകന്‍, സുന്നിടൈംസ്, പൂങ്കാവനം, സത്യധാര, സര്‍ഗധാര, മാതൃഭൂമി, മനോരമ, മാധ്യമം, ചന്ദ്രിക, മലയാളം ന്യൂസ് തുടങ്ങി നിരവധിയനവധി പ്രസിദ്ധീകരണങ്ങളില്‍ കെ.പി തൂലിക ചലിപ്പിച്ചു. വാരാന്ത്യം പത്രാധിപര്‍, ആഴ്ചപതിപ്പിന്റെ എഡിറ്റര്‍ ഇന്‍ ചാര്‍ജ് എന്നിങ്ങനെ ചന്ദ്രികയില്‍ സ്ഥാനങ്ങള്‍ വഹിച്ചു. അടിയന്തിരാവസ്ഥ കാലത്ത് ചന്ദ്രിക വിട്ടു.
ലീഗ് ടൈംസിലെ കാലം
ചന്ദ്രിക വിട്ട ശേഷം തലശ്ശേരിയില്‍ ആവനാഴി വാരിക തുടങ്ങി. ഒരു വര്‍ഷത്തെ ആയുസേ അതിനുണ്ടായുള്ളൂ. മുസ്‌ലിം ലീഗ് പിളര്‍ന്നപ്പോള്‍ കുഞ്ഞിമൂസ അഖിലേന്ത്യാ ലീഗിലായിരുന്നു. പത്തു വര്‍ഷത്തോളം അതിന്റെ മുഖപത്രമായ ലീഗ് ടൈംസിന്റെ ന്യൂസ് എഡിറ്ററായി. ലീഗ് ടൈംസില്‍ പി.കെ മുഹമ്മദ് സാഹിബ് (മാനുസാഹിബ്), ടി.പി ചെറൂപ്പ, കെ. മൊയ്തീന്‍ കോയ, ബേവിഞ്ച അബ്ദുല്ല, അഹമദ് പാതിരിപ്പറ്റ, കെ. മുഹമ്മദ് കുട്ടി എന്നിവര്‍ക്കൊപ്പമുള്ള ജോലിക്കാലം കുഞ്ഞിമൂസക്ക പലപ്പോഴും അയവിറക്കാറുണ്ട്. ലീഗ് ഒന്നിച്ചതോടെ അദ്ദേഹം വീണ്ടും ചന്ദ്രികയിലെത്തി. 1996ലാണ് അവിടെ നിന്നും പിരിയുന്നത്. ചന്ദ്രികയില്‍ നിന്നും വിരമിച്ച ശേഷം സ്വന്തമായി ഒരു പ്രസിദ്ധീകരണാലയം തുടങ്ങി, കോഴിക്കോട് വയനാട് റോഡില്‍ വ്യാപാരഭവനിലെ മൈത്രിബുക്‌സ്. അത് കുഞ്ഞിമൂസയ്ക്കും കൂട്ടാളികള്‍ക്കും ഒത്തുകൂടാനുള്ള ഒരു സങ്കേതമായിരുന്നു. അല്ലാതെ പുസ്തകം വിറ്റ് കാശുണ്ടാക്കാനുള്ള ഒരു കേന്ദ്രമായിരുന്നില്ല. സാഹിത്യ സാംസ്‌കാരിക ചര്‍ച്ചകളും നിരൂപണങ്ങളും ചായകുടിയും ബഡായി പറയലുമൊക്കെയായി മൈത്രിയുടെ സായന്തനങ്ങള്‍ സജീവമായിരുന്നു.
എഴുത്തും പുസ്തക രചനയും
പുരസ്‌കാരങ്ങളും
മാധ്യമപ്രവര്‍ത്തനം, എഴുത്ത് സംഘാടനം ഇവ മൂന്നും അദ്ദേഹത്തിന്റെ രക്തത്തില്‍ അലിഞ്ഞതായിരുന്നു. ഹൃദ്യഭാഷയിലെ എഴുത്ത് പ്രാദേശികം മുതല്‍ അന്താരാഷ്ട്രം വരെ നീണ്ടു. കാലിക്കറ്റ് ടൈംസില്‍ ഗതകാല സ്മരണകള്‍ എന്ന പേരില്‍ വന്ന പരമ്പര പിന്നീട് മൈത്രി പബ്ലിക്കേഷന്‍ പരിചിത മുഖങ്ങളെന്ന പേരില്‍ പുസ്തകമാക്കി. മാതൃഭൂമിയുടെ നര്‍മ ഭൂമിയില്‍ എഴുതി. ഹാസ്യ ലേഖനങ്ങള്‍ നിരവധിയാണ്. പഴയകാലം, വടക്കന്‍ പെരുമ, ഫല്‍ഷ് ബാക്ക്, ചരിത്ര ശകലങ്ങള്‍ തുടങ്ങി അനേകം പരമ്പരകള്‍ വിവിധ പത്രങ്ങളില്‍ പ്രസിദ്ധമായ കോളങ്ങളായിരുന്നു.
ഈത്തപ്പഴത്തിന്റെ നാട്ടിലൂടെ, ഓര്‍മയുടെ ഓളങ്ങളില്‍, വഴികാട്ടികള്‍, മധുരിക്കും ഓര്‍മകള്‍, അഞ്ചു നേതാക്കള്‍, പുണ്യങ്ങളുടെ പൂക്കാലം, സി.എച്ച് ഫലിതങ്ങള്‍, ഒരു പത്രപ്രവര്‍ത്തകന്റെ തീര്‍ഥാടന സ്മൃതികള്‍ സമൃതിപഥങ്ങളിലെ ശിഹാബ് തങ്ങള്‍ തുടങ്ങി അനേകം ഗ്രന്ഥങ്ങള്‍ രചിച്ചു. കമ്യൂണിസം മതത്തിനു നേരെ എന്ന ലഘു ലേഖ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മിഡില്‍ ഈസ്റ്റ് ഇന്ത്യാ ഫ്രണ്ട്ഷിപ്പ് അസോസിയേഷന്റെ മിഫാ അവാര്‍ഡ്, ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്റെ ടി. ഉബൈദ് പുരസ്‌കാരം, ഫോക്‌ലോര്‍ അക്കാദമി പുരസ്‌കാരം, കാഞ്ഞങ്ങാട് മുസ്‌ലിം അസോസിയേഷന്‍ പുരസ്‌കാരം, ബി.എം അബ്ദുറഹ്മാന്‍ സാഹിബ് പുരസ്‌കാരം, കേരള ഹാസ്യവേദി പുരസ്‌കാരം, സാഹിത്യ അക്കാദമിയുടെയും കാലിക്കറ്റ് പ്രസ്‌ക്ലബ്ബിന്റെയും മാധ്യമപ്രവര്‍ത്തക അവാര്‍ഡുകകള്‍, മാപ്പിള കലാഅക്കാദിയുടെ വക്കം മൗലവി അവാര്‍ഡ്, തലശേരി മുസ്‌ലിം അസോസിയേഷന്‍ അവാര്‍ഡ്, അവാര്‍ഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ആയിരത്തിലേറെ റേഡിയോ പ്രഭാഷണങ്ങളും ചര്‍ച്ചകളും നടത്തി. ഹാസ്യം തനിക്ക് ലഭിച്ചത് വൈക്കം മുഹമ്മദ് ബഷീറില്‍ നിന്നാണെന്നും പത്ര പ്രവര്‍ത്തനത്തില്‍ വി.സി അബൂബക്കര്‍ ഗുരുവാണെന്നും സാഹിത്യത്തില്‍ മുഷ്താഖെന്ന പി.എ മുഹമ്മദ് കോയയാണ് പ്രചോദകനെന്നും കുഞ്ഞിമൂസക്ക പറയാറുണ്ട്. ഇന്ത്യയിലുടനീളം സഞ്ചരിച്ച അദ്ദേഹം വവിധ അറബ് രാജ്യങ്ങളില്‍ നിരവധി തവണ സന്ദര്‍ശനം നടത്തി.
അനുസ്മരണകുറിപ്പെഴുത്ത്
ലോകത്ത് ഇത്രയധികം അനുസ്മരണക്കുറിപ്പുകളെഴുതിയ മാധ്യമപ്രവര്‍ത്തകനുണ്ടോ എന്ന കാര്യം സംശയമാണ്. പ്രമുഖരായ ആരു മരിച്ചാലും പത്രത്താളുകളില്‍ അവരെക്കുറിച്ചുള്ള അനുസ്മരണമുണ്ടാവും. അത് കുഞ്ഞിമൂസയുടെതായിരിക്കുമെന്നുറപ്പ്. കൃത്യമായ വിവരങ്ങളോടെ വ്യക്തിയുടെ മഹത്വവും പ്രാധാന്യവും അല്‍പം പോലും ചോര്‍ന്നുപോകാതെ ലളിതസുന്ദരമായ ഭാഷയില്‍ ആ കുറിപ്പു വരും. ആറായിരത്തിനടുത്ത് അനുസ്മരണക്കുറിപ്പുകള്‍ കുഞ്ഞിമൂസയുടെതായുണ്ട്. ജവഹര്‍ലാല്‍ നെഹ്‌റു, വി.കെ കൃഷ്ണമേനോന്‍, ഇ.എം.എസ്, ഗായകന്‍ മുഹമ്മദ് റഫി തുടങ്ങി ദേശീയ തലത്തിലും അന്തര്‍ദേശിയ തലത്തിലും അറിയപ്പെട്ടവര്‍ മാത്രമല്ല പ്രാദേശിക മേഖലകളില്‍ തങ്ങളുടെ സേവനങ്ങള്‍ കാഴ്ചവച്ച് പിന്‍വാങ്ങിയ നിരവധി പേരുടെ അനുസ്മരണങ്ങളും അദ്ദേഹം എഴുതി. മതമോ ജാതിയോ രാഷ്ട്രീയമോ സാഹിത്യമോ എന്ന വിവേചനമില്ലാതെ സമൂഹത്തിന്റെ എല്ലാ തുറകളിലുമുള്ളവരുമായും അദ്ദേഹത്തിനുള്ള ബന്ധവും അവരെപ്പറ്റിയുള്ള അറിവുമായിരുന്നു ഇതിനു പിന്നില്‍. വ്യക്തികള്‍ മാത്രമല്ല മലബാറിലെ ഓരോ പ്രദേശത്തെക്കുറിച്ചും അവിടുത്തെ ചരിത്രത്തെക്കുറിച്ചും കൃത്യമായ അറിവ് കുഞ്ഞിമൂസയ്ക്കുണ്ടായിരുന്നു. പലപ്പോഴും മാധ്യമപ്രവര്‍ത്തകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും അദ്ദേഹം ഒരു എന്‍സൈക്ലോപീഡിയ തന്നെയായിരുന്നു. എണ്ണിയാലോടുങ്ങാത്തത്ര സുവനീറുകളിലും മറ്റ് പ്രസിദ്ധീകരണങ്ങളിലും കുഞ്ഞിമൂസക്കയുടെ തൂലികാ സ്പര്‍ശമുണ്ടായിട്ടുണ്ട്. ഇങ്ങിനെയുള്ളവയെല്ലാം കൃത്യമായി സൂക്ഷിച്ചുവെക്കുന്ന സ്വഭാവവും അദ്ദേഹത്തിനുണ്ടായിരുന്നു.
ആശയങ്ങളെ അക്ഷരങ്ങളിലേക്ക് സന്നിവേശിപ്പിക്കാനുള്ള കഴിവ്, സൂക്ഷമവും തീക്ഷണവുമായ ജീവിത നിരീക്ഷണങ്ങള്‍, പൊതു ജീവിതത്തിലെ സംശുദ്ദി. പ്രസംഗ വേദികളിലെ ശബ്ദ ഗാംഭീര്യം പത്രപ്രവര്‍ത്തന രംഗത്ത് തലമുറകളെ കോര്‍ത്തിണക്കുന്ന കണ്ണി അങ്ങിനെ അനേകം വിശേഷണങ്ങള്‍ അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ക്ക് ഓര്‍ത്തെടുക്കാനുണ്ട്. കോഴിക്കോട്ടെത്തുന്ന അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ വ്യാപാരഭവനിലെ മൈത്രി ബുക്‌സില്‍ കുഞ്ഞിമൂസയുടെ സല്‍ക്കാരം അനുഭവിക്കാതെ തിരികെപോയിട്ടില്ല. കുഞ്ഞിമൂസയുടെ സ്‌കൂട്ടറും അതിലുള്ള അദ്ദേഹത്തിന്റെ വരവും കോഴിക്കോട്ടുകാര്‍ക്ക് മറക്കാനാവില്ല. തന്റെ മൈത്രിബുക്‌സ് പുറത്തിറക്കിയ പുസ്തകങ്ങള്‍ സ്‌കൂട്ടറില്‍ ഒരു സഞ്ചിയിലുണ്ടാവും. പൊതു പരിപാടികളില്‍ പങ്കെടുത്ത് പിരിയുമ്പോള്‍ പുസ്തകങ്ങള്‍ തന്റെ സഹൃത്തുക്കള്‍ക്ക് സമ്മാനിച്ചാണ് അദ്ദേഹം പോവുക. ജനിക്കുമ്പോള്‍ തലശേരിക്കാരനാവണമെന്നും മരിക്കുമ്പോള്‍ കോഴിക്കോട്ടുകാരനാവണമെന്നും കുഞ്ഞിമൂസ പറയാറുണ്ടായിരുന്നു. ഇരു നാടുകളുടെയും നാട്ടുകാരുടെയും സ്‌നേഹവും സൗഹൃദവും അനുഭവിച്ചറിഞ്ഞ ആ ചരിത്രകാരന്‍ ഇനി നമക്ക് ഓര്‍മകള്‍ മാത്രം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."