പൊലിസ് മേധാവിയുടെ ഉത്തരവ് ലംഘിച്ച് ബൈക്കുവേട്ട
കാസര്‍കോട്: ജില്ലാ പൊലിസ് മേധാവിയുടെ ഉത്തരവ് ലംഘിച്ച് കാസര്‍ക്കോട്ടെ ഇടറോഡുകളില്‍ പൊലിസിന്റെ ബൈക്കുവേട്ട. വര്‍ഗീയ സംഘര്‍ഷത്തിന് സാധ്യതയുള്ളതിനാല്‍ രാത്രികാല വാഹന പരിശോധനക്കും ബൈക്കുകള്‍ വ്യാപകമായി പരിശോധന നടത്തുന്നതിനും ജില്ലാ പൊലിസ് മേധാവി നല്‍കിയ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ അപകടം സാധ്യതയുള്ളതും പരിശോധന നിരോധനമുള്ള ഇടറോഡുകളിലാണ് രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ വാഹനം പരിശോധിക്കുന്നത്. ജില്ലാ പൊലിസ് മേധാവിയുടെ ഉത്തരവു ലംഘിച്ചു നടക്കുന്ന ബൈക്കു വേട്ടക്കെതിരേ ജില്ലാ ടൂവിലേഴ്‌സ് അസോസിയേഷന്‍ ഡി.ജി.പിക്ക് പരാതി നല്‍കി.
കാസര്‍കോട് നഗരത്തിന്റെ വിവിധ ഇടറോഡുകളില്‍ ബൈക്കുകള്‍ അടക്കമുള്ള വാഹനങ്ങള്‍ പരിശോധിക്കുന്നത് അപകട സാധ്യത കൂട്ടുവാന്‍ ഇടയാക്കുമെന്ന് ചൂണ്ടിക്കാട്ടി ടൂവീലേഴ്‌സ് അസോസിയേഷന്‍ ജില്ലാ പൊലിസ് മേധാവിക്ക് പരാതി നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് വര്‍ഗീയ സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നതിനാല്‍ രാത്രികാല വാഹന പരിശോധന കര്‍ശനമാക്കാന്‍ നിര്‍ദേശിച്ചതെന്ന് ജില്ലാ പൊലിസ് മേധാവി അറിയിച്ചിരുന്നു. ഇടറോഡുകളില്‍ വച്ചുള്ള വാഹന പരിശോധന പാടില്ലെന്നും സൗകര്യപ്രദമായ റോഡുകളില്‍ വെച്ചുമാത്രമേ വാഹന പരിശോധന പാടുള്ളൂവെന്നും ഉത്തരവില്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഇപ്പോഴും ഇടറോഡുകളില്‍ വാഹന പരിശോധന പൊലിസ് നടത്തുകയാണ്. ഇതിനെ തുടര്‍ന്നാണ് കാസര്‍കോട് ജില്ലാ ടൂവീലേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് കൊപ്പല്‍ അബ്ദുല്ല ഡി.ജി.പിക്ക് പരാതി നല്‍കിയിരിക്കുന്നത്. കാസര്‍കോട് നഗരത്തിലെ റെയില്‍വെ സ്‌റ്റേഷനിലേക്ക് പോകുന്ന ഇടറോഡുകളിലും ജനറല്‍ ആശുപത്രിയുടെ പിന്‍വശത്തുള്ള നായക്‌സ് റോഡും ഉള്‍പ്പെടെയുള്ള റോഡുകളില്‍ പൊലിസിന്റെ പരിശോധന മിക്ക ദിവസങ്ങളിലും നടക്കുന്നുണ്ട്. ജില്ലയുടെ മറ്റുമേഖലകളിലും ഇതേ രീതി തന്നെയാണ് പൊലിസ് തുടരുന്നതെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. ചെറിയ റോഡുകളില്‍ വച്ചുള്ള വാഹന പരിശോധന റോഡില്‍ ഗതാഗത കുരുക്കുണ്ടാക്കുന്നതിനും അപകടം വരുത്തുന്നതിനും വഴിവെക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."