മാവോയിസ്റ്റ് ഭീഷണി: കേന്ദ്രസേന റൂട്ട് മാര്‍ച്ച് നടത്തി
താമരശ്ശേരി: മാവോയിസ്റ്റ് ഭീഷണി നിലനില്‍ക്കുന്ന മേഖലകളായ പുതുപ്പാടിയിലും കോടഞ്ചേരിയിലും കേന്ദ്ര സേന റൂട്ട് മാര്‍ച്ച് നടത്തി. പുതുപ്പാടി പഞ്ചായത്തിലെ അടിവാരം മുതല്‍ മൈലള്ളാംപാറ വരെയാണ് 45 അംഗ സായുധ സേന റൂട്ട് മാര്‍ച്ച് നടത്തിയത്. ചുരം മേഖലയിലും കണ്ണപ്പന്‍കുണ്ട്, മട്ടിക്കുന്ന്, എടുത്തുവച്ചകല്ല് പ്രദേശങ്ങളിലും മാവോയിസ്റ്റ് സാന്നിധ്യം പതിവായ സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പിന്റെ മുന്നോടിയായി കേന്ദ്രസേന റൂട്ട് മാര്‍ച്ച് നടത്തിയത്. അടിവാരം അങ്ങാടിയില്‍നിന്ന് ആരംഭിച്ച് ദേശീയപാതയിലൂടെ വെസ്റ്റ് കൈതപ്പൊയിലിലെത്തി തുടര്‍ന്ന് മണല്‍വയല്‍, കണ്ണപ്പന്‍കുണ്ട് വഴി മൈലള്ളാംപാറ വരെയായിരുന്നു മാര്‍ച്ച്. പുതുപ്പാടിയിലെ ആറോളം ബൂത്തുകള്‍ മാവോയിസ്റ്റ് ഭീഷണിയുള്ളതായാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതേ തുടര്‍ന്ന് ബൂത്തുകള്‍ക്ക് കര്‍ശന സുരക്ഷ ഒരുക്കുന്നുണ്ട്. കോടഞ്ചേരി ടൗണില്‍ ഐ.ടി.ബി.പിയുടെ 60 സേനാംഗങ്ങള്‍ മാര്‍ച്ച് നടത്തി. കൂരോട്ട്പാറ, വട്ടച്ചിറ, തുഷാരഗിരി മേഖലയിലും കോടഞ്ചേരി എസ്.ഐ പി.കെ സുമേശിന്റെ നേതൃത്വത്തില്‍ റൂട്ട് മാര്‍ച്ച് നടത്തി.തണ്ടര്‍ബോള്‍ട്ട് ഉള്‍പ്പെടെയുള്ള സേനയെയാണ് ബൂത്തുകളുടെ സുരക്ഷക്കായി വിന്യസിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."