ശത്രുത പ്രത്യയശാസ്ത്രമാക്കിയവര്‍ തീര്‍ത്ത ദുരന്തങ്ങള്‍
ലോകത്തിന്റെ മുമ്പില്‍ അടിക്കടി തലകുനിക്കേണ്ടി വരികയാണ് ഇന്ത്യന്‍ മതേതരത്വം. ഭരണകൂട ഒത്താശയോടെ ഭരണഘടനാദത്തമായ അധികാരങ്ങള്‍ ഒന്നിനു പിറകെ ഒന്നായി കൈയേറ്റങ്ങള്‍ക്ക് വിധേയമാവുന്നു. ഇന്ത്യന്‍ ഭരണഘടന അനുച്ഛേദം 21 ജീവനും വ്യക്തി സ്വാതന്ത്ര്യത്തിനും സംരക്ഷണം നല്‍കുന്നുണ്ട്. നിയമം വഴി സ്ഥാപിച്ചിട്ടുള്ള നടപടിക്രമം അനുസരിച്ചല്ലാതെ ആരുടെയും ജീവനോ വ്യക്തി സ്വാതന്ത്ര്യമോ ഇല്ലാതാക്കാന്‍ പാടുള്ളതല്ല. ഇത്ര വ്യക്തമാക്കി ഭരണഘടന വ്യവസ്ഥ ചെയ്തിട്ടുണ്ടെങ്കിലും വ്യക്തിസ്വാതന്ത്ര്യം ഇല്ലാതാക്കാന്‍ ഫാസിസ്റ്റ് ഗവണ്‍മെന്റ് ബോധപൂര്‍വ ശ്രമങ്ങള്‍ തുടരുകയാണ്. മുസ്‌ലിം, ക്രിസ്ത്യന്‍, പാഴ്‌സി സമുദായങ്ങളുടെ വിവാഹമോചന നിയമം ഹിന്ദു വിവാഹമോചന നിയമവുമായി സംയോജിപ്പിച്ചു ഏകീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരു സമിതിയെ ചുമതലപ്പെടുത്തിയ വിവരം സ്വാതന്ത്ര്യദിന പ്രഭാഷണത്തില്‍ നരേന്ദ്രമോദി പ്രഖ്യാപിച്ചു. വിവാഹം, വിവാഹമോചനം, സ്വത്തവകാശം തുടങ്ങിയ കാര്യങ്ങളില്‍ ഭരണഘടന മൗലികാവകാശമായി അംഗീകരിച്ച വ്യക്തിസ്വാതന്ത്ര്യത്തില്‍ ഇടപെടുകയല്ല ഒരു ഹിന്ദുകോഡ് കൊണ്ടുവരാന്‍ ഏകസിവില്‍കോഡ് മറയാക്കാനുള്ള ശ്രമങ്ങളാണ് വാസ്തവത്തില്‍ നടക്കുന്നത്.
രാജ്യം കടുത്ത തൊഴിലില്ലായ്മ നേരിടുന്നു, നിത്യോപയോഗ വസ്തുക്കളുടെ വില മണിക്കൂറുകള്‍ ഇടവിട്ട് വര്‍ധിക്കുന്നു, അയല്‍പക്ക രാജ്യങ്ങള്‍ ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുകയും അതിര്‍ത്തികളില്‍ നുഴഞ്ഞുകയറുകയും ചെയ്യുന്നു. ചൈന ലഡാക്കില്‍ അധിനിവേശം നടത്തിയ സ്ഥലത്തുനിന്ന് ഇതുവരെ പൂര്‍ണമായി പിന്മാറിയിട്ടില്ല. ഭീകരവാദികളെ നുഴഞ്ഞുകയറാന്‍ സഹായിച്ചു സിവിലിയന്മാരെയും പട്ടാളക്കാരെയും പാകിസ്താന്‍ വെടിവയ്ക്കുന്നു. നേപ്പാള്‍ ഇന്ത്യന്‍ ഭൂപ്രദേശം ഉള്‍പ്പെടുത്തി ഭൂപടം നിര്‍മിച്ചു പരസ്യപ്പെടുത്തുന്നു. നയതന്ത്ര നീക്കങ്ങള്‍ സജീവമാക്കാന്‍ ഇന്ത്യന്‍ വിദേശകാര്യ വകുപ്പിന് കഴിയുന്നില്ല. ഹിന്ദുത്വ അജന്‍ഡയില്‍ കുരുങ്ങി ഇന്ത്യന്‍ മതേതരത്വവും ജനാധിപത്യവും ശ്വാസം മുട്ടുകയാണിപ്പോള്‍. ആര്‍.എസ്.എസ് കാര്യാലയത്തില്‍ നിന്നാണ് ഭരണം നിയന്ത്രിക്കുന്നത്. തീവ്ര ഹിന്ദുത്വ ഭീകരതയുടെ മുഖം ദിവസം ചെല്ലുന്തോറും ഭാരതം അനുഭവിക്കുകയാണ്. കൊവിഡ് - 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകീകരിച്ചു രാജ്യത്തെ ജനങ്ങളുടെ ജീവന്‍ രക്ഷപ്പെടുത്താന്‍ ഫലപ്രദമായ പദ്ധതികള്‍ ഇല്ലാത്തതുകൊണ്ടാണ് വളരെ പെട്ടെന്ന് രോഗവ്യാപനത്തില്‍ ഇന്ത്യ ബഹുദൂരം മുന്നില്‍ എത്തിയത്.
ചോര പുരണ്ട കൈകള്‍ കഴുകി വൃത്തിയാക്കാനല്ല വീണ്ടും വീണ്ടും ചോര തേടുന്ന കൈകളാണ് നമുക്ക് കാണേണ്ടി വരുന്നത്. പള്ളി ബലമായി പൊളിച്ചു അമ്പലമുണ്ടാക്കാന്‍ ഭരണകൂട മിഷനറിയും ആര്‍.എസ്.എസും (അടിസ്ഥാനപരമായി രണ്ടും ഒന്നാണെങ്കിലും) അവിശ്രമം പ്രവര്‍ത്തിച്ച രാജ്യമാണ് ഭാരതം. മുസ്‌ലിം രാജ്യമായ യു.എ.ഇ സന്ദര്‍ശിച്ച അവസരം നരേന്ദ്രമോദി ആഗ്രഹം പ്രകടിപ്പിച്ചതനുസരിച്ച് അമ്പലം പണിയാന്‍ സ്ഥലവും ഫണ്ടും അനുവദിച്ച സൗഹൃദത്തിന്റെയും മതമൈത്രിയുടെയും ഉണര്‍ത്തുപാട്ട് മോദിയുടെ ബധിരത ബാധിച്ച കാതുകളും മനസും മസ്തിഷ്‌കവും കേള്‍ക്കാതെ പോയി. എല്ലാ മനുഷ്യരുടെയും വിശ്വാസങ്ങള്‍ മാനിക്കുന്ന പ്രത്യയശാസ്ത്രങ്ങളുമായി പുറം തിരിഞ്ഞുനിന്ന ഫാസിസവും കമ്മ്യൂണിസവും മാനവ സമൂഹത്തിന്റെ മനുഷ്യമുഖം വികൃതമാക്കിയ ആശയങ്ങളാണ്.
പഴയ കമ്മ്യൂണിസ്റ്റ് സോവിയറ്റ് റഷ്യയില്‍ 1922-1945 കാലയളവില്‍ മാത്രം 1558 മുസ്‌ലിം പള്ളികള്‍ പൊളിച്ചു. ഇതിന് കൃത്യമായ രേഖയുണ്ട് (കാസാന്‍ നഗരത്തില്‍ വിപ്ലവത്തിന് മുമ്പ് 66 ലക്ഷം മുസ്‌ലിംകള്‍ ഉണ്ടായിരുന്നു. വിപ്ലവം കഴിഞ്ഞപ്പോള്‍ പത്തു ലക്ഷമായി കുറഞ്ഞു. 13 പള്ളികള്‍ പാര്‍ട്ടി ഓഫിസാക്കി മാറ്റി. ഒരു പള്ളി മാത്രമാണ് അവശേഷിച്ചത്, അഖ്ബാറുല്‍ ഖലീജ് - 9. 1. 1991). മുസ്‌ലിംകളെ വ്രതമനുഷ്ഠിക്കാന്‍ അനുവദിച്ചില്ല. ഇസ്‌ലാമിക ചിഹ്നങ്ങളും വേഷങ്ങളും നിരോധിച്ചു. അറബി ഭാഷ പോലും നിരോധനത്തിന് വിധേയമായി. വിശുദ്ധ ഖുര്‍ആന്‍ കണ്ടെത്തിയാല്‍ രാജ്യദ്രോഹകുറ്റം ചുമത്തി ജയിലില്‍ അടക്കും (അധികമാളുകളും പിന്നീട് ജീവനോടെ തിരിച്ചുവരാറില്ല). ഇത്തരം കാര്യങ്ങള്‍ ചികഞ്ഞു നോക്കാന്‍ പ്രത്യേക കമ്മ്യൂണിസ്റ്റ് രഹസ്യ പൊലിസ് സദാസമയവും ചുറ്റിപ്പറ്റി നടക്കുമായിരുന്നു. ആശയദാരിദ്ര്യമുള്ള പ്രത്യയശാസ്ത്രങ്ങള്‍ ആശയ സമ്പന്നതയുള്ള ഇസ്‌ലാമിനെ ഭയക്കുകയും വെറുക്കുകയും ചെയ്തു. ഇപ്പോഴും അതിന് ശമനമായിട്ടില്ല. ഒന്നും രണ്ടും ലോക മഹായുദ്ധങ്ങളില്‍ കൊല്ലപ്പെട്ടതില്‍ അധികം മനുഷ്യരെ ഭീകരനായ ജോസഫ് സ്റ്റാലിന്‍ കൊന്നിട്ടുണ്ട്.നമ്മുടെ നാട്ടിന്‍പുറങ്ങളില്‍ നടക്കുന്ന പാര്‍ട്ടിയുടെയും യുവജന, വിദ്യാര്‍ഥി സംഘടനകളുടെയും സമ്മേളനങ്ങളില്‍ ആരാധ്യ പുരുഷനായി ജോസഫ് സ്റ്റാലിന്റെ പടം ഇപ്പോഴും പ്രദര്‍ശിപ്പിച്ചു വരുന്നു.
കമ്മ്യൂണിസ്റ്റ് ചൈനയിലെ ഷിന്‍ജിയാങ് പ്രവിശ്യയില്‍ ഭരണകൂടം പള്ളി പൊളിച്ച് ശൗചാലയം നിര്‍മിച്ചിരിക്കുകയാണ്. ഉയിഗൂര്‍ മുസ്‌ലിം വിഭാഗത്തിനെതിരേയുള്ള ഭരണകൂട ഭീകരതയുടെ അവസാനത്തെ തെളിവാണിത്. നേരത്തെ തകര്‍ത്ത പള്ളികളിലൊന്നിന്റെ സ്ഥാനത്താണ് ശൗചാലയം പണിതിരിക്കുന്നത്. മറ്റൊരു പള്ളിയുടെ സ്ഥാനത്ത് മദ്യവും സിഗരറ്റും അടക്കം വില്‍ക്കുന്ന ഷോപ്പും ആരംഭിച്ചെന്ന് റേഡിയോ ഫ്രീ ഏഷ്യ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഉയിഗൂര്‍ വിഭാഗത്തെ മതപരിവര്‍ത്തനത്തിനായി ക്രൂരമായ പീഡനങ്ങളാണ് ഷിന്‍ജിയാങ്ങില്‍ നടക്കുന്നതെന്ന് നിരവധി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഷി ജിന്‍പിങ്ങിന്റെ ഏകാധിപത്യങ്ങള്‍ക്ക് തടയിടാന്‍ അന്താരാഷ്ട്ര സംഘടനകള്‍ക്കും അറബ് രാജ്യങ്ങള്‍ക്കും സാധിക്കുന്നില്ല. മുസ്‌ലിം ജനവിഭാഗത്തെ സാംസ്‌കാരികമായും മതകീയമായും ഉന്മൂലനം ചെയ്യാനുള്ള ശ്രമങ്ങളാണ് ചൈനയില്‍ നടക്കുന്നത്. ഇതിന്റെ ഭാഗമായാണ് മതസ്ഥാപനങ്ങളെ തകര്‍ക്കുന്നതിനെ പരിഗണിക്കപ്പെടേണ്ടത്.
പശ്ചിമേഷ്യയില്‍ 1948 മുതല്‍ ചോര വീഴാത്ത ദിവസം പുലര്‍ത്തിയിട്ടില്ല. സാമ്രാജ്യ ശക്തികളുടെ മൂലധന താല്‍പര്യം മാത്രമല്ല ഒരു ജനവിഭാഗത്തിന്റെ സ്വതന്ത്ര വളര്‍ച്ച തടയുക കൂടി വിഷയമുണ്ട്. വംശീയ, വര്‍ഗീയ താല്‍പ്പര്യങ്ങള്‍ ലോക സമൂഹത്തിന് ലഭിക്കേണ്ടിയിരുന്ന എണ്ണമറ്റ അനുഗ്രഹങ്ങളാണ് നിഷേധിച്ചത്. 1970 കള്‍ക്ക് ശേഷം സുലഭമായി കണ്ടെത്തിയ പെട്രോളിയം സമ്പത്ത് ലോക ജനതയില്‍ വരുത്തിയ മാറ്റങ്ങള്‍ മന്ദഗതി പ്രാപിച്ചെങ്കില്‍ പ്രതിസ്ഥാനത്ത് സാമ്രാജ്യ ശക്തികള്‍ തന്നെയാണ്. അതി പുരാതന നാഗരികതകളാല്‍ സമ്പന്നമായ നിരവധി ചരിത്ര ശേഷിപ്പുകള്‍ സൂക്ഷിക്കുന്ന, ടൂറിസത്തിന് അനന്തസാധ്യതകളുള്ള ബാബിലോണിയയുടെ വാതിലുകള്‍ അടഞ്ഞുകിടക്കാന്‍ ആഗ്രഹിച്ചവര്‍ മാനവരാശിയുടെ പൊതുവികസനമാണ് തടഞ്ഞത്. നൈല്‍ നദി തടങ്ങളില്‍, ചാവുകടലില്‍ ഒളിഞ്ഞിരിപ്പുള്ള അപൂര്‍വ, വിലപിടിപ്പുള്ള വിഭവ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തിയിരുന്നെങ്കില്‍ മധ്യപൗരസ്ത്യ ദേശങ്ങളില്‍ മാത്രമല്ല അന്താരാഷ്ട്ര വിപണികളില്‍വരെ മികച്ച സാധ്യതകളുണ്ടായിരുന്നു. ചോര ദാഹികളായ സാമ്രാജ്യത്വ ദല്ലാളന്മാര്‍ കൗശലപൂര്‍വം കരുനീക്കങ്ങള്‍ നടത്തിയതുകൊണ്ട് വെടിയൊച്ചയുടെ നാടായി അവിടങ്ങള്‍ മാറുകയായിരുന്നു. സവര്‍ക്കര്‍ മുതല്‍ മോഹന്‍ ഭാഗവത് വരെ എത്തിനില്‍ക്കുന്ന തീവ്രഹിന്ദുത്വ ഭീകരതകളുടെ പ്രചാരകര്‍ കടംകൊണ്ടതും ഈ വൈദേശിക സമീപനങ്ങള്‍ തന്നെ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."