വിശാലിന്റെ ഹൃദയം ഇനി സന്ധ്യയില്‍ മിടിക്കും
കൊച്ചി: എയര്‍ ആംബുലന്‍സ് സംവിധാനം പ്രയോജനപ്പെടുത്തിയുള്ള സംസ്ഥാനത്തെ രണ്ടാമത്തെ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ എറണാകുളം ലിസി ആശുപത്രിയില്‍ നടന്നു. തൃശൂര്‍ ഒല്ലൂക്കര അത്താണിക്കല്‍ ചന്ദ്രന്റെ മകള്‍ സന്ധ്യ പ്രമോദി (27)നാണ് ശസ്ത്രക്രിയ നടത്തിയത്.
തിരുവനന്തപുരം ചേരാണി മുക്കോല സതീശ് വിലാസത്തില്‍ സതീശന്‍ നായരുടെ മകന്‍ വിശാലിന്റെ (15) ഹൃദയമാണ് അവയവദാനത്തിലൂടെ സന്ധ്യയ്ക്കു തുന്നിപ്പിടിപ്പിച്ചത്.
തൃശൂര്‍ പട്ടിക്കാട് പുളിയത്ത് വീട്ടില്‍ പ്രമോദിന്റെ ഭാര്യയാണ് സന്ധ്യ. തിരുവനന്തപുരത്തുനിന്നു നേവിയുടെ എയര്‍ ആംബുലന്‍സ് മുഖേനയാണ് ഹൃദയം കൊച്ചിയിലെത്തിച്ചത്. പെരിപാര്‍ട്ടം കാര്‍ഡിയോ മയോപ്പതി എന്ന അസുഖമാണ് സന്ധ്യയെ ബാധിച്ചിരുന്നത്. പ്രസവാനന്തരം സ്ത്രീകളെ ബാധിക്കുന്ന അപൂര്‍വരോഗമാണിത്. പ്രസവത്തിനു മൂന്നു മാസങ്ങള്‍ക്കു ശേഷമാണ് രോഗലക്ഷ ണങ്ങള്‍ കണ്ടുതുടങ്ങിയത്. തുടര്‍ന്നു തൃശൂരില്‍ വിവിധ ആശുപത്രിയില്‍ ചികിത്സ തേടിയെങ്കിലും കഴിഞ്ഞയാഴ്ചയോടെ ഹൃദയത്തിന്റെ പ്രവര്‍ത്തനം നിലച്ചുതുടങ്ങി.
ഹൃദയമാറ്റം ഏക പോംവഴിയായപ്പോഴാണ് സന്ധ്യയെ ലിസി ആശുപത്രിയില്‍ എത്തിച്ചത്. എട്ടു മാസം പ്രായമായ കുട്ടിയുണ്ട്. അവയവദാനത്തിനായി സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ച മൃതസഞ്ജീവനി വഴി രജിസ്റ്റര്‍ ചെയ്ത് അഞ്ച് ദിവസത്തിനുള്ളില്‍ ഹൃദയം ലഭിച്ചു. പ്രവര്‍ത്തനം നിലച്ച ഹൃദയവുമായി സന്ധ്യ അഞ്ചു ദിവസമായി വെന്റിലേറ്ററിലായിരുന്നു. അത്യാഹിത വിഭാഗക്കാര്‍ക്കായുള്ള മൃതസഞ്ജീവനിയുടെ സൂപ്പര്‍ അര്‍ജന്റ് ലിസ്റ്റിലാണ് സന്ധ്യയുടെ പേര് രജിസ്റ്റര്‍ ചെയ്ത്.72 മണിക്കൂര്‍ കഴിയുമ്പോള്‍ ഇതു പുതുക്കണം.
ഇത്തരത്തില്‍ രണ്ടു തവണ പുതുക്കി നല്‍കിയ ശേഷമാണ് ഹൃദയം ലഭിച്ചത്. തിങ്കളാഴ്ച വൈകിട്ടാണ് തിരുവന്തപുരം മെഡിക്കല്‍ കോളജില്‍ മസ്തിഷ്‌കമരണം സംഭവിച്ച വിദ്യാര്‍ഥിയുടെ അവയവമാറ്റത്തിനു ബന്ധുക്കള്‍ സന്നദ്ധമാണെന്ന് അറിയിച്ചത്. തുടര്‍ന്നു ലിസി ആശുപത്രി അധികൃതര്‍ മുന്‍ എം.പി പി. രാജീവ് മുഖേന മുഖ്യമന്ത്രിയെ ബന്ധപ്പെട്ടു. തിരുവനന്തപുരം, എറണാകുളം കലക്ടര്‍മാരോടു നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു.
തിങ്കളാഴ്ച രാത്രിതന്നെ ഡോക്ടര്‍മാരും നഴ്‌സുമാരടങ്ങിയ സംഘവും ഇന്നലെ രാവിലെ 6.30ന് നേവിയുടെ ഡോണിയര്‍ വിമാനത്തില്‍ ഡോ. ജോസ് ചാക്കോ പെരയപുറത്തിന്റെ നേതൃത്വത്തിലുള്ള സംഘവും തിരുവനന്തപുരത്തേക്കു തിരിച്ചു. ഹൃദയം വേര്‍പെടുത്തുന്ന ഓപറേഷന്‍ ഉച്ചയ്ക്ക് പന്ത്രണ്ടോടെ പൂര്‍ത്തിയാക്കിയ സംഘം തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നു 12.20നു കൊച്ചിയിലേക്കു പുറപ്പെട്ടു. 1.05നു കൊച്ചി നാവികസേനാ വിമാനത്താവളത്തിലെത്തിയ സംഘം എട്ടു മിനിറ്റു കൊണ്ടാണ് ആംബുലന്‍സില്‍ ലിസി ആശുപത്രിയിലെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."