അധികാരം
ഒന്ന്
പുരാതനമായ മുസ്‌ലിം തറവാടിന്റെ മുറ്റത്ത് കൂട്ടുകാരൊത്ത് ചുളളിയും വടിയും കളിക്കുമ്പോള്‍ തെറിച്ച ചുളളി മുറ്റത്തെ തൊട്ടപ്പുറത്തുളള ടാറിടാത്ത റോഡിലൂടെ പോയ ഓട്ടോറിക്ഷയുടെ ഇരുമ്പ് ബോഡിയില്‍ തട്ടിയുരഞ്ഞു. ഉച്ചത്തിലുളള ശബ്ദം കേട്ട് നിര്‍ത്തിയ ഓട്ടോറിക്ഷയില്‍ നിന്നു കാക്കിയിട്ട ഡ്രൈവര്‍ മുന്നിലെ പല്ലുകള്‍ അമര്‍ത്തിയും രൂക്ഷമായ നോട്ടത്തോടെയും ആ ഏഴാം ക്ലാസ്സുകാരനെ ലക്ഷ്യമാക്കി നടന്നു. അതുവരേക്കും ഇതുപോലൊരു മുഖം കണ്ടിട്ടില്ലാത്തത് കൊണ്ട് ഏഴാം ക്ലാസ് വിദ്യാര്‍ഥി ഭയത്താല്‍ മുങ്ങിപ്പോയി. അങ്ങനെ കാക്കിയെക്കുറിച്ചുളള ഭയം ആദ്യമായി മനസില്‍ വേരുറക്കാന്‍ തുടങ്ങി.
കാക്കി അധികാരത്തിന്റെതാണെന്നും കാക്കിയുടുത്തവര്‍ക്ക് ശിക്ഷിക്കാന്‍ അധികാരമുണ്ടെന്നുമുളള ചിന്ത ഏഴാം ക്ലാസ്സുകാരന്റെ തലയില്‍ സ്ഥാപിക്കപ്പെട്ടു. പകല്‍ സമയങ്ങളിലെ ചിന്തകളിലും രാത്രിയിലെ സ്വപ്നങ്ങളിലും ഈ ഭയത്തിന്റെ മേഘങ്ങള്‍ വന്നുമൂടാന്‍ തുടങ്ങി. കുറച്ച് ദിവസങ്ങള്‍ അങ്ങനെ കടന്നുപോയി. പിന്നെ മനസിന്റെ സജീവമായ ചിന്തകളില്‍ നിന്നു ചുളളിയും വടിയും കാക്കിയും വിട്ടുനിന്നു.
രണ്ട്
കോളജിലെ പഠനകാലത്ത് കമ്മ്യൂണിസ്റ്റ് വിദ്യാര്‍ഥി സമരത്തിന്റെ തീവഴികളിലൂടെ നടന്നപ്പോഴും സമരമുഖങ്ങളില്‍ പിന്നില്‍ വിദ്യാര്‍ഥികളും ഒപ്പം നേതാക്കളുമുണ്ടായിട്ടും, മുഖാമുഖം നിന്ന കാക്കിയിട്ട പൊലിസുകാരുടെ തൊപ്പികളില്‍ ചുളളിയും വടിയും ഓട്ടോഡ്രൈവറുടെ ചിത്രവും തെളിഞ്ഞുവരുന്നതായി തോന്നി.
മൂന്ന്
പഴയ ഏഴാം ക്ലാസ് വിദ്യാര്‍ഥി ഇന്ന് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അറിയപ്പെടുന്ന സൈദ്ധാന്തികാചാര്യനാണ്. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവും പാര്‍ട്ടിയും വെല്ലുവിളി നേരിട്ടപ്പോഴും ചൈനയെ ചൂണ്ടികാട്ടി മുതലാളിത്തവത്ക്കരിക്കപ്പെട്ട കമ്മ്യൂണിസം എന്ന് പരിഹസിക്കപ്പെട്ടപ്പോഴും ഈ ദേഹം പുതിയകാലത്തെ വിപ്ലവപ്രക്രിയകളെക്കുറിച്ചും മാറിയ സാഹചര്യങ്ങളില്‍ അതിന്റെ നിലപാടുകള്‍ വിശദമാക്കിയും ലേഖനസമാഹാരങ്ങള്‍ പുറത്തിറക്കി. ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്ന പാര്‍ട്ടിയും പിന്നെ അണികളും എല്ലാം ഈ ദേഹത്തെ വലയം ചെയ്യുന്നുണ്ടെങ്കിലും പഴയ ഏഴാം ക്ലാസ്സുകാരനില്‍ ചുളളിയുടെ പ്രഹരമേറ്റ് ബലക്ഷയം വന്ന ഹൃദയത്തിന്റെ കോണിലെവിടെയോ ഒരു കമ്പനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."