ഗന്നാ ഫെസ്റ്റില്‍ ഇന്ത്യന്‍ രുചിവൈവിധ്യങ്ങളൊരുക്കാന്‍ ഫോക്‌ലാന്റ് സംഘം ഫ്രാന്‍സിലേക്ക്
തൃക്കരിപ്പൂര്‍: ഇന്ത്യന്‍ രുചിവൈവിധ്യങ്ങളും കരകൗശല വൈദഗ്ധ്യങ്ങളും ഒരുക്കാന്‍ തൃക്കരിപ്പൂര്‍ ഫോക്‌ലാന്റ് സംഘം ഫ്രാന്‍സില്‍ നടക്കുന്ന ഗന്നാ ഫെസ്റ്റിലേക്ക് യാത്ര തിരിച്ചു.
യുനസ്‌കോയുടെ മേല്‍നോട്ടത്തില്‍ നടക്കുന്ന ഗന്നാ ഫെസ്റ്റിവലില്‍ ലോകത്തിലെ പല ഭാഗങ്ങളിലുള്ള കലാകാരന്‍മാര്‍ പങ്കെടുക്കും. ഗന്നാ ഫെസ്റ്റില്‍ ഇത് രണ്ടാം തവണയാണ് ഇന്ത്യന്‍ രുചികൂട്ടുകളൊരുക്കാനുള്ള ചുമതല തൃക്കരിപ്പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫോക്‌ലാന്റിന് ലഭിക്കുന്നത്.
ഇന്ത്യന്‍ രുചിക്കൂട്ടുകളോടൊപ്പം കരകൗശല പ്രദര്‍ശനവും നടക്കും. കെ രതി, അനീഷ രതീഷ്, ഇരട്ട സഹോദരിമാരായ ആതിര ജയരാജ്, ആരതി ജയരാജ് എന്നീ നലംഗ സംഘമാണ് കഴിഞ്ഞ ദിവസം ഫ്രാന്‍സിലേക്ക് യാത്ര തിരിച്ചത്.
കാസര്‍കോട് എടനിര്‍ സ്വദേശിനി രതി കഴിഞ്ഞ ഗനാ ഫെസ്റ്റില്‍ പങ്കെടുത്തിട്ടുണ്ട്. ഫോക്‌ലാന്റ് കലാകാരിയായ അനീഷ രതീഷ് നീലേശ്വരം സ്വദേശിനിയാണ്. കഫെ കുടുംബശ്രീയുടെ നേതൃത്വത്തിലാണ് രതി ഇന്ത്യന്‍ രുചികൂട്ടുകളൊരുക്കാന്‍ പ്രാവീണ്യം നേടിയത്. കഴിഞ്ഞ തവണ മലയാളിയുടെ എരിശ്ശേരിയും ഓലനും അവിയലും, പാല്‍പ്പായസവും ഉപ്പേരിയും കാളനും തയ്യാറാക്കി ഫെസ്റ്റിലെ താരമായിരുന്നു.
യുനസ്‌കോ പൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള കലാ രൂപങ്ങളെ തിരഞ്ഞെടുക്കാനുള്ള ഇന്റര്‍ ഗവണ്‍മെന്റല്‍ കമ്മിറ്റിയിലേക്ക് തെരഞ്ഞെടുത്തതിനാല്‍ ഇന്ത്യ ഉള്‍പ്പടെയുള്ള രാജ്യങ്ങളിലെ പൈതൃക പട്ടിക പരിശോധിച്ച് യുനസ്‌കോയുടെ പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള പാരീസില്‍ 2014 നവംബര്‍ 24 മുതല്‍ 28 വരെ നടന്ന യുനസ്‌കോ അസംബ്ലിയില്‍ പങ്കെടുത്തവരാണ് ഈ ഇരട്ട സഹോദരിമാര്‍. നാടോടി നൃത്തവും മോഹിനിയാട്ടവും അഭ്യസിച്ച ഇരുവരും ജനീവയില്‍ മോഹിനിയാട്ടവും അവതരിപ്പിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."