ഡയസ്നോണ്‍ പ്രഖ്യാപിച്ചു; കെ.എസ്.ആര്.ടി.സി മെക്കാനിക്കല്‍ ജീവനക്കാര്‍ സമരം തുടരും
തിരുവനന്തപുരം: ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ അംഗീകരിക്കില്ലെന്നും സമരവുമായി മുന്നോട്ടുപോവുമെന്നും കെ.എസ്.ആര്.ടി.സിയിലെ മെക്കാനിക്കല്‍ ജീവനക്കാര്‍. ട്രേഡ് യൂണിയന് നേതാക്കളുമായുള്ള ചര്‍ച്ചകള്‍ക്കൊടുവില്‍ സമരം ഒത്തുതീര്‍പ്പായതായി ഗതാഗത മന്ത്രി തോമസ് ചാണ്ടി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ ഒത്തുതീര്‍പ്പുവ്യവസ്ഥ അംഗീകരിക്കില്ലെന്ന് പറഞ്ഞ് തൊഴിലാളികള്‍ രംഗത്തെത്തി. അതേസമയം, സമരത്തിനെതിരേ ഡയസ്നോണ്‍ പ്രഖ്യാപിച്ചു. സമരം തുടരുന്ന തൊഴിലാളികളെ പിരിച്ചുവിടുമെന്ന് എം.ഡി രാജമാണിക്യം മുന്നറിയിപ്പ് നല്കി.
പുതിയ ഷിഫ്റ്റ് സമ്പ്രദായം അംഗീകരിക്കില്ലെന്നും സമരം ശക്തമായി തുടരുമെന്നും ജീവനക്കാര്‍ വ്യക്തമാക്കി. ഇന്നലെ രാവിലെ മന്ത്രിയും യൂണിയനുകളുമായി നടത്തിയ ചര്‍ച്ചയിലാണ് സമരം അവസാനിപ്പിക്കാന്‍ ധാരണയായത്. സിംഗിള്‍ ഡ്യൂട്ടി പിന്‍വലിക്കില്ലെന്നും ദിവസേനയുള്ള മൂന്ന് ഷിഫ്റ്റ് കൂടാതെ രാത്രി ഏഴു മുതല്‍ രാവിലെ ഏഴുവരെയുള്ള 12 മണിക്കൂര്‍ സ്പെഷ്യല്‍ ഡ്യൂട്ടി കൂടി ഏര്‍പ്പെടുത്താനും യോഗത്തില്‍ തീരുമാനമായിരുന്നു.
രാവിലെ ഏഴു മുതല്‍ ഉച്ചയ്ക്ക് രണ്ട് വരെ, ഉച്ചയ്ക്ക് രണ്ടു മുതല്‍ രാത്രി എട്ടുവരെ, എട്ടു മുതല്‍ പുലര്‍ച്ചെ രണ്ടു വരെ എന്നിങ്ങനെയുള്ള ഷിഫറ്റ് നിലനിര്‍ത്തിക്കൊണ്ടാണിത്.
തുടര്‍ച്ചയായ രാത്രി ഡ്യൂട്ടി ഒഴിവാക്കാനും തീരുമാനിച്ചു. ബസുകളുടെ അറ്റകുറ്റപ്പണികള്‍ നടത്തുന്നത് രാത്രികാലത്തേക്ക് മാറ്റുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. ഒത്തുതീര്‍പ്പ് ധാരണകള്‍ യൂണിയന് നേതാക്കള്‍ അംഗീകരിക്കുകയും ചെയ്തു.
ഇത് തൊഴിലാളികളെ അറിയിച്ചപ്പോഴാണ് പ്രശ്നമായത്. ഒരു കാരണവശാലും ഈ വ്യവസ്ഥകള്‍ അംഗീകരിച്ച് സമരം പിന്‍വലിയ്ക്കില്ലെന്ന് അവര്‍ അറിയിച്ചു. പണിമുടക്കിനെ തുടര്‍ന്ന് അറ്റകുറ്റപ്പണികള്‍ മുടങ്ങിയതോടെ സര്‍വിസുകള്‍ താളംതെറ്റിയിരുന്നു. ദീര്‍ഘദൂര സര്‍വിസുകളെയാണ് ഏറെയും ബാധിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."