'അദ്ഭുതമാണ് മലപ്പുറം'-കരിപ്പൂര്‍ രക്ഷാപ്രവര്‍ത്തനത്തെ പ്രകീര്‍ത്തിച്ച് മനേകാ ഗാന്ധി
മലപ്പുറം: കരിപ്പൂര്‍ വിമാനാപകടത്തില്‍ സ്വന്തം ജീവന്‍ പണയം വെച്ച് രക്ഷാപ്രവര്‍ത്തനം നടത്തിയ മലപ്പുറത്തെ ജനങ്ങളെ പുകഴ്ത്തി മനേകാ ഗാന്ധി എം.പി. വിമാന ദുരന്തസമയത്ത് അത്ഭുതപ്പെടുത്തുന്ന പ്രവൃത്തിയാണ് രക്ഷാ പ്രവര്‍ത്തനത്തിനായി മലപ്പുറത്തെ ജനങ്ങള്‍ നടത്തിയതെന്നും ഇത്തരത്തിലുള്ള മനുഷ്യത്വം ഇനിയും പ്രതീക്ഷിക്കുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
രക്ഷാപ്രവര്‍ത്തനം വിശദീകരിച്ച് മൊറയൂര്‍ പഞ്ചായത്ത് യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി വി. അബ്ബാസ് മനേകാ ഗാന്ധിക്ക് അയച്ച ഇ. മെയില്‍ സന്ദേശത്തിനുള്ള മറുപടിയിലാണ് മനേകാ ഗാന്ധിയുടെ പരാമര്‍ശം.
നേരത്തെ, പാലക്കാട് ജില്ലയില്‍ സ്ഫോടകവസ്തു കഴിച്ച് ആന ചരിഞ്ഞ സംഭവം മലപ്പുറം ജില്ലയിലാണെന്ന് കരുതി മനേകാ ഗാന്ധി നടത്തിയ പരാമര്‍ശം വിവാദമായിരുന്നു.
ഇതില്‍ പ്രതിഷേധമറിയിച്ചു മൊറയൂര്‍ യൂത്ത് ലീഗ് അയച്ച സന്ദേശത്തിനും അന്നു എം.പി മറുപടി നല്‍കിയിരുന്നു. മലപ്പുറം മനോഹരമായ ചരിത്രമുള്ള നാടാണെന്നും വനംവകുപ്പില്‍ നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണു മലപ്പുറത്തെ പരാമര്‍ശിച്ചതെന്നുമായിരുന്നു അന്നത്തെ വിശദീകരണം.
കൊവിഡ് വ്യാപന സാധ്യതയും വിമാനത്തിനു തീപിടിച്ചുണ്ടായേക്കാവുന്ന അപകടവും വകവയ്ക്കാതെയാണ് കരിപ്പൂരില്‍ ജനങ്ങള്‍ രക്ഷാപ്രവര്‍ത്തനത്തിനെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."