എസ്.പി ബാലസുബ്രഹ്മണ്യത്തിന്റെ നില ഗുരുതരമായി തുടരുന്നു
ചെന്നൈ: കൊവിഡ് രോഗബാധയെത്തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന
ഗായകന്‍ എസ്.പി ബാലസുബ്രഹ്മണ്യത്തിന്റെ നില ഗുരുതരമായി തുടരുന്നതായി ഡോക്ടര്‍മാര്‍. പ്രമേഹസംബന്ധമായ അസുഖങ്ങളുള്ളതാണ് ആരോഗ്യനില മോശമാക്കുന്നത്. ചെന്നൈ എം.ജി.എം ഹെല്‍ത്ത് കെയര്‍ ആശുപത്രിയിലാണ് അദ്ദേഹം ചികിത്സയില്‍ കഴിയുന്നത്.
ശ്വസനസഹായിയുടെ സഹായത്തോടെയാണ് അദ്ദേഹം ഇപ്പോഴും ശ്വസിക്കുന്നത്. ആരോഗ്യനില സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.
കൊവിഡ് രോഗബാധ കണ്ടെത്തിയ ശേഷം വീട്ടില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു അദ്ദേഹം. പെട്ടെന്ന് ആരോഗ്യനില വഷളായതോടെയാണ് ഈ മാസം അഞ്ചിന് ആശുപത്രിയിലെത്തിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ചയോടെ നില വഷളാവുകയും ഐസിയുവിലേക്ക് മാറ്റുകയുമായിരുന്നു.
തിങ്കളാഴ്ച രാവിലെ നടന്‍ രജനീകാന്ത് അദ്ദേഹത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുന്നുവെന്നും, അപകടനില തരണം ചെയ്തു എന്നറിഞ്ഞതില്‍ സന്തോഷമെന്നും വീഡിയോ സന്ദേശം പുറത്തുവിട്ടിരുന്നു. എസ്പിബിയുടെ മകന്‍ തന്നെ, അദ്ദേഹത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടെന്നും, കുറച്ചുകൂടി എളുപ്പത്തില്‍ ശ്വാസമെടുക്കുന്നുവെന്നും വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."