മരിച്ചവരെ ചികിത്സിക്കുന്ന ആശുപത്രികള്‍ക്ക് മനുഷ്യവകാശകമ്മിഷന്റെ കടിഞ്ഞാണ്‍ തീവ്രപരിചരണ വിഭാഗത്തില്‍ സി.സി.ടി.വി സ്ഥാപിക്കണമെന്ന് ഉത്തരവ്
കൊച്ചി: കൊള്ളലാഭത്തിനായി മരിച്ചവരെ പോലും തീവ്രപരിചരണ വിഭാഗത്തില്‍ കിടത്തി ചികിത്സനടത്തുന്ന ആശുപത്രികള്‍ക്ക് കടിഞ്ഞാണിടാന്‍ മനുഷ്യാവകാശ കമ്മിഷന്‍ രംഗത്ത്. തിവ്രപരിചരണ വിഭാഗത്തിലും ഓപ്പറേഷന്‍ തിയേറ്ററിലും സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിക്കാന്‍ സര്‍ക്കാരിനോട് കമ്മിഷന്‍ ആവശ്യപ്പെട്ടു. രോഗിക്ക് നല്‍കുന്ന ചികിത്സയുടെ വിശദാംശങ്ങള്‍ മുറിക്ക് പുറത്ത് കാത്തിരിക്കുന്ന ബന്ധുക്കള്‍ക്ക് തത്സമയം ദൃശ്യരൂപത്തില്‍ കാണാന്‍ കഴിയണമെന്ന് കമ്മിഷന്‍ നിര്‍ദ്ദേശിച്ചു. ഒമാനില്‍ ഡോക്ടറായ സജീവ് ഭാസ്‌കര്‍ സമര്‍പ്പിച്ച പരാതിയിലാണ് കമ്മിഷന്റെ നടപടി.
മരിച്ച രോഗികളെ ദിവസങ്ങളോളം വെന്റിലേറ്ററില്‍ കിടത്തി ചില സ്വകാര്യ ആശുപത്രികള്‍ വാടക വാങ്ങുന്നതായി ആക്ഷേപമുണ്ട്. മണിക്കുര്‍ കണക്കിലാണ് പല ആശുപത്രികളും വാടക ഈടാക്കുന്നത്. ഭീമമായ തുകയാണ് ഈ ഇനത്തില്‍ രോഗികളുടെ ബന്ധുക്കള്‍ക്ക് നഷ്ടമാകുന്നത്. ഇതു കൂടാതെ ബില്ല് വര്‍ധിപ്പിക്കുന്നതിനായി അനാവശ്യ ശസ്ത്രക്രിയകളും നടത്താറുണ്ട്. ഇത്തരം ആക്ഷേപങ്ങള്‍ പരിഹരിക്കുക എന്ന ഉദ്ദേശത്തോടെയാണ് തിവ്രപരിചരണ വിഭാഗത്തിലും ഓപ്പറേഷന്‍ തിയേറ്ററിലും സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിനായി സര്‍ക്കാര്‍ നിയമ നിര്‍മാണം നടത്തണമെന്നും ഉത്തരവില്‍ പറയുന്നു. ചീഫ് സെക്രട്ടറിക്കും ആരോഗ്യ, റവന്യൂ, തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറിമാര്‍ക്കുമാണ് ഉത്തരവ് നല്‍കിയിരിക്കുന്നത്. ചെയ്യാന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ ഒരു മാസത്തിനുള്ളില്‍ സര്‍ക്കാര്‍ സമര്‍പ്പിക്കണം.
ചികിത്സാ ചെലവുകള്‍ ഏകീകരിക്കാന്‍ പുതിയ നിയമത്തിന് കഴിയുമെന്ന് ഉത്തരവില്‍ പറയുന്നു. ഇതു വഴി ചികിത്സാ ചെലവ് ഗണ്യമായി കുറയ്ക്കാനാവും. ആവശ്യമുള്ള ചികിത്സ മാത്രം നല്‍കും. ചികിത്സാ മേഖലയിലെ അനഭിലഷണീയ പ്രവണതകള്‍ തടയാന്‍ കഴിയും. ഇത്തരം പ്രവണതകള്‍ അധികൃതര്‍ കണ്ടില്ലെന്ന് നടിക്കാറാണ് പതിവ്.
താന്‍ നല്‍കുന്ന ചികിത്സ ബന്ധുക്കള്‍ തത്സമയം കാണുണ്ടെന്ന് വരുമ്പോള്‍ ഡോക്ടര്‍ക്ക് കൂടുതല്‍ ഉത്തരവാദിത്വമുണ്ടാകും. ചികിത്സാപിഴവ് ഒഴിവാക്കാനാവും. ചികിത്സക്കിടയില്‍ രോഗി മരിക്കുന്ന സന്ദര്‍ഭങ്ങള്‍ കുറയ്ക്കാനാവുമെന്നും കമ്മിഷന്‍ ആക്റ്റിംഗ് അധ്യക്ഷന്‍ പി മോഹനദാസ് പറഞ്ഞു. സംസ്ഥാനത്തെ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളുടെ തീവ്രപരിചരണ വിഭാഗങ്ങള്‍, ഓപ്പറേഷന്‍ തിയേറ്റര്‍ എന്നിവിടങ്ങളില്‍ അടച്ചിട്ട മുറിക്കുള്ളില്‍ നടക്കുന്ന ചികിത്സ രോഗികളുടെ ബന്ധുക്കളില്‍ ആശങ്കയുണ്ടാക്കുന്നുണ്ടെന്നും കമ്മിഷന്‍ ചൂണ്ടിക്കാട്ടി.
ജീവിക്കാനുള്ള അവകാശം മനുഷ്യന് ഭരണഘടനാദത്തമായി സിദ്ധിച്ചതാണ്. മികച്ച ചികിത്സ ലഭിക്കാനുളള അവകാശം ഇതില്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്. സര്‍ക്കാര്‍ ഇതുപോലുള്ള ജനോപകാരപ്രദമായ നിയമനിര്‍മ്മാണങ്ങള്‍ കൊണ്ടു വന്ന് ആരോഗ്യമേഖലയിലെ സംശുദ്ധി ഉറപ്പുവരുത്തണമെന്ന് കമ്മിഷന്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."