ശബരിമല: നിയമനിര്‍മാണം നടത്താത്തത് മോദി സര്‍ക്കാരിന്റെ ഗുരുതര വീഴ്ച; മുല്ലപ്പള്ളി രാമചന്ദ്രന്‍
കല്‍പ്പറ്റ: ശബരിമലയുമായി ബന്ധപ്പെട്ട് സുപ്രിംകോടതി വിധിക്ക് ശേഷം വിശ്വാസികളുടെ ഭാഗത്ത് നിന്നും നിരന്തരമായി പ്രതിഷേധങ്ങളുയര്‍ന്നിട്ടും നിയമനിര്‍മാണം നടത്താത്തത് കേന്ദ്രസര്‍ക്കാരിന്റെ ഗുരുതര വീഴ്ചയാണെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍.
കല്‍പ്പറ്റയില്‍ യു.ഡി.എഫ് മീഡിയാസെന്ററില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സുപ്രിംകോടതി വിധി വന്ന ശേഷം രണ്ട് തവണ ലോക്‌സഭാസമ്മേളനം വിളിച്ചുചേര്‍ത്തിട്ടും, ഭരണസംവിധാനം ഉപയോഗിച്ച് പ്രശ്‌നത്തിന് പരിഹാരം കാണാന്‍ എല്ലാവിധ സാഹചര്യങ്ങളുമുണ്ടായിട്ടും അത് കണ്ടില്ലെന്ന് നടിച്ചുകൊണ്ടാണ് ബി.ജെ.പിയും മോദിയും മുന്നോട്ടുപോയത്. 2019-ല്‍ അധികാരത്തിലെത്തിയാല്‍ വിശ്വാസികളുടെ ആവശ്യം സംരക്ഷിക്കുമെന്നാണ് തിരുവനന്തപുരത്ത് വെച്ച് പറഞ്ഞത്.
ഇത് തെരഞ്ഞെടുപ്പ് വാഗ്ദാനം മാത്രമാണെന്ന് ജനങ്ങള്‍ തിരിച്ചറിയും. എല്ലാവിധ സാഹചര്യങ്ങളുമുണ്ടായിട്ടും വിഷയത്തില്‍ നിയമനിര്‍മാണം കൊണ്ടുവരാന്‍ സാധിക്കാത്തത് വിശ്വാസികളോടുള്ള വഞ്ചനയാണ്. ഇപ്പോള്‍ അദ്ദേഹത്തിന് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഒന്നും പറയാനില്ലാത്ത അവസ്ഥയാണ്. ചെയ്ത വികസനങ്ങളെ കുറിച്ചോ, ചെയ്യാനിരിക്കുന്ന കാര്യങ്ങളെ കുറിച്ചോ ഒന്നും പറയാനില്ലാത്ത അവസ്ഥയില്‍ ആശയപ്രതിസന്ധിയില്‍ നില്‍ക്കുകയാണ് മോദിയെന്നും മുല്ലപ്പള്ളി പറഞ്ഞു.
ശബരിമലയിലെ വിശ്വാസവുമായി ബന്ധപ്പെട്ട് എന്ത് നിലപാടാണ് സ്വീകരിച്ചതെന്ന് ബി.ജെ.പിയും മോദിയും വ്യക്തമാക്കണം. സുപ്രിംകോടതി വിധി വന്നതിന് ശേഷം പതിനായിരക്കണക്കിന് സ്ത്രീകളാണ് നാമജപയാത്രയുമായി തെരുവിലിറങ്ങിയത്. സുപ്രിംകോടതിയില്‍ റിവ്യൂ കൊടുക്കാന്‍ തയാറാകണമെന്ന് കോണ്‍ഗ്രസ് സംസ്ഥാന സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചിരുന്നു. എന്നാല്‍ അവരതിന് തയാറായില്ല. വിശ്വാസികള്‍ക്കൊപ്പം നിന്നുകൊണ്ട് തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് മുന്‍പ്രസിഡന്റിനെ കൊണ്ട് കോണ്‍ഗ്രസ് റിവ്യൂ ഹര്‍ജി നല്‍കുകയാണ് ചെയ്തത്. ബി.ജെ.പിയാവട്ടെ അപ്പോഴും മൂകരായി നില്‍ക്കുകയായിരുന്നു. ഇതെല്ലാം ജനങ്ങള്‍ തിരിച്ചറിയുമെന്നും അദ്ദേഹം പറഞ്ഞു. കെ.പി.സി.സി ജനറല്‍ സെക്രട്ടറി കെ.പി അനില്‍കുമാറും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."