റബര്‍ നൈപുണ്യ വികസന പദ്ധതി; രണ്ടാംഘട്ടത്തിന് അംഗീകാരം
കോട്ടയം : പ്രധാന്‍മന്ത്രി കൗശല്‍ വികാസ് യോജന'(പി.എം.കെ.വി.വൈ.) പദ്ധതിപ്രകാരം കേരളത്തിലെ ചെറുകിടറബ്ബര്‍മേഖലയില്‍ നടപ്പാക്കുന്ന നൈപുണ്യവികസനപദ്ധതിയുടെ രണ്ടാംഘട്ട പരിശീലനപരിപാടികള്‍ക്ക് കേന്ദ്ര നൈപുണ്യവികസന-സംരംഭകത്വമന്ത്രാലയത്തിന്റെ അംഗീകാരം ലഭിച്ചു. രണ്ടാംഘട്ടത്തില്‍ തൊഴില്‍പരിചയത്തിന് അംഗീകാരം എന്ന പദ്ധതിഘടകത്തില്‍ കേരളം, കര്‍ണാടകം, തമിഴ്‌നാട്, ത്രിപുര,അസം എന്നീ സംസ്ഥാനങ്ങളിലായി 22,000 പേര്‍ക്ക് പരിശീലനം നല്‍കാനാണ് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുള്ളത്. കേന്ദ്ര നൈപുണ്യവികസനകോര്‍പറേഷനും റബ്ബര്‍ സ്‌കില്‍ ഡെവലപ്‌മെന്റ് കൗണ്‍സിലുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.
രണ്ടാംഘട്ട പരിശീലനപരിപാടികളില്‍ റബ്ബര്‍ടാപ്പര്‍, പ്രോസസിങ് ടെക്‌നീഷ്യന്‍, തോട്ടം തൊഴിലാളി, റബ്ബര്‍നഴ്‌സറി തൊഴിലാളി എന്നീ ജോബ് റോളുകളിലാണ് പരിശീലനം നല്‍കുക. കേരളത്തില്‍ രണ്ടാംഘട്ട പരിശീലനപരിപാടികള്‍ മേയ് 2-നും മറ്റു സംസ്ഥാനങ്ങളില്‍ മേയ് 15-നും ആരംഭിക്കും.
ടാപ്പര്‍മാര്‍ക്കും സംസ്‌കരണമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കുമായി നടത്തിയ നൈപുണ്യവികസനപദ്ധതിയുടെ ആദ്യഘട്ടപരിശീലനപരിപാടികളില്‍ 10,000 പേര്‍ പങ്കെടുത്ത് വിജയകരമായി പരിശീലനം പൂര്‍ത്തിയാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."